ന്യൂദല്‍ഹി: ജി20 ഉച്ചകോടിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ ലോഗോയുടെ ആശയം വസുധൈവ കുടുംബകം ആണ്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന മന്ത്രമാണ് ഈ ലോഗോ പുറത്തുകൊണ്ടുവരുന്നത്.
“ഇന്ത്യയ്ക്ക് ലോകത്തോടുള്ള അനുകമ്പയുടെ അടയാളമാണ് വസുധൈവ കുടുംബകം. താമര ലോകത്തെ ഒന്നിപ്പിക്കാനുള്ള ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെയും വിശ്വാസത്തെയും ചിത്രീകരിക്കുന്നു.”- ലോഗോ പുറത്തിറക്കുമ്പോള്‍ പ്രധാമന്ത്രി വിശദീകരിച്ചത് ഇങ്ങിനെയാണ്. “ഏത് പ്രതികൂല സാഹചര്യത്തിലും താമര ഇപ്പോഴും വിരിയുന്നുണ്ടെന്നും ഈ ലോഗോ പ്രതീക്ഷയുടെ അടയാളമാണ്”- മോദി കൂട്ടിച്ചേര്‍ത്തു.
നവമ്പര്‍ 15,16 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യ അധ്യക്ഷത വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. എന്നാല്‍ ലോഗായില്‍ പച്ചയും കാവിയും കലര്‍ന്ന ഭൂമിയെ താങ്ങുന്ന താമരയെ കോണ്‍ഗ്രസ് വിവാദമാക്കിയിരിക്കുകയാണ്. ജി20 ഉച്ചകോടി ലോഗോയില്‍ താമര ഇടം പിടിച്ചതില്‍ അത്ഭുതമില്ലെന്നും സ്വയം പ്രചാരം നല്കാന് കിട്ടുന്ന ഒരു അവസരവും മോദിയും ബിജെപിയും പാഴാക്കില്ലെന്നും ആയിരുന്നു കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റ്.
എന്നാല്‍ താമര ഇന്ത്യയുടെ ദേശീയ പുഷ്പമാണെന്ന കാര്യം മറക്കരുതെന്ന മറുപടിയാണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല നല്‍കുന്നത്. താമര ലക്ഷ്മീദേവിയുടെ ഇരിപ്പിടമാണ്. ദേശീയ പുഷ്പത്തെയും കോണ്‍ഗ്രസ് എതിര്‍ക്കുമോ ?- ഷെഹ്സാദ് പൂനവാല ചോദിക്കുന്നു.
കമല്‍നാഥിന്റെ പേരില്‍ കമല്‍ ഉള്ളതുകൊണ്ട് കോണ്‍ഗ്രസ് ആ പേര് എടുത്തുമാറ്റുമോ? കോണ്‍ഗ്രസ് നേതാവ് രാജീവ് എന്ന വാക്കിന്റെ അര്‍ത്ഥം താമര എന്നാണ്. അതില്‍ കോണ്‍ഗ്രസ് എന്തെങ്കിലും അജണ്ട കാണുന്നുണ്ടോ എന്നും ഷെഹ്സാദ് ചോദിച്ചു.
ഇന്തോനേഷ്യയിലെ ബാലിയില്‍ നവമ്പര്‍ 15,16 തീയതികളിലാണ് ജി20 ഉച്ചകോടി നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: