കൊട്ടാരക്കര: രണ്ടു ദിവസം പെയ്ത മഴയില്‍ തൃക്കണ്ണമംഗല്‍ റേഷന്‍ ഗോഡൗണില്‍ വെള്ളം കയറി 800 ചാക്കിലധികം ഭക്ഷ്യധാന്യങ്ങള്‍ നശിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. വെള്ളവും ചെളിയും അമോണിയം ഫോസ്ഫേറ്റും കലര്‍ന്ന ഭക്ഷ്യ ധാന്യങ്ങള്‍ നശിച്ച നിലയിലും ദുര്‍ഗന്ധം വ്യാപിച്ച നിലയിലാണ് ഗോഡൗണ്‍.
വെള്ളം കയറിയ ഗോഡൗണില്‍നിന്നും നനഞ്ഞുനശിച്ച ഭക്ഷ്യധാന്യങ്ങള്‍ കടത്തികൊണ്ട് പോകുന്നെന്ന് ആരോപിച്ച് ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ലോറി തടഞ്ഞിട്ടു. സ്ഥലത്തെത്തിയ താലൂക്ക് സപ്ലൈ ഓഫീസറുമായി ബിജെപി പ്രവര്‍ത്തകര്‍ വാക്കുതര്‍ക്കമുണ്ടായി. സപ്ലൈ ഓഫിസറെ മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു. കൊട്ടാരക്കര തഹസീല്‍ദാര്‍, പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലോഡും വാഹനവും ഉള്‍പ്പടെ അകത്തിട്ട് ഗോഡൗണ്‍ സീല്‍ ചെയ്തു.
പിന്നീട് തഹസീല്‍ദാരെയും പോലീസ് ഉദ്യോഗസ്ഥരെയും അറിയിക്കാതെ ഗോഡൗണ്‍ തുറന്നതിനെതിരെ പ്രതിഷേധമുണ്ടായി. ഇത് സംഘര്‍ഷവസ്ഥയിലെത്തി. അടിക്കടി കൊട്ടാരക്കരയില്‍ ഉണ്ടാകുന്ന ഭക്ഷ്യ സുരക്ഷ വീഴ്ചക്കെതിരെ വ്യാപകപ്രതിഷേധമുയരുന്നുണ്ട്. സമരത്തിന് ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ കാടാംകുളം രഞ്ജിത്ത് വിശ്വനാഥ്, സുരേഷ് അമ്പലപ്പുറം, രവി തിരുവട്ടൂര്‍, പ്രസാദ് പള്ളിക്കല്‍, ഗിരീഷ് കുമാര്‍, രാജീവ് കേളമത്, സബിത, രാജശേഖരന്‍, ഷാജഹാന്‍, ശശിധരന്‍, ദീപു, വിനോജ്, രവി, ശാമ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വെള്ളം കയറിയ ഗോഡൗണിലെ നശിച്ചുപോയ ഭക്ഷ്യധാന്യശേഖരം കാലി തീറ്റയ്‌ക്ക് നല്‍കണമെന്നോ നശിപ്പിച്ചു കളയണമോ എന്ന കാര്യം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തിനായി സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. മേല്‍ തട്ടിലെ ഭക്ഷ്യധാന്യങ്ങള്‍ ഈര്‍പ്പപരിശോധനയ്‌ക്കും ഗുണമേന്മാ പരിശോധനയ്‌ക്കും ശേഷമേ റേഷന്‍ കടകള്‍ക്ക് വിതരണം ചെയ്യാന്‍ നല്‍കൂ. അതുവരെ മറ്റൊരു ഗോഡൗണിലേക്ക് മാറ്റും.
അഴുകിയ ഭക്ഷ്യധാന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്ത് താത്കാലികമായി എടുത്ത ഗോഡൗണ്‍ ഒഴിണമെന്നും തഹസീദാര്‍ പി. ശുഭന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. യോഗത്തില്‍ തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ ജലജാ റാണി, ജില്ലാ സപ്ലൈ ഓഫിസര്‍ മോഹന്‍കുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ഡിസിസി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ഭക്ഷ്യവകുപ്പില്‍ വ്യാപകമായ അഴിമതിയാണ് നടക്കുന്നതെന്നും ഇക്കാര്യം വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്നും ഗോഡൗണ്‍ സന്ദര്‍ശിച്ച കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: