തൃശൂർ: കേരളത്തിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും അതിമാരക മയക്കുമരുന്നായ എംഡിഎംഎ മൊത്തക്കച്ചവടം നടത്തുന്ന വിദേശ സംഘം തൃശൂരിൽ പിടിയിൽ. ബംഗളുരു നഗരത്തിൽ യലഹങ്ക ആസ്ഥാനമാക്കി അധോലോക ലഹരിവിരുദ്ധ വിപണനം നടത്തുന്ന സുഡാൻ സ്വദേശി ഫാരിസ് മൊക്തർ ബാബികർ അലി (29) എന്ന ‘ഡോൺ’ ആണ് അറസ്റ്റിലായത്. പഠനാവശ്യത്തിനായി ഏഴ് വർഷം മുമ്പാണ് സുഡാനിൽ നിന്നും ഇയാൾ ഇന്ത്യയിലെത്തിയത്. ഇതിനുശേഷം വിസ നടപടിക്രമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു.
ഇയാളോടൊപ്പം താമസിച്ചിരുന്ന പലസ്തീൻ സ്വദേശി ഹസൈൻ (29) എന്നയാളും പിടിയിലായി. ഇവരിൽ നിന്നും 350 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇരുവരെയും നിയമനടപടികൾക്കായി ബംഗളുരു പോലീസിന് കൈമാറി. എംഡിഎംഎ വിതരണം ചെയ്യുന്ന കണ്ണിയിലെ പ്രധാനികളെയാണ് ഇപ്പോൾ തൃശൂർ സിറ്റി പോലീസ് പിടികൂടിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരേയും ചില്ലറ വിൽപ്പനക്കാരേയും ഇതിനുമുമ്പ് പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും, മയക്കുമരുന്ന് കള്ളക്കടത്ത് ചെയ്യുന്നവരേയും, മൊത്തക്കച്ചവടം നടത്തുന്നവരേയും പിടികൂടുന്നത് അപൂർവ്വമാണ്.
കഴിഞ്ഞ മെയ് മാസത്തിൽ മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 197 ഗ്രാം എംഡിഎംഎയുമായി ചാവക്കാട് സ്വദേശി ബുർഹാനുദീൻ (26) എന്നയാളെ പിടികൂടിയിരുന്നു. ചാവക്കാട്, കുന്നംകുളം മേഖലകളിൽ മയക്കുമരുന്ന് ചില്ലറ വിൽപ്പന നടത്താനായി കൊണ്ടുവരുന്നതിനിടെയാണ് ഇയാളെ ലഹരിവിരുദ്ധ സ്ക്വാഡ് പോലീസ് പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തതിൽ, ഇയാൾക്ക് മയക്കുമരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്നത് സുഡാൻ സ്വദേശിയാണെന്ന് വെളിപ്പെടുത്തുകയുണ്ടായി. തുടർന്ന് ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് മയക്കുമരുന്ന് ഇടപാട് നടത്തുന്ന സുഡാൻ സ്വദേശിയെ ബാംഗ്ലൂർ യലഹങ്കയിൽ വെച്ച് പിടികൂടിയത്.
മയക്കുമരുന്ന് സംഘത്തെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും തൃശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ നിരവധി തവണ ബംഗളുരു സന്ദർശിച്ചിരുന്നു. അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ബംഗളുരു പോലീസിൽ നിന്നും അറിവായത്. നിരവധി മലയാളി വിദ്യാർത്ഥികളും, ചെറുപ്പക്കാരും മയക്കുമരുന്നിന് അടിമപ്പെട്ടിട്ടുണ്ടെന്നും, മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി മലയാളികൾ ബംഗളുരു ജയിലിൽ കഴിയുന്നുണ്ടെന്നും ബംഗളുരു പോലീസ് വെളിപ്പെടുത്തുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: