ദോഹ: അറുപത്തിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് വെയ്ല്‍സ് ലോകകപ്പിനെത്തുന്നത്. അതു കാണാനായില്ലെങ്കില്‍ പിന്നെന്ത്. അതിനായി വീടു വയ്ക്കാന്‍ സ്വരൂപിച്ച പണം പോലും ചെലവാക്കും. ഇങ്ങനെ പണമെടുത്ത് വെയ്ല്‍സിനായി ആര്‍ത്തുവിളിക്കാന്‍ രണ്ടു സഹോദരിമാര്‍ ഖത്തറിലെത്തും. ഫുട്ബോളിന്റെ കടുത്ത ആരാധകരായ ലോറന് മക്നീയും അനുജത്തി കെറിനുമാണ് ലോകകപ്പ് ആവേശം ഉള്‍ക്കൊണ്ട് വീടിനായി സ്വരുക്കൂട്ടിയ പണമെടുത്ത് ഖത്തറിലെത്തുന്നത്.
ആദ്യ മത്സരത്തില്‍ വെയ്ല്‍സ് 21ന് അമേരിക്കയുമായി ഏറ്റുമുട്ടാനിറങ്ങുമ്പോള്‍ ഈ സഹോദരിമാര്‍ പിന്തുണയുമായി ഗ്യാലറിയിലുണ്ടാകും. ”വീടുണ്ടാക്കാന്‍ ഇനിയും കാലമേറെയുണ്ടല്ലോ? പക്ഷേ വെയ്ല്‍സിന്റെ കളി കാണാന്‍ ഇനി അവസരമുണ്ടായില്ലെങ്കിലോ? അതുകൊണ്ട് എന്തു ത്യാഗം സഹിച്ചും സ്വന്തം രാജ്യത്തിന്റെ കളി കാണണം. ഇത് ഒരിക്കല്‍ മാത്രം കിട്ടുന്ന സൗഭാഗ്യമാണ്”, ലോറന് പറയുന്നു. ”60 വര്‍ഷത്തിനു ശേഷമാണ് വെയ്ല്‍സ് ലോകകപ്പിനെത്തുന്നത്. ഇത്തവണ കളി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍… അല്ലെങ്കില്‍ വെയ്ല്‍സ് മറ്റൊരു ലോകകപ്പ് കളിക്കാന്‍ വീണ്ടും 60 വര്‍ഷം കാത്തിരിക്കേണ്ടി വന്നാലോ? അന്ന് ഞങ്ങള്‍ തൊണ്ണൂറുകളിലെത്തും. ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്നെ അന്ന് കളി കാണാന്‍ പോകാനും കഴിയില്ല”, കെറിന് പറയുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ഈ സഹോദരികള്‍ ഈ സ്വപ്നവുമായി വെയ്ല്‍സ് ദേശീയ ടീമിന് പിന്നാലെയാണ്. ഒടുവില്‍ ടീം ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ ഇരുവര്‍ക്കും ലോകം ജയിച്ചതുപോലുള്ള സന്തോഷമായിരുന്നു.
ലോറന് 34, കെറിന് 32 വയസ്സുണ്ട്. ചെറുപ്പം മുതല്‍ ഇരുവരും വെയ്ല്‍സിന്റെ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയങ്ങളിലെത്താറുണ്ട്. വെയ്ല്‍സിന് പുറത്ത് പലയിടങ്ങളിലും ഇരുവരും ടീമിന്റെ മത്സരം കാണാന്‍ പോയിട്ടുണ്ട്. ലോകകപ്പിനായി ഓരോരുത്തര്‍ക്കും 2500 പൗണ്ട് ചെലവിട്ടാണ് ആദ്യറൗണ്ട് മത്സരങ്ങള്‍ക്കായി സഹോദരിമാര്‍ എത്തുന്നത്. സെല്‍ഫ് കാറ്ററിങ് അപാര്‍ട്മെന്റാണ് ഇവര്‍ ദോഹയില്‍ താമസത്തിനായി ആശ്രയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: