ന്യൂദല്‍ഹി : അതിര്‍ത്തി ലംഘിച്ചെന്ന കുറ്റത്തില്‍ ഗിനിയില്‍ തടവിലായ ഇന്ത്യന്‍ നാവികരെ മോചിപ്പിക്കാന്‍ നയതന്ത്ര നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നാവികരെ തിരിച്ചെത്തിക്കുന്നതിനായി ഹൈക്കമ്മിഷണര്‍ ജി. സുബ്രഹ്മണ്യം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഇവരുടെ മോചനത്തിനായി കമ്പനി നൈജീരിയയിലെ ഫെഡറല്‍ കോടതിയെ സമീപിക്കുമെന്നും തടവില്‍ കഴിയുന്ന നാവികര്‍ക്ക് സന്ദേശം അയച്ചതായും റിപ്പോര്‍ട്ടുണ്ട്.
നാവികരുടെ മോചനത്തിനായി കപ്പലിന്റെ യാത്രയും നൈജീരിയയില്‍ പോയ വിവരങ്ങളും അടങ്ങുന്ന രേഖകള്‍ ഇവരുടെ കമ്പനി പുറത്തു വിട്ടിട്ടുണ്ട്. നാവികരുടെ മോചനത്തിനായി അന്താരാഷ്ട്ര കോടതിയെ സമീപിക്കുന്നതിനാണ് ഇത്. ഇക്വറ്റോറിയല്‍ ഗിനിയയിലെ നാവികസേന തടവിലാക്കിയ എംടി ഹിറോയിക് ഇഡുന്‍ കപ്പലിലെ ജോലിക്കാരായ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ഭക്ഷണവും വെള്ളവുമെത്തിച്ച് നല്‍കിയിരുന്നു. കപ്പലില്‍ തടവുകാരാക്കി പൂട്ടിയിട്ട ഇവരെ നൈജീരിയയ്ക്ക് കൈമാറാന്‍ നീക്കം നടത്തിയെങ്കിലും ഇന്ത്യന്‍ എംബസിയുടേയും വിദേശമന്ത്രാലയത്തിന്റേയും ഇടപെടലില്‍ അത് അവസാനിപ്പിക്കുകയായിരുന്നു.
മലയാളികള്‍ ഉള്‍പ്പടെയുള്ള നാവികരെയിപ്പോള് മാലബോയിലെ ഒരു തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടേക്കാണ് ഇന്ത്യന്‍ എംബസി ഭക്ഷണവും വെള്ളവും എത്തിച്ചത്. കപ്പലിലെ 26 ഇന്ത്യന്‍ ജീവനക്കാരുടെയും പാസ്പോര്ട്ടുകള് ഗിനിയന്‍ നേവി പിടിച്ചെടുത്തതായാണു സൂചന.
ഗിനിയിലെ തുറമുഖത്തു ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയ കപ്പലിലെ ജീവനക്കാരെ മറ്റൊരു രാജ്യമായ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കത്തിന്റെ കാരണം വ്യക്തമല്ല. പുറങ്കടലില്‍ നൈജീരിയന്‍ നാവികസേനയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്ന കുറ്റമാണ് നിലവില്‍ ആരോപിക്കുന്നത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ വന്‍തുക പിഴയടച്ച് മടങ്ങാന്‍ അനുമതി കാത്തുകിടക്കവെയാണ് നാവികരെ തടങ്കലിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: