തിരുവനന്തപുരം: ഖത്തര്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് പോരാട്ടം മുറുകുകയാണ്. അതിനിടെയാണ് ശ്രീജിത് പെരുമന എന്ന അഭിഭാഷകന് ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ട് മാറ്റണമെന്ന് കാട്ടി നല്കിയ പരാതി സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെ പുതിയ പോര്.
കോഴിക്കോട് പുള്ളാവൂരില്‍ പുഴയരികിലും തുരുത്തിലുമായി ഫുട്ബോള്‍ ആരാധകര്‍ കട്ട് ഔട്ടുകള്‍ മാറ്റാനാണ് ശ്രീജിത്ത് പെരുമന ചാത്തമംഗലം പഞ്ചായത്തിലടക്കം പരാതി നല്‍കിയത്. ആരാധകര്‍ ആദ്യം അര്‍ജന്റീന സൂപ്പര്‍ താരം മെസിയുടെ കട്ടൗട്ട് ആണ് പുഴയരികില്‍ സ്ഥാപിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വൈറലായി. തൊട്ടുപിന്നാലെ ആയിരുന്നു ശ്രീജിത്തിന്റെ പരാതി. പുഴയുടെ സ്വഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നെന്നും കട്ടൗട്ട് മാറ്റണമെന്നുമായിരുന്നു പരാതി. എന്നാല്‍, അധികൃതര്‍ പരാതി ഗൗനിച്ചില്ല. തൊട്ടുപിന്നാലെ ബ്രസീല്‍ ഫാന്‍സ് സൂപ്പര്‍ താരം നെയ്മറുടേയും പോര്‍ച്ചുഗല്‍ ഫാന്‍സ് റൊണാള്‍ഡോയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയരുകില്‍ സ്ഥാപിച്ചു. ഇതും വലിയ തോതില്‍ വൈറലായി. ഫിഫ അടക്കം ഇതിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തില്‍ പടര്‍ന്നിരിക്കുന്നു’ എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂര്‍ പുഴയിലെ ചിത്രം പങ്കുവെച്ചത്.
ഫുട്ബോള്‍ സൂപ്പര്‍ താരങ്ങളുടെ കട്ട് ഔട്ട് ചിത്രം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ച ഫിഫയോട് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു. കേരളവും മലയാളികളും എക്കാലവും ഫുട്ബോളിനെ സ്നേഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖത്തര്‍ ലോകകപ്പ് അടുത്തുവരവെ കേരളത്തിലെമ്പാടും അത് കാണാനാകും. കാല്പന്ത് കളിയോടുള്ള തങ്ങളുടെ സമാനതകളില്ലാത്ത വികാരം അംഗീകരിച്ചതിന് നന്ദിയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഇതിനു പിന്നാലെ മൂന്നു കട്ടൗട്ടുകളും മാറ്റണമെന്നു കാട്ടി ശ്രീജിത്ത് പെരുമന വീണ്ടും കൊടുവള്ളി നഗരസഭാ സെക്രട്ടറിക്ക് ഇമെയില്‍ വഴി പരാതി നല്കി. ഇതോടെ, ശ്രീജിത്തിനെതിരേ ഫുട്ബോള്‍ ആരാധാകര്‍ ഒന്നടങ്കം രംഗത്തെത്തി. കേസില്ലാ വക്കീലാണ് ശ്രീജിത്തെന്നും പ്രശസ്തി നേടാനുള്ള തരംതാണ ഇടപെടലുകളാണെന്നും ആരാധാകര്‍ ആരോപിച്ചു. മാത്രമല്ല, ലോകകപ്പ് തീരും വരെ കട്ടൗട്ടുകള്‍ അവിടെ തന്നെ കാണുമെന്നും ധൈര്യമുണ്ടേല്‍ മാറ്റിക്കാനും ആരാധകര്‍ വെല്ലുവിളിക്കുന്നുണ്ട്. കേരളത്തിലെ മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖര്‍ പുഴയരുകിലെ കട്ടൗട്ടുകളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: