തിരുവനന്തപുരം: സ്‌പോര്‍ട്‌സ് രംഗത്തെ പ്രതികരണങ്ങളില്‍ അബദ്ധം പിണഞ്ഞ് എന്നും ട്രോളര്‍മാര്‍ക്ക് സുവര്‍ണാവസരം നല്‍കുന്ന നേതാവ് മുന്‍ കായിക മന്ത്രിയും നിലവിലെ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്‍. മുന്‍പ് അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ച കായികമന്ത്രി ഇപി ജയരാജന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഇപ്പോഴാകട്ടെ, ലോകകപ്പ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്ത ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് ജയരാജന്‍ വീണ്ടും ട്രോളുകളില്‍ നിറയുന്നത്. മെസി ഇത്തവണ കപ്പും കൊണ്ടേ പോകൂ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ മേഴ്‌സി ഇത്തവണ കപ്പും കൊണ്ടേ പോകൂ എന്നു ജയരാജന്‍. പത്രങ്ങളില്‍ എല്ലാം ഉണ്ട്, മേഴ്‌സി തന്നെ പറഞ്ഞു, കപ്പും കൊണ്ടേ മടങ്ങൂ തുടര്‍ന്ന് ജയരാജന്‍ പറഞ്ഞു. ഒന്നിലേറെ തവണയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ ജയരാജന്‍ മേഴ്‌സി എന്നു പറയുന്നത്. ഇതാണ് ട്രോളുകളില്‍ നിറയുന്നത്.
നേരത്തേ, മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമാരാഞ്ഞ് ഒരു വാര്‍ത്താ ചാനല്‍ ജയരാജനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച് അബദ്ധത്തില്‍ ചാടിയത്. ‘മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്‌ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്. ‘ നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ അനുശോചനം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകായിരുന്നു. സമാന അനുഭവമാണ് ഇത്തവണയും ജയരാജനെ തേടിയെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: