നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും കരുത്തരായ ഡെന്മാര്ക്കും ആഫ്രിക്കന്‍ ശക്തികളായ ടുണീഷ്യയും ഏഷ്യന്‍ വമ്പന്മാരായ ഓസ്ട്രേലിയയും അടങ്ങുന്നതാണ് ലോകകപ്പിലെ ഗ്രൂപ്പ് ഡി. നാല് ടീമുകളും യൂറോപ്യന്‍ ശൈലിയില്‍ കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഗ്രൂപ്പില്‍ എന്തും സംഭവിക്കാം. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സും ഡെന്മാര്ക്കും പ്രീ ക്വാര്‍ട്ടറിലെത്താനാണ് സാധ്യത.
ഫ്രാന്‍സ്
കൈലിയന്‍ എംബാപ്പെ എന്ന സൂപ്പര്‍ താരത്തിന്റെ കാലുകളില്‍ വിശ്വാസമര്‍പ്പിച്ചാണ് ദിദിയര്‍ ദെഷാംപ്സ് പരിശീലിപ്പിക്കുന്ന നിലവിലെ ചാമ്പ്യന്മാര് ഖത്തറിലെത്തുന്നത്. 2012 മുതല്‍ ഫ്രാന്‍സിന്റെ പരിശീലകനാണ് ദെഷാംപ്സ്. എന്നാല്‍ കിരീടം നേടിയ ശേഷം വരുന്ന ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്ന മോശം റിക്കാര്‍ഡാണ് ഫ്രാന്‍സിനുള്ളത്. 1998-ല്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിന് 2002ലെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല.
പതിനാറാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്നത്. യോഗ്യതാ റൗണ്ടില്‍ കളിച്ച എട്ടില്‍ അഞ്ച് ജയവും മൂന്ന് സമനിലയും നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഫ്രാന്‍സ് ഖത്തര്‍ ടിക്കറ്റ് സ്വന്തമാക്കിയത്. ഇത്തവണ വരുന്നത് ലോകോത്തര താരങ്ങളുമായാണ്. കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയ എംബാപ്പെയാണ് ടീമിലെ സൂപ്പര്‍ താരം. ഫ്രഞ്ച് ലീഗിലെ ചാമ്പ്യന്‍ ക്ലബ് പിഎസ്ജിയുടെ മിന്നും താരമാണ് 23കാരനായ എംബാപ്പെ. എംബാപ്പെക്ക് പുറമെ കരിം ബന്‍സേമ, അന്റോയിന്‍ ഗ്രിസ്മന്‍, ഒസ്മാനെ ഡെംബലെ, ഒളിവര്‍ ഗിറൗഡ്, പ്രതിരോധത്തിലെ കരുത്തന് റാഫേല്‍ വരാനെ, ബെഞ്ചമിന്‍ പവാര്‍ഡ് എന്നിവര്‍ ടീമിലെ നിര്‍ണായക സ്വാധീനമാകും. അതേസമയം മധ്യനിരയിലെ രണ്ട് സൂപ്പര്‍ താരങ്ങളായ പോള്‍ പോഗ്ബ, എന്‍ഗോളൊ കാന്റെയും പരുക്കിനെത്തുടര്‍ന്ന് ഈ ലോകകപ്പിനുണ്ടാകില്ല എന്നത് ഫ്രാന്‍സിനെ എത്രത്തോളം ബാധിക്കുമെന്നത് കണ്ടറിയണം.
ഡെന്മാര്ക്ക്
ക്രിസ്റ്റ്യന്‍ എറിക്സണ് എന്ന സൂപ്പര്‍ താരത്തില്‍ വിശ്വാസമര്‍പ്പിച്ചാണ് ഡെന്മാര്ക്കിന്റെ വരവ്. അവരുടെ ആറാം ലോകകപ്പാണിത്. 1998-ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചതാണ് ഏറ്റവും വലിയ നേട്ടം. മൂന്ന് തവണ പ്രീ ക്വാര്‍ട്ടറും കളിച്ച അവര്‍ ഒരിക്കല്‍ മാത്രമാണ് ഗ്രൂപ്പ് ഘട്ടം കടക്കാതിരുന്നത്. ഇത്തവണ കറുത്തകുതിരകളാകാന്‍ സാധ്യതയുള്ള ടീമാണ് ഡെന്മാര്ക്ക്. യോഗ്യതാ റൗണ്ടില്‍ 10 മത്സരങ്ങളില്‍ ഒമ്പതിലും ജയിച്ച അവര്‍ 30 ഗോള്‍ അടിച്ചുകൂട്ടി. അവസാനം ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും ഫ്രാന്‍സിനെ പരാജയപ്പെടുത്തിയ ടീം കൂടിയാണ് ഡെന്മാര്ക്ക്.
കഴിഞ്ഞ യൂറോ കപ്പിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ എറിക്സണ് തന്റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടാണ് കളിക്കളത്തിലേക്കു തിരിച്ചെത്തിയത്. ഒപ്പം ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കല്‍, പ്രതിരോധത്തിലെ കരുത്തന് സിമോണ്‍ കെയര്‍, മധ്യനിരയിലെ മാത്യാസ് ജെന്സണ്, സ്ട്രൈക്കറായ മാര്ട്ടിന് ബ്രാത്ത്വെയ്റ്റ് എന്നിവരടങ്ങുന്ന മികവുറ്റ നിരയാണ് ഡെന്മാര്ക്കിന്റെ കരുത്ത്. 26നാണ് ഗ്രൂപ്പിലെ ഫ്രാന്‍സ്-ഡെന്മാര്ക്ക് സൂപ്പര്‍ പോരാട്ടം. കാസ്പര്‍ ജുല്‍മന്‍ഡിന്റെ പരിശീലനത്തിന് കീഴിലാണ് ഡാനിഷ് പട വരുന്നത്.
ഓസ്ട്രേലിയ
ഏഷ്യന്‍ യോഗ്യതയുടെ രണ്ടാം റൗണ്ടില്‍ കളിച്ച എട്ട് കളികളും വിജയിച്ച ഓസ്ട്രേലിയ മൂന്നാം റൗണ്ടില്‍ സൗദി അറേബ്യക്കും ജപ്പാനും പിന്നില്‍ മൂന്നാമതായി ഫിനിഷ് ചെയ്തു. മൂന്നാം റൗണ്ടില്‍ റൗണ്ടില്‍ കളിച്ച പത്ത് മത്സരങ്ങളില്‍ നാലെണ്ണം മാത്രം ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ വീതം സമനിലയും തോല്‍വിയും ഏറ്റുവാങ്ങി. നാലാം റൗണ്ടില്‍ യുഎഇയെ 2-1ന് തോല്‍പ്പിച്ച് പ്ലേ ഓഫിന് യോഗ്യത നേടി. കോണ്‍ഫെഡറേഷന്‍ പ്ലേഓഫില്‍ ഷൂട്ടൗട്ടിനൊടുവില്‍ പെറുവിനെ പരാജയപ്പെടുത്തിയാണ് ഖത്തറിലേക്ക് യോഗ്യത നേടിയത്.
വളരെ കഷ്ടപ്പെട്ട് ലോകകപ്പ് യോഗ്യത സ്വന്തമാക്കിയ ടീമാണ് ഓസ്ട്രേലിയ. എന്നാല്‍, പ്രധാന അങ്കത്തട്ടിലേക്ക് കയറുമ്പോള്‍ ഓസ്ട്രേലിയയുടെ സമീപനത്തിന് മാറ്റമുണ്ടാകും. ആറാം തവണയാണ് ലോകകപ്പില്‍ ഓസ്ട്രേലിയ പന്തുതട്ടാനിറങ്ങുന്നത്. 2006-ല്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നതാണ് മികച്ച പ്രകടനം. ലോകകപ്പില്‍ ഇതുവരെ കളിച്ച 16 കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രം വിജയിച്ചപ്പോള്‍ നാല് സമനിലയും 10 തോല്‍വിയും ഏറ്റുവാങ്ങി. മാത്യു ലെക്കി, മാത്യു റയാന്, ആരണ് മൂയി, ട്രെന്റ് സെയിന്‍ബറി, ജാക്സണ് ഇര്‍വിനെ എന്നിവരാണ് ഗ്രഹാം അര്‍നോള്‍ഡ് പരിശീലിപ്പിക്കുന്ന ടീമിലെ പ്രമുഖ താരങ്ങള്‍.
ടുണീഷ്യ
ആഫ്രിക്കന്‍ യോഗ്യതാ മേഖലയില്‍ നിന്ന് മൂന്നാം റൗണ്ടില്‍ മാലിക്കെതിരേ വിജയിച്ചാണ് ടുണീഷ്യ ലോകകപ്പിനെത്തുന്നത്. ആഫ്രിക്കയിലെ യൂറോപ്യന്‍ ടീം എന്നാണ് ടുണീഷ്യ അറിയപ്പെടുന്നത്. അവരുടെ ആറാം ലോകകപ്പാണിത്. മുന്‍പ് കളിച്ച അഞ്ച് ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ആഫ്രിക്കന്‍ കരുത്തര്‍ക്കായിട്ടില്ല. എല്ലിസ് ഷഖരി, യൂസഫ് മക്നി, വഹ്ബി ഖസ്രി, അലി മാലൗല്‍ എന്നിവരാണ് പ്രധാനികള്‍. അവിശ്വസനീയ റിക്കാര്‍ഡുള്ള ജലീല്‍ കദ്രിയാണ് പരിശീലകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: