മെല്‍ബണ്‍: കുഞ്ഞന്മാരോടുള്ള വല്യേട്ടന്മാരുടെ തോല്‍വി… അപ്രതീക്ഷിതമായ ചില മുന്നേറ്റങ്ങള്‍… നിലവിലെ ചാമ്പ്യന്മാരുടെ മടക്കം… അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടങ്ങള്‍… എന്തുകൊണ്ടും സംഭവബഹുലമായിരുന്നു ഓസ്ട്രേലിയന്‍ മണ്ണിലെ ഈ കുട്ടി ക്രിക്കറ്റ് ലോകകപ്പ്.
സെമിഫൈനല്‍ ടീമുകളായപ്പോള്, പ്രതീക്ഷിതവും അപ്രതീക്ഷിതവുമായ മുഖങ്ങളുടെ സമ്മേളനമായി. ആദ്യ സെമിയില്‍ നാളെ ന്യൂസിലന്‍ഡും പാകിസ്ഥാനും കൊമ്പുകോര്‍ക്കുമ്പോള്‍, മറ്റന്നാള്‍ രണ്ടാമത്തേതില്‍ ഇന്ത്യക്ക് എതിരാളി ഇംഗ്ലണ്ട്. ഗ്രൂപ്പ് ഒന്നില്‍ നിന്നാണ് ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമെത്തുന്നത്. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയാണ് പ്രതീക്ഷയോടെയെത്തി അപ്രതീക്ഷിതമായി പുറത്തായത്. ആദ്യ കളിയില്‍ ന്യൂസിലന്‍ഡിനോടേറ്റ വന്‍ തോല്‍വി ഓസീസിന് തിരിച്ചടിയായി.
മറുവശത്ത് നെതര്‍ലന്‍ഡ്സിനു മുന്നില്‍ മുട്ടുമടക്കിയ ദക്ഷിണാഫ്രിക്ക പാകിസ്ഥാന് മുന്നേറാന്‍ അവസരമൊരുക്കി. തുടക്കം മുതല്‍ മികച്ച രീതിയില്‍ കളിച്ച ഇന്ത്യ ഏറ്റവും ഫേവറിറ്റുകളുമായിരുന്നു. സെമിയിലെത്തിയ ടീമുകളില്‍ ആധികാരികമായെത്തിയത് ഇന്ത്യയാണ്. ദക്ഷിണാഫ്രിക്കയോടു മാത്രമാണ് തോറ്റത്.
ഒടുക്കം വരെ അട്ടിമറി
ലങ്കയില്‍ തുടങ്ങി ദക്ഷിണാഫ്രിക്കയില്‍ അവസാനിച്ചു പ്രാഥമിക ഘട്ടത്തിലെ വന്‍ വീഴ്ചകള്‍. ഏഷ്യാ കപ്പ് ജേതാക്കളെന്ന പകിട്ടോടെയെത്തിയ മുന്‍ ചാമ്പ്യന്‍ ശ്രീലങ്കയെ നമീബിയയാണ് ആദ്യ കളിയില്‍ വീഴ്ത്തിയത്. യോഗ്യതാ റൗണ്ടില്‍ ആദ്യ മത്സരത്തിലെ ഈ വീഴ്ച നിസാരമായിരുന്നില്ല. 55 റണ്ണിനാണ് നമീബിയ ജയിച്ചു കയറിയത്.
രണ്ടുവട്ടം ജേതാക്കളും ട്വന്റി20യിലെ പ്രതാപികളുമായ വെസ്റ്റിന്‍ഡീസിന്റെ കണ്ണീരും യോഗ്യതാ ഘട്ടത്തില്‍ വീണു. ആദ്യ കളിയില്‍ സ്കോട്ട്ലന്‍ഡിനോട് 42 റണ്ണിന് തോറ്റ അവര്‍ നിര്‍ണായകമായ അവസാന കളിയില്‍ അയര്‍ലന്‍ഡിനോട് ഒമ്പത് വിക്കറ്റിന് വീണുടഞ്ഞു. കുട്ടി ക്രിക്കറ്റില്‍ ആരാധകരെ ത്രസിപ്പിച്ച വിന്‍ഡീസിന്റെ മടക്കം ലോകകപ്പിലെ വലിയ നഷ്ടങ്ങളിലൊന്നായി.
സൂപ്പര്‍ പന്ത്രണ്ടിലേക്ക് കടന്നപ്പോള്‍, ആദ്യം വമ്പന്മാര് ആധിയില്ലാതെ പോയി. ഇംഗ്ലണ്ടാണ് പിന്നെ ഞെട്ടിയത്. മഴ ഇടങ്കോലിട്ട കളി ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം അയര്‍ലന്‍ഡ് അഞ്ച് റണ്ണിന് സ്വന്തമാക്കി. അവിടം കൊണ്ട് നിന്നില്ല. അടുത്ത ഊഴം പാകിസ്ഥാന്റേതായിരുന്നു. സിംബാബ്വെയോട് ഒരു റണ്ണിന് തോറ്റതോടെ പാക് ഭാവി തുലാസിലായി. അതുപോലൊരു അട്ടിമറിയില്‍ ദക്ഷിണാഫ്രിക്ക വീണപ്പോള്‍ പാകിസ്ഥാന് രക്ഷയായെന്നത് വിധിവൈപരീത്യം. പ്രാഥമിക റൗണ്ടിലെ അവസാന ദിന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് ദക്ഷിണാഫ്രിക്ക വീണതോടെ അട്ടിമറി പരമ്പരകള്‍ക്ക് വിരാമം.
ഇന്ത്യ-പാകിസ്ഥാന് മത്സരമുള്‍പ്പെടെ അവസാനം വരെ ആവേശം നിറഞ്ഞ ഒട്ടേറെ കടുത്ത പോരാട്ടങ്ങള്‍ക്കും ഓസീസ് മണ്ണ് സാക്ഷിയായി. അപ്രതീക്ഷിതമായെത്തിയ മഴയുടെ ഇടപെടലും പലരുടെയും മുന്നോട്ടുപോക്കിന് വിലങ്ങുതടി. ഇനി ഒരാഴ്ചയ്ക്കപ്പുറം പുതിയൊരു ലോക ജേതാവും ഓസീസ് മണ്ണില്‍ നിന്നുയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: