മലയാളഭാഷാദിന, വാരാചാരണങ്ങള്, നോട്ടീസെഴുത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഇക്കൊല്ലവും പൂര്‍വ്വാധികം ഭംഗിയായി’ നടന്നു. പലരുടെയും ഭാഷാപ്രേമം വിവിധ മാധ്യമങ്ങളിലൂടെ ധാരധാരയായി ഒഴുകി. മാതൃഭാഷയുടെ കാര്യത്തില്‍ മലയാളികള്‍ കാണിക്കുന്ന അവഗണയെ ചിലര്‍ നിശിതമായി വമര്‍ശിച്ചു. മറ്റുചിലര്‍ മലയാളത്തിന്റെ ദുര്‍ഗതിയോര്‍ത്ത് വിലപിച്ചും വേറെ ചിലര്‍ മലയാളം മറക്കുന്ന നാടന്‍ സായിപ്പുമാരെയോര്ത്ത് ലജ്ജിച്ചും തങ്ങളൊക്കെ മറ്റു സ്ഥാനക്കാരാണെന്ന മട്ടിലാണ് ചില എഴുത്തുകാര്‍ മലയാളികളെ പുച്ഛിച്ചത്!
യോഗങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും തന്നെയാണ് ഇത്തവണയും ഒരാഴ്ചത്തെ മലയാള പ്രേമം പൂവിട്ടപ്പോള്‍ മലയാളിക്ക് കിട്ടിയത്. ആവര്‍ത്തന വിരസത എത്രയേറെ അരോചകമാകുമെന്നറിയണമെങ്കില്, ഭാഷാവാരാചരണകാലത്തെ രചനകളില്‍ ചിലത് വായിച്ചാല്‍ മതി. മാതൃഭാഷയെ അവഗണിക്കുന്നത് അമ്മയെ അവഗണിക്കുന്നതുപോലെയാണ്, ഭാഷയെന്നാല്‍ ഭാഷമാത്രമല്ല, സംസ്കാരവുമാണ്, മാതൃഭാഷയ്ക്കുമീതെ മറ്റൊന്നുമില്ല… ഇങ്ങനെ പോകുന്നു പ്രഭാഷണങ്ങളിലെയും പ്രബന്ധങ്ങളിലെയും സ്ഥിരം നമ്പറുകള്‍! ചിലരുടെ മാതൃഭാഷാ പ്രേമത്തിനെന്നപോലെ മാതൃഭാഷാപ്രേമലേഖനങ്ങള്ക്കും ഒരാഴ്ചത്തെ ആയുസേയുള്ളൂ.
സര്‍ക്കാര്‍ നടപടികളും വെറും പ്രസ്താവനകളിലൊതുങ്ങി. ഭരണഭാഷ മലയാളമാക്കണമെന്ന നിര്‍ദ്ദേശത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പായിട്ടില്ല, മാതൃഭാഷയില്‍ ഫയല്‍ കൈകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ വകുപ്പുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കേരളപിറവിദിനത്തില്‍ പറഞ്ഞത്. വകുപ്പുണ്ടെങ്കിലും നടപടിയെടുക്കാത്തത് ഇത്തരം ഉദ്യോഗസ്ഥരോടുള്ള അനുഭാവം കൊണ്ടാകാം! ബോധവല്‍ക്കരണത്തിലൂടെ ഭരണഭാഷ മലയാളത്തിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമത്രേ! ബോധവല്‍ക്കരണത്തിന്റെയും ഫലമെന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ!
മലയാളസര്‍വകലാശാലയെ വികസിപ്പിക്കയും മലയാളമിഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഭരണഭാഷ മലയാളം ആയില്ലെങ്കിലെന്ത്, മലയാളം വികസിച്ചില്ലെങ്കിലെന്ത്, സര്‍വകലാശാല വികസിക്കട്ടെ! മലയാളം മിഷന് വിപുലമാകട്ടെ!
മുഖപ്രസംഗങ്ങളില്‍ നിന്ന്:
”സംസ്കരണ കേന്ദ്രത്തിനെതിരെ മാത്രമല്ല, സംസ്കരണ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകുന്നത് തങ്ങളുടെ പ്രദേശത്തുകൂടിയാവരുതെന്നുകൂടി ശഠിക്കുന്നവരുണ്ട്.”- വാക്യഘടന ശരിയല്ല.
”സംസ്കരണ കേന്ദ്രത്തെ എതിര്‍ക്കുകമാത്രമല്ല, സംസ്കരണ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകുന്നത് തങ്ങളുടെ പ്രദേശത്തുകൂടിയാവരുതെന്ന് ശഠിക്കുകയും ചെയ്യുന്നവരുണ്ട്. ഇങ്ങനെ ഘടന ശരിയാക്കാം.
”ഓരോ അംഗത്തിനും അഞ്ചുകിലോവീതം അരിനല്‍കുന്ന പദ്ധതിയിലാണ് ചില സ്ഥലത്ത് വീഴ്ചയുണ്ടായത്”
‘ഓരോ’ ‘വീതം’ ഇവയിലൊന്നുമതി.
‘ഓരോ അംഗത്തിനും അഞ്ചുകിലോ അരി…..’ ശരി.
”122 പൊതുമേഖലാ സ്ഥാപനങ്ങളിലും ആറു ധനകാര്യ കോര്‍പ്പറേഷനുകളിലെയും ശമ്പളപരിഷ്കരണവും പെന്‍ഷന്‍പ്രായ ഏകീകരണവുമാണ് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നത്.’
”122 പൊതുമേഖലാ സ്ഥാപനങ്ങളിലെയും….” എന്നുവേണം
വാര്‍ത്തകളില്‍ നിന്ന്:
”ഈ വിദ്യാര്‍ത്ഥിയുടെ പഠനചെലവ് വഹിക്കാമെന്ന് കോളേജധികൃതര്‍ അറിയിച്ചിട്ടുണ്ട്.”
”പഠനച്ചെലവ്” ശരി
”സാഹിത്യഅക്കാദമിയടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്”
‘സാഹിത്യ അക്കാദമിയുടേതടക്കം’ എന്നുവേണം.
”ഇന്ത്യയിലെ പൊതുവിപണിയില്‍ നുറുക്കരിവില 16 ല്‍ നിന്ന് 22 രൂപയായി വര്‍ധിച്ചു.
‘വര്‍ധിച്ചു’ ആവശ്യമില്ല.
”ജി. സ്മാരകപുരസ്കാരം കാനം രാജേന്ദ്രന്”
ജി. എന്നുമാത്രം പറഞ്ഞാല്‍ മലയാളികള്‍ക്ക് ജി.ശങ്കരക്കുറുപ്പാണ്. സ്വാതന്ത്ര്യസമരസേനാനിയായ ഒരു ജി.കാര്‍ത്തികേയന്റെ പേരിലുള്ള അവാര്‍ഡാണെന്ന് വാര്‍ത്ത വായിക്കുമ്പോഴാണ് അറിയുക! തലക്കെട്ടു കൊടുത്തയാള്‍ക്ക് മഹാകവി ജി യെ അറിയില്ലായിരിക്കും!
പിന്കുറിപ്പ്:
കാമുകരെല്ലാവരും വന്ന് മലയാളത്തിന് പ്രേമലേഖനങ്ങളും കഥകളും കവിതകളും നല്കിമടങ്ങി. അടുത്ത നവംബറില്‍ വീണ്ടും കാണാമെന്നാണ് പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: