ഭോപ്പാല്‍: നമീബിയയില്‍ നിന്നും മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ച രണ്ട് ആണ് ചീറ്റപ്പുലികളെ ക്വാറന്റെയിനുശേഷം തുറന്നുവിട്ടപ്പോള്‍ ഇവ ആദ്യമായി ഇരപിടിച്ചു. തുറന്നുവിട്ട് 24 മണിക്കൂറിനുള്ളിലാണ് ഇവ ഇരപിടിച്ചത്. ഒരു മാനെയാണ് ഇവര്‍ ഭക്ഷിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് ശേഷമോ ഞായറാഴ്ച രാവിലെയോ ആകാം ഇതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഫ്രെഡ്ഡി, എല്റ്റോണ് എന്നീ ചീറ്റപ്പുലികളെയാണ് 50 ദിവസത്തെ ക്വാറന്റൈനുശേഷം കഴിഞ്ഞ ദിവസം തുറന്നുവിട്ടത്. ഇവ ഇന്ത്യന്‍ പരിസ്ഥിതിക്കനുസരിച്ച് ഇണങ്ങിയതായും പൂര്‍ണ ആരോഗ്യത്തോടെയുമാണെന്നും ഇരപിടിച്ചതിലൂടെ തെളിഞ്ഞതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവയുടെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന സാറ്റലൈറ്റ് കോളറിലൂടെയും ക്യാമറയിലൂടെയും ഇവയെ നിരീക്ഷിക്കുന്നുണ്ട്. ഗര്‍ഭിണിയായ ആശ എന്ന പെണ് ചീറ്റയെയും നിരീക്ഷിക്കുന്നുണ്ട്. പത്താം തീയതിക്കുശേഷം ഇതിനെയും തുറന്നുവിട്ടേക്കുമെന്നാണ് സൂചന.
നമീബിയയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പെണ് ചീറ്റകളേയും മൂന്ന് ആണ് ചീറ്റകളേയും സപ്തംബര്‍ 17നാണ് പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേയ്ക്ക് ചീറ്റപ്പുലികളെ തുറന്നുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: