മംഗളൂരു: മംഗളൂരുവില്‍ യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഡാലോചനയില്‍ സജീവമായി പങ്കെടുത്ത മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി. കെ. മഹമ്മദ് ഇഖ്ബാൽ, കെ ഇസ്മയിൽ ഷാഫി, ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ദക്ഷിണ കന്നഡയിലെ ഹൂബളളിയിലും മൈസൂരിലും അടക്കം അഞ്ച് ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ് വിവരം പുറത്തുവരുന്നത്. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ മൂവർക്കും സജീവപങ്കുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
എന്നാല്‍ കൊലപാതകം നടത്തിയവരെന്ന് സംശയിക്കുന്ന നാല് പ്രധാന പ്രതികള്‍ക്കായി എന്‍ഐഎ ശക്തമായ തിരച്ചില്‍ നടത്തുകയാണ്. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം എന്‍ഐഎ പ്രഖ്യാപിച്ചു. ഒളിവിലുളള ഇവർക്കായി എൻഐഎ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മുഹമ്മദ് മുസ്തഫ, തുഫൈല്‍ എം.എച്ച് എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം വീതം നല്‍കും. എന്നാല്‍ ഉമ്മര്‍ ഫറൂഖ് എം.ആര്, അബുബക്കര്‍ സിദ്ദിഖ് എന്നിവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും.
ബെല്ലാരെയിൽ യുവമോർച്ച ജില്ല സെക്രട്ടറിയായിരുന്നു പ്രവീൺ നെട്ടാരു. ജൂലൈ 26 ന് രാത്രി 8.30 ഓടെ സ്വന്തം ചിക്കൻ കട അടച്ച് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ അക്രമികൾ പ്രവീണിനെ വധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: