ന്യൂദല്‍ഹി: മുന്നാക്ക സംവരണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീം കോടതി. തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ 10% മുന്നാക്ക സംവരണം ഏര്‍പ്പെടുത്തിയ നടപടി സുപ്രീം കോടതി ശരിവച്ചു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് സുപ്രീ കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. 103ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103ാം ഭേദഗതിയെന്നായിരുന്നു ബെഞ്ച് പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ബഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഇതില്‍ മൂന്നു ജഡ്ജിമാര്‍ സംവരണത്തെ അനുകൂലിച്ചപ്പോള്‍ രവീന്ദ്ര ഭട്ട് മാത്രം ഭിന്ന വിധി പറഞ്ഞു. രവീന്ദ്ര ഭട്ടിന്റെ വിധിയോട് ചീഫ് ജസ്റ്റിസ് യു യു ലളിതും അനുകൂലിച്ചു.
എഴ് ദിവസം തുടര്‍ച്ചയായി കേസില്‍ കോടതി വാദം കേട്ടിരുന്നു. സാമ്പത്തിക നിലയുടെ മാത്രം അടിസ്ഥാനത്തില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ നിന്നുള്ള വ്യതിചലനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. സംവരണം ലക്ഷ്യമിടുന്നത് സാമ്പത്തിക ഉന്നമല്ലെന്നും അത് സാമൂഹികശാക്തീകരണമാണെന്നും കോടതി വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു. ഭേദഗതി റദ്ദാക്കിയാല്‍ അത് രാജ്യത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കും. 2019 ജനുവരിയില്‍ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 എന്നിവയില്‍ ക്ലോസ് (6) ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജോലിയിലും വിദ്യാഭ്യാസത്തിലും സാമ്പത്തിക സംവരണം നല്കാന് നിര്‍ദ്ദേശിക്കപ്പെട്ടത്. പുതുതായി ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 15(6) വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഉള്‍പ്പെടെ സാമ്പത്തികമായി ദുര്‍ബലരായ ഏതൊരു പൗരന്റെയും പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ അവസരം നല്‍കുന്നതാണ്. ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം വരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെ എയ്ഡഡ് ആയാലും അണ് എയ്ഡഡ് ആയാലും സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഏത് വിദ്യാഭ്യാസ സ്ഥാപനത്തിലും ഇത്തരം സംവരണം നല്‍കാമെന്നാണ് ഭേദഗതിയില്‍ വ്യക്തമാക്കുന്നത്. സംവരണത്തിന്റെ ഉയര്‍ന്ന പരിധി പത്ത് ശതമാനമായിരിക്കുമെന്നും അത് നിലവിലുള്ള സംവരണങ്ങള്‍ക്ക് പുറമേയായിരിക്കുമെന്നും അതില്‍ പറയുന്നു. 2020 ഓഗസ്റ്റ് 5 നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് ആര് സുഭാഷ് റെഡ്ഡി, ജസ്റ്റിസ് ബി ആര് ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച് കാര്യങ്ങള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: