മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ 71 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ സെമി പ്രവേശനം ആഘോഷമാക്കി. ഇന്ത്യക്കെതിരെ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 115 റൺസിന് ഓൾ ഔട്ടായി. ഇന്ത്യന്‍ ബൗളര്‍മാര്‍ സിംബാബ് വേയുടെ നട്ടെല്ലൊടിച്ചപ്പോള്‍, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സൂര്യകുമാര്‍ യാദവും കെ.എല്‍ രാഹുലും നേടിയ അര്‍ദ്ധ സെഞ്ച്വറികള്‍ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു.
ഇന്ത്യക്കെതിരെ 187 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ് വേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വെ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ആദ്യ ബോളിൽ തന്നെ ഓപ്പണറായ വെസ്ലി മധെവേറെയെ നഷ്ടമായി. ഏഴ് ഓവര്‍ പിന്നിട്ടപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ വെറും 32 റൺസ് മാത്രം നേടി കിതയ്‌ക്കുകയായിരുന്നു സിംബാബ് വേ. പിന്നീട് സിക്കന്ദര്‍ റാസയും(35) റയാൻ ബർളും(34) ചേർന്നാണ് നൂറ് റണ്‍സിന് മുകളിലേയ്‌ക്ക് സ്കോര്‍ ഉയർത്തി സിംബാബ് വേയുടെ മുഖം രക്ഷിച്ചത്.
എന്നാൽ, ഹർദ്ദിക് പാണ്ഡ്യ സിക്കന്ദര്‍ റാസയെയും അശ്വിൻ റയാൻ ബർളെയും പറഞ്ഞയച്ചതോടെ സിംബാബ്‌വെ പരാജയം ഉറപ്പിച്ചു. പിന്നീട് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട സിംബാബ്‌വെ 17.2 ഓവറിൽ പരാജയം ഏറ്റുവാങ്ങി. ഇതോടെ, അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു എട്ടു പോയിന്റോടെയാണ് ഇന്ത്യ ഗ്രൂപ്പില്‍ നിന്നും ഒന്നാമന്മാരായാണ് സെമിയിലേക്ക് കടക്കുന്നത്. നവംബര്‍ 10-ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് എടുത്തത്. ഒരുഘട്ടത്തില്‍ 12 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 87 റണ്‍സ് എന്ന നിലയില്‍ നിന്ന ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്കുയര്‍ത്തിയത് സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗാണ്. വെറും 25 പന്തില്‍ നിന്ന് 4 സിക്സറും 6 ഫോറുമടക്കം 61 റണ്‍സാണ് സൂര്യകുമാര്‍ യാദവ് നേടിയത്. അര്‍ധ സെഞ്ച്വറി നേടി കെ.എല്‍. രാഹുലും സൂര്യകുമാര്‍ യാദവിന് തുണയായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറി നേടിയ രാഹുല്‍ 35 പന്തുകളിൽ നിന്നും 3 സിക്സറും ഫോറും അടക്കമാണ് 51 റണ്‍സ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: