ജിജേഷ് ചുഴലി
മലപ്പുറം: അധ്യാപക നിയമന യോഗ്യതാ പരീക്ഷയായ കെ ടെറ്റിന് അപേക്ഷിക്കാനുള്ള തീയതി ഇന്നുവരെയായിരുന്നത് നവംബര്‍ 11 വരെ നീട്ടി. എന്നാലും പ്രൈമറി സ്കൂള്‍ അധ്യാപക യോഗ്യതാ കോഴ്സായ ഡിപ്ലോമ ഇന്‍ എലിമന്ററി എജ്യുക്കേഷന്‍ (ഡിഎല്‍എഡ്) ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടുന്ന സ്ഥിതി.
രണ്ടാം സെമസ്റ്റര്‍ പരീക്ഷ വൈകിയതിനാലാണ് ഒന്നാം വര്‍ഷക്കാര്‍ക്ക് കെ ടെറ്റ് എഴുതാനുള്ള അവസരം നഷ്ടമാകുന്നത്. കഴിഞ്ഞവര്‍ഷംവരെ കോഴ്സ് പൂര്‍ത്തിയാകുന്നതിനിടെ രണ്ട് തവണ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ഉണ്ടായിരുന്നു. ഈ വര്‍ഷം രണ്ടാം സെമസ്റ്റര്‍ പരീക്ഷ 11നാണ് കഴിയുന്നത്. അന്നാണ് അപേക്ഷിക്കാനുള്ള തീയതി അവസാനിക്കുന്നത്. 14 ന് പ്രാക്ടിക്കല്‍ പരീക്ഷയുമുണ്ട്. അതും കഴിഞ്ഞാലേ ചട്ടപ്രകാരം യോഗ്യതയാകൂ.
സെമസ്റ്റര്‍ പൂര്‍ത്തിയാക്കാന്‍ പോലും പറ്റാതെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതേണ്ടിവരും. സാധാരണ സപ്തബര്‍ മാസത്തിലാണ് കോഴ്സ് ആരംഭിക്കുന്നത്. കൊവിഡ് മൂലം കോഴ്സ് വൈകിയതും തിരിച്ചടിയായി. ഒക്ടോബര്‍ പകുതിയാകുമ്പോഴേക്കും രണ്ടാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞു മൂന്നാം സെമസ്റ്ററിലേക്ക് കടക്കാറുണ്ട്. ഇത്തവണ ഇതുവരെ രണ്ടാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞിട്ടില്ല. അവസരം നഷ്ടമായാല്‍ അടുത്ത വര്‍ഷം പിഎസ്സി വിളിക്കുന്ന യോഗ്യതാപരീക്ഷ എഴുതാന്‍ തങ്ങള്ക്കാവില്ലെന്നതാണ് വിദ്യാര്‍ഥികളുടെ ഉത്കണ്ഠ. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ മന്ത്രിക്കും പരീക്ഷഭവനിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: