ഷിംല : ഹിമാചലില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്കി ബിജെപി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കും. ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. ഷിംലയില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഹിമാചല്‍ മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേഷ് കശ്യപ്, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ചടങ്ങില്‍ പങ്കെടുത്തു.
വഖഫ് സ്വത്തുക്കള്‍ നിയമ വിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന കൂടാതെ മുഖ്യമന്ത്രി അന്നദാതാ സമ്മാന്‍ നിധിയിലേക്കും പ്രതിവര്‍ഷം 3,000 രൂപ കൂടി വിതരണം ചെയ്യും. ഏകദേശം 10 ലക്ഷം കര്‍ഷകരെ ഇതുമായി ബന്ധിപ്പിക്കും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. 8 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതില്‍ സര്‍ക്കാര്‍ ജോലികളും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളും ഉള്‍പ്പെടും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയ്ക്ക് കീഴിലുള്ള റോഡുകളുമായി സംസ്ഥാനത്തെ എല്ലാ റോഡുകളേയും ബന്ധിപ്പിക്കും.
ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സൗകര്യങ്ങളും വികസിപ്പിക്കുന്നതിനായി ‘ശക്തി’ എന്ന പദ്ധതി ആരംഭിക്കും. മതപരമായ ഇടങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്ക് ചുറ്റും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 12,000 കോടി രൂപ ചെലവഴിക്കും. 10 വര്‍ഷത്തിനുള്ളില്‍ ശക്തി പദ്ധതി പൂര്‍ത്തിയാക്കും.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍ ഹിമാചലില്‍ പ്രവര്‍ത്തനമാരംഭിക്കും. ആരോഗ്യപരിചരണം ഓരോ ജനങ്ങളുടെയും വീട്ടുപടിക്കല്‍ എത്തിക്കാന്‍ മൊബൈല്‍ ക്ലിനിക്ക് വാനുകളുടെ ലഭ്യത ഇരട്ടിയാക്കും. ഇത്തരം വാനുകളില്‍ പതിവ് ആരോഗ്യ പരിശോധനയ്ക്കായി സൗകര്യം ഒരുക്കും. യുവാക്കളുടെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘സ്റ്റാര്‍ട്ടപ്പ് യോജന’ സര്‍ക്കാര്‍ അവതരിപ്പിക്കും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് നല്കുന്ന ധനസഹായം വര്‍ധിപ്പിക്കും. തുടങ്ങി 11ഓളം വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ടുവെച്ചിരിക്കുന്നത്.
കൂടാതെ സര്‍വേ നടത്തിയതിന് ശേഷം നിയമപ്രകാരമുള്ള ജുഡീഷ്യല്‍ കമ്മിഷന്റെ കീഴില്‍ വഖഫ് സ്വത്തുക്കളുടെ ഉപയോഗത്തില്‍ അന്വേഷണം നടത്തും. വഖഫ് സ്വത്തുക്കളുടെ അനധികൃത ഉപയോഗം തടയാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിലെ അപാകതകള്‍ നീക്കം ചെയ്യും. ‘സങ്കല്പ് പത്ര’ എന്നാണ് പ്രകടന പത്രികയെ നദ്ദ വിശേഷിപ്പിച്ചത്. സമൂഹത്തിന് ഏകീകൃത സ്വഭാവം കൈവരിക്കുന്നതിന് ‘സങ്കല്പ് പത്ര’ സഹായിക്കുമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: