ലഹരിയാണ് വിഷയം. എല്ലാം ഹരിക്കുന്നതാണ്, ഇല്ലാതാക്കുന്നതാണ് ലഹരി. ജീവിതം സുരഭിലമാക്കാന്‍ അനാവശ്യമായതിനെ ഹരിക്കുന്നത്, നല്ല ലഹരി. അത് ജീവിതലഹരി. ജീവിതം ആഘോഷിക്കാനെന്ന തോന്നലില്‍ അനാവശ്യമായതിനെ ആവശ്യമെന്ന് തെറ്റിദ്ധരിച്ച് വിനിയോഗിക്കുന്നത് അപകടകരമായ മരണ ലഹരി. ലഹരിക്ക് ഇന്ന രൂപമില്ല, ഗന്ധമില്ല, സ്വാദില്ല, വര്‍ണമില്ല, സ്പര്ശനാനുഭവ ഗുണമില്ല, മരണത്തിന് ഇതൊന്നുമില്ലാത്തതുപോലെതന്നെ.
അടുത്തിടെ കേരളത്തെ ശപിക്കുന്നവരും ശകാരിക്കുന്നവരും ശങ്കിക്കുന്നവരും കൂടിക്കൂടിവരികയാണ്. നവംബര്‍ ഒന്നിന്, കേരളപ്പിറവി ദിനത്തില്ക്കേട്ട വിമര്‍ശനങ്ങള്‍ക്കെല്ലാം ഏറെക്കുറേ ഈ നിരാശയുടെ ശബ്ദമായിരുന്നു. പരദ്രോഹം മുതല്‍ നരബലിവരെ, കൊച്ചുകള്ളത്തരങ്ങള്‍ മുതല്‍ സ്വര്‍ണക്കടത്തുവരെ അരുതായ്മകളുടെ പെരുവെള്ളപ്പാച്ചിലാണ് കേരളത്തില്‍. എന്തുപറ്റി ഈ കേരളത്തിന്, എന്തുപറ്റി മലയാളിക്ക് എന്ന് പലരും ഉറക്കെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ലഹരിയാണ് ഇന്ന് പൊതുതലവേദന. ഏത് അരുതായ്മകളുടെയും കുറ്റകൃത്യങ്ങളുടെയും പിന്നിലേക്ക് അന്വേഷിച്ചാല്‍ അത് ലഹരി ഉപയോഗത്തിന്റെ ചുവരില്ചെന്നു മുട്ടും. പ്രായഭേദമെന്യേ, കാലഭേദമില്ലാതെ ലഹരിക്കടിമകളായി മാറിക്കഴിഞ്ഞവരാണ് കുറ്റവാളികളില്‍ പലരും. സ്വബോധമില്ലാത്തവരുടെ ലോകവും കാലവുമാണിന്ന് കേരളത്തില്‍ എന്ന ആക്ഷേപം വ്യാപകമാകുകയാണ്. ആത്മനിന്ദയുടെ പരകോടിയിലേക്കാണ് മലയാളിയുടെ കൂട്ടച്ചാട്ടം. ലഹരി ആപത്താണെന്ന വിഷയം വ്യക്തികളില്‍, വീടുകളില്‍, സ്കൂളുകളില്‍, സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയാകുന്നു. പ്രതിവിധിക്ക് പ്രചാരണങ്ങള്‍ നടക്കുന്നു. അത്രയുമായി; പക്ഷേ, ലഹരിവിലസുന്നു സര്‍വവ്യാപിയായി, കൂടുതല്‍ വാശിയോടെ.
കഴിഞ്ഞദിവസം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, എറണാകുളത്ത് എളമക്കര സരസ്വതീ വിദ്യാനികേതനിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത്, ലഹരിക്കെതിരേ കുട്ടികള്‍ നടത്തുന്ന പ്രചാരണ പരിപാടികളില്‍ പങ്കാളിയായി. അവര്‍ക്ക് നല്കിയ ബോധനത്തില്‍ ലഹരിയുടെ അപായങ്ങളെക്കുറിച്ച് വിശദീകരിച്ചു. അതെങ്ങനെ ശരീരത്തെ, തലച്ചോറിനെ, വ്യക്തിയെ, രാജ്യത്തെ ബാധിക്കുന്നുവെന്ന് വ്യക്തമായി, ചിന്തിക്കുന്നവരെ പേടിപ്പെടുത്തുന്ന തരത്തില്‍, ലഹരിക്കെതിരേ പ്രവര്‍ത്തന സജ്ജരാകാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ വിവരിച്ചു. ‘ജനറേഷനെ’ (തലമുറയെ) തകര്‍ത്ത് അത് എങ്ങനെ ‘നേഷനെ'(രാജ്യത്തെ) ഇല്ലാതാക്കുന്നുവെന്ന് പറഞ്ഞു. ‘ടെററിസ’ (ഭീകരത) ത്തേക്കാള്‍ അപകടകരമായി എങ്ങനെ ‘ഡ്രഗസ്സ്’ (ലഹരിമരുന്ന്) ട്രാജഡി വിതയ്ക്കുന്നുവെന്ന് സ്ഥാപിച്ചു. ജസ്റ്റീസിന്റെ വാക്കുകളില്‍ ചിലത്: നല്ല പൗരന്മാരാണ്, വലിയ കെട്ടിടങ്ങളും നിര്മാണങ്ങളുമല്ല, ഒരു രാജ്യത്തെ മികച്ചതാക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 51 ക്യാപ്പിറ്റല്‍ എ പൗരന്റെ അടിസ്ഥാന കര്‍ത്തവ്യത്തെക്കുറിച്ച് പറയുന്നു. അതില്‍ ഉപവിഭാഗമായ ജെ യില്‍ പറയുന്നത്, കുട്ടികള്‍ എല്ലാവരും എക്സലന്റ്(ഉല്ക്കൃഷ്ടര്) ആകുക എന്നത് അവരവരടെ കര്‍ത്തവ്യമാണെന്നാണ്. എല്ലാവരും ഉല്ക്കൃഷ്ടരായാല് ഇന്ത്യരാജ്യവും ഉല്ക്കൃഷ്ടരാകുമെന്നും.
ജനറേഷന് എന്നത് 25 വര്‍ഷത്തിനിടെ മാറിക്കൊണ്ടിരിക്കും. ഒരു നേഷനെ (രാജ്യത്തെ) നശിപ്പിക്കാന്‍ അതിന്റെ ജനറേഷനെ അഴിമതിയിലൂടെ, ലഹരിയിലൂടെ നശിപ്പിച്ചാല്‍ മതി. പണ്ടുകാലത്ത് ചിലര്‍ ഒളിച്ചും പാത്തും ചെയ്തിരുന്ന പുകവലിയും മറ്റും ഇന്ന് സര്‍വ സ്വീകാര്യമാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണെവിടെയും. ഇങ്ങനെ അതൊക്കെ പൊതുവും പതിവുമാണെന്നു വരുത്തുന്നു. പക്ഷേ, ലഹരി ഉപയോഗിച്ചിട്ടുള്ള ഒറ്റയാള്‍ക്കു പോലും നല്ല മരണത്തിന് ഇടവന്നിട്ടില്ല. വേദനാഭരിമായ മരണമായിരിക്കും. മോര്‍ഫിന്‍ കയറ്റിയാല്‍പ്പോലും സാന്ത്വന ചികിത്സ നല്കാന് കഴിയാത്ത അവസ്ഥ. അവരുടെ ജീവിതം ഭയാനകമായിരിക്കും. രണ്ടിലൊന്ന് തിരഞ്ഞെടുക്കാം- ലഹരി, അല്ലെങ്കില്‍ ജീവിതം. രണ്ടുംകൂടി പോകില്ല. തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. ഒന്നു പറയാം, ഡ്രഗ്സ് മരണമാണ്.
ജസ്റ്റീസിന്റെ പ്രസംഗത്തില്‍ അവിടവിടെനിന്ന് എടുത്തതാണ് മുകളില്‍. ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഈ പറഞ്ഞതിനെല്ലാം തുടക്കത്തില്‍ രണ്ടു കാര്യങ്ങള്‍ പറഞ്ഞു. ഒന്ന്, ഈ വിദ്യാലയത്തിലെ കുട്ടികളോട് ലഹരി ഉപയോഗത്തെക്കുറിച്ച് പറയേണ്ടതേ ഇല്ലെന്ന് എനിക്കറിയാം. എത്ര വിദ്യാലയങ്ങള്‍ക്ക് ഇങ്ങനെ മറ്റൊരാളെക്കൊണ്ട് പറയിക്കാനാകും?. രണ്ടാമത്തെ പ്രസ്താവനയാണ് ഇന്നത്തെ സമൂഹത്തിന്റെ വെല്ലുവിളി. ജസ്റ്റീസ് പറഞ്ഞു: ”ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരിക്കല്‍പോലും വലിച്ചിട്ടില്ല, കുടിച്ചിട്ടില്ല. അത് എന്റെ രക്ഷിതാക്കള്‍, പ്രത്യേകിച്ച് അച്ഛന് നിര്‍ദേശിച്ചതു പ്രകാരമാണ്.” അതെ, ഇത് വെല്ലുവിളിയാണ്. ലഹരിക്കെതിരേ പ്രസംഗവും പ്രകടനവും പ്രചാരണവും നടത്തുന്ന എത്രപേര്‍ക്കിങ്ങനെ പരസ്യ പ്രസ്താവന നടത്താനാവും. ആരും ഇല്ലെന്നല്ല.
ജസ്റ്റീസ് പറയുന്നു, എന്റെ അച്ഛന് എന്നോട് പറഞ്ഞു,’നീ ഒരിക്കലും വലിക്കരുത്, കുടിക്കരുത്, എന്തുകൊണ്ട് എന്ന് എന്നോട് ചോദിക്കരുത്. അത്ര അനുസരണക്കാരനായതിനാല് ഞാന്‍ ചോദിച്ചില്ല. വലിച്ചില്ല, കുടിച്ചില്ല. ഇന്ന് ഇങ്ങനെ ഒരച്ഛന് മക്കളോട് പറഞ്ഞാല്‍, എന്തുകൊണ്ട് എന്നുകൂടി പറയാന്‍ അച്ഛന് ബാധ്യസ്ഥനാണ്.
ജസ്റ്റീസ് ദേവന് രാമചന്ദ്രന് പ്രസംഗത്തില്‍ സ്വന്തം സ്ഥിതിയും കഥയും പറഞ്ഞതിന് ക്ഷമാപണം നടത്തി. എനിക്ക് അറിയാവുന്ന, എന്റെ അനുഭവമായതുകൊണ്ടാണ് പറഞ്ഞതെന്ന വിശദീകരണവും നടത്തി. ഭഗവദ് ഗീതയില്‍ അര്ജുനനോട് ശ്രീകൃഷ്ണന് ഉപദേശിക്കുന്നുണ്ട്:
‘യദ് യദാചരതേ ശ്രേഷ്ഠ
സ്തത്തദേവരോചന
സ യദ് പ്രമാണം കുരതേ
ലോകസ്തദനുവര്‍ത്തതേ’ എന്ന്. ശ്രേഷ്ഠന്മാര് ആചരിക്കുന്നത് ലോകര്‍ പ്രമാണമായിക്കണ്ട് അനുസരിക്കുന്നുവെന്ന് ചുരുങ്ങിയ അര്‍ത്ഥം. മാതൃകയാക്കേണ്ടത് അങ്ങനെയാണ്.
അരുതെന്നു പറയുമ്പോള്‍ വിശദീകരിക്കാനുള്ള ബാധ്യത വേണം. പക്ഷേ അരുതാത്തതിനെല്ലാം സ്വീകാര്യത ആരുണ്ടാക്കിയതാണ്? എങ്ങനെയുണ്ടാക്കിയതാണ്? എന്തിനുണ്ടാക്കിയതാണ്? അവിടമാകണം നമ്മുടെ ഇന്നത്തെ ചിന്തയുടെ പരിസരം. സമരവും പ്രകടനവും നടത്തി, പല അവകാശങ്ങളും അധികാരങ്ങളും നാം സമൂഹത്തിന് കൊടുത്തു. അതില്‍ പലതും അപകടമായി. ആവിഷ്കാര സ്വാതന്ത്ര്യവും സ്വന്തം ഇഷ്ടം പൊതുസ്ഥലത്തും നടപ്പാക്കാനുള്ള അവസരവും നല്കി. ചുംബന സമരവും മുടിവളര്‍ത്താന്‍ സമരവും താലിപൊട്ടിക്കല്‍ പ്രകടനവും ആര്ത്തവആഘോഷവും നടത്തി. വിവിധ അവകാശങ്ങള്‍ അവര്‍ക്ക് പതിച്ചുകൊടുത്തു. പക്ഷേ അവരെ പൗരനെന്ന നിലയിലുള്ള കര്‍ത്തവ്യങ്ങള്‍ അനുസരിപ്പിച്ചില്ല, പഠിപ്പിച്ചില്ല, ഓര്‍മിപ്പിച്ചില്ല. എതിര്‍ക്കുകയും ചെറുക്കുകയും വെറുക്കുകയുമാണ് ജീവിതവ്രതം എന്നും പഠിപ്പിച്ചു. ആര് പഠിപ്പിച്ചുവെന്ന ചോദ്യത്തിന്, ശിരസ്സുയര്‍ത്തിനിന്ന്, ‘ഞാനല്ല’ എന്ന് മറുപടി പറയാന്‍ കഴിയാത്തവരാണ് സമൂഹത്തില്‍ ഏറെയും.
അതിന് ആരെ പഴിക്കണം? അവിടെയാണ് ജസ്റ്റീസ് പറഞ്ഞ മറ്റൊരു വസ്തുതയുടെ പ്രസക്തി. കാല് നൂറ്റാണ്ടാണ്, 25 വര്‍ഷമാണ്, ഒരു തലമുറയുടെ കാലമായി കണക്കാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ അരനൂറ്റാണ്ട്, 50 വര്‍ഷം മുമ്പ്, രണ്ടുതലമുറകള്ക്ക് അപ്പുറത്ത് നമ്മുടെ സമൂഹം വഴിതെറ്റി സഞ്ചരിച്ചതിന്റെ പാപമാണ് ഇന്നത്തെ കാലം അനുഭവിക്കുന്നത്. അതിനിടെ പിടിച്ചു നിന്ന ഒരു ചെറുവിഭാഗത്തിനേ വിളിച്ചുപറയാനുള്ള ധാര്‍മ്മിക ധൈര്യമുള്ളു. പരിഷ്കാരങ്ങളാണ് വികസനമെന്നും പൈതൃക നിഷേധമാണ് പുരോഗതിയെന്നും സംസ്കാര നശീകരണമാണ് നവോത്ഥാനമെന്നും തെറ്റിച്ചിന്തിക്കാനും സ്ഥാപിക്കാനും പ്രചരിപ്പിക്കാനും മുതിര്‍ന്ന ഒരു കൂട്ടത്തിന്റെ രണ്ടുതലമുറയിലുള്ള ദുസ്സ്വാധീനമാണ് ഇന്നത്തെ തലമുറയുടെ പതനകാരണമെന്ന് സ്പഷ്ടമായിക്കൊണ്ടിരിക്കുകയാണ്. വഴിതെറ്റിയെന്ന്, വഴിതെറ്റിച്ചെന്ന് എഴുത്തുകാര്‍ ഏറ്റു പറയുന്നു. ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്ന തത്ത്വവാദങ്ങള്‍ വരട്ടുവാദങ്ങളാണെന്ന് ഓരോരുത്തരും തിരിച്ചറിയുന്നു. സാംസ്കാരിക കാലവും ജീവിതവും തിരിച്ചുപിടിക്കാനുള്ള ആഗ്രഹങ്ങള്‍ ചുറ്റും പ്രകടമാകുന്നു. കലയിലും ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും അതിന്റെ സൂചനകള്‍ ഉണ്ടാകുന്നു. അതിനുമുമ്പത്തെ കുറ്റിരുട്ടിന്റെ കാലമായിരിക്കണം ഇപ്പോള്‍. അവിടെ നക്ഷത്രങ്ങള്‍ പോലെ നവോത്ഥാന സ്ഫുരണങ്ങള്‍ ഉണ്ടാകുന്നുണ്ട്, ദേവശബ്ദങ്ങള് ഉയരുന്നുണ്ട് എന്നതാണ് ആശ്വാസം. തൈരില്‍നിന്ന് വെണ്ണ പുറത്തുവരുംപോലെ മഥനത്തിന്റെ കാലമടുക്കുന്നു. പ്രതീക്ഷയുണ്ടാകുകയാണ്. നിരാശ വേണ്ട.
പിന്കുറിപ്പ്:
പലതരത്തില്‍ ലഹരി മരുന്നുകള്‍ വ്യാപകമാകുമ്പോള്‍, അവയുടെ വിതരണക്കാര്‍ വലയിലാക്കുന്നത് നമ്മുടെ കുഞ്ഞുങ്ങളെയാണ്. അഴിമതിയും കള്ളപ്പണ ഇടപാടും ഭീകരപ്രവര്‍ത്തനവും ദേശീയതലത്തില്‍ നാടുനീങ്ങിക്കൊണ്ടിരിക്കെ അന്താരാഷ്ട്ര ബന്ധമുള്ള ജനദ്രോഹികളുടെ ഇടപാടണ് ലഹരി വ്യാപാരം. അതിന്റെ രഹസ്യ സ്വഭാവം പോലും പോയിരിക്കുന്നു. ആരെയും പേടിക്കാനില്ലെന്ന അവസ്ഥ. കാവലാളാകുക മാത്രമാണ് പ്രതിവിധി.
കുടിപ്പിച്ചും പുകപ്പിച്ചും
കുത്തിവെച്ചും കുടുക്കാനാ
യൊടുക്കത്തെ കുരുപ്പായി
ന്നേറെയാളുണ്ട്
വലയിട്ടുപിടിച്ചിട്ടും
കുരുക്കീട്ടും ഞെരുക്കിട്ടും
വലയ്ക്കുന്നോരവരെ നാം
ആട്ടിയോടിക്കും
അവര്‍ വണ്ടായ് തുലയട്ടെ
വിളക്കൊന്നും കെടാതിപ്പോള്
നമുക്കൊത്ത് കാവലാകാം
കാത്തുപോന്നീടാം
നമുക്കു നമ്മളെ കാക്കാം,
കുടുംബത്തെ, നാടിനേയും
നയിക്കാം നാല്ക്കവലയില്
വഴിക്കണ്ണാകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: