ഭാരതം വിശിഷ്ടമാകണം, വിശ്വം ജയിക്കണം, എന്ന ദൃഢനിശ്ചയം ഉള്ളിലുറച്ച ദേശീയ ബോധമുള്ള ജനഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ശക്തിയിലേക്കാണ് 2014ല്‍ ജനാധിപത്യം അധികാരം കൈമാറിയത്. അധിനിവേശത്തിനു കടന്നുവരുമ്പോള്‍ ലോക ജിഡിപിയുടെ ഇരുപത്തഞ്ച് ശതമാനം സ്വന്തമായിരുന്ന ഭാരതത്തിന്റെ വിഹിതം കടത്താവുന്നത്ര കടത്തിയ ശേഷം മൂന്നുശതമാനമായി കുറച്ചു തകര്‍ത്തതിനു ശേഷമാണ് ബ്രിട്ടീഷുകാര്‍ ഇവിടം വിട്ടു പോയത്. 45 മില്യന്‍ യുഎസ് ഡോളറാണ് (അതായത് ഇന്നത്തെ ഭാരതത്തിന്റെ ഒരു വര്‍ഷത്തെ ജിഡിപിയുടെ പതിനഞ്ചിരട്ടി!) അങ്ങനെ അവര്‍ കടത്തിക്കൊണ്ടു പോയതെന്ന് കണക്കാക്കിയിട്ടുള്ളത്. നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാനുള്ള ദൗത്യത്തിനാണ് ഭാരതം നരേന്ദ്രമോദിയെ ചുമതല ഏല്‍പ്പിച്ചത്. ആസൂത്രിതമായി വിവിധ ഘട്ടങ്ങളിലൂടെ അഞ്ച് ട്രില്ല്യന്‍, പത്തു ട്രില്ല്യന്‍ യുഎസ് ഡോളര്‍ ലക്ഷ്യങ്ങള്‍ നേടി, 2047 ആകുമ്പോഴേക്കും അഭിമാനകരമായ തലത്തിലേക്ക് ലോക സമ്പദ് വ്യവസ്ഥയില്‍ ഭാരതത്തിന്റെ സ്ഥാനം തിരിച്ചു പിടിക്കണം എന്നതാണ് അക്കാര്യത്തില്‍ മോദി മുന്നോട്ടുവെച്ച കര്‍മ്മപദ്ധതി. അതിനുതകുന്ന ആത്മ നിര്‍ഭരതയാണ് ഇന്നത്തെ ഭാരത ഭരണകൂടത്തിന്റെ ഉദാത്തമായ മാര്‍ഗവും ആത്യന്തികമായ ലക്ഷ്യവും. അതുകൊണ്ടു തന്നെയാണ് തുടക്കം മുതല്‍ തന്നെ, കേന്ദ്ര സര്‍ക്കാരും സംസ്ഥാനസര്‍ക്കാരുകളും സഹകരണാത്മകമായ ഫെഡറലിസത്തിലൂടെ സമഗ്രവികസനം സാദ്ധ്യമാക്കി സകലരിലേക്കും വികസനനേട്ടത്തിന്റെ വീതം എത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധമാകണമെന്ന സന്ദേശം മോദി സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുന്നത്.
നരേന്ദ്രമോദിയുടെ സംഭാവനയായ ‘കോ ഓപ്പറേറ്റീവ് ഫെഡെലിസം’ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സകാരാത്മകമായും നകാരാത്മകമായും സമീപിക്കുന്ന രണ്ടുതരം കേന്ദ്രഭരണകൂടങ്ങളെ കണ്ടു പഴകിയതും കണക്കിലെടുക്കേണ്ടതുണ്ട്. ആദ്യം പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പ്രചോദനകരമായ സഹകരണത്തിന്റെ ഭരണ ശൈലി; പിന്നീട് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ്ങിനെ നോക്കുകുത്തിയാക്കിയിരുത്തി, പിന്നില്‍ നിന്ന് നയിച്ച സോണിയയുടെ വൈര്യനിര്യാതന ബുദ്ധിയോടെയുള്ള സങ്കുചിത രാഷ്ട്രീയവും. ആറര ദശാബ്ദങ്ങളോളം നടത്തിയ നെഹ്രു കുടുംബ ഭരണത്തിലൂടെ അധീനതയിലാക്കിയ ജുഡീഷ്യറിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളെയും വിലയ്ക്കു വാങ്ങി നിലയ്ക്കു നിര്‍ത്തിയിരുന്ന മാധ്യമങ്ങളെയും എല്ലാം ദുരുപയോഗം ചെയ്തുകൊണ്ട് ഫെഡറലിസത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെയൊക്കെ കാറ്റില്‍ പറത്തി, ഗുജറാത്ത് മുഖ്യമന്ത്രിക്കെതിരെ കുരിശുയുദ്ധം നടത്തുകയായിരുന്നു കേന്ദ്രഭരണം കയ്യിലൊതുക്കിയിരുന്ന സോണിയാ ഗാന്ധി. പക്ഷേ, പകരം വീട്ടാനോ പടവെട്ടാനോ സമയം കളയാതെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുളള ബന്ധം ഫെഡറലിസത്തിന്റെ മൂല്യങ്ങള്‍ ഉള്ക്കൊണ്ടാകുമെന്നും അതിന് തന്നില്‍ നിന്നും സഹകരണാത്മകതയുടെ സകാരാത്മക സമീപനമുണ്ടാകുമെന്നുമാണ് പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദി വ്യക്തമാക്കിയത്.
വ്യക്തമാക്കപ്പെട്ട വികസന ലക്ഷ്യങ്ങള്‍ക്ക് ഉതകും വിധം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ പുനര്‍ നിര്‍വചിക്കുവാന്‍ മോദിഭരണകൂടം തുടക്കത്തില്‍ തന്നെ എടുത്ത നടപടിയാണ് ആസൂത്രണ കമ്മീഷനെ (പ്ലാനിംഗ് കമ്മീഷനെ) പിരിച്ചു വിട്ട്, നീതി ആയോഗ് (നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ട്രാന്‍സ്ഫോമിങ്ങ് ഇന്‍ഡ്യ) ആരംഭിച്ചത്. ഭാരതവികസനം ബഹുദൂരവും അതിശീഘ്രവുമാക്കുന്നതിനുള്ള നിര്‍ണ്ണായക ചുവടുവെപ്പായിരുന്നു അത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏകാധിപതിയായി ഭരണതലപ്പത്തെത്തിയ സ്റ്റാലിനെ പോലെയുള്ളവര്‍ സോവിയറ്റ് യൂണിയനിലാകെ തങ്ങളുടെ പിടുത്തം മുറുക്കാന്‍ കണ്ടെത്തിയ സംവിധാനമായിരുന്നു അവിടത്തെ ആസൂത്രണ കമ്മീഷന്. എല്ലാം കേന്ദ്രീകൃതം! ആജ്ഞാപിക്കുകയും അനുസരിപ്പിച്ച് നിയന്ത്രിക്കുകയും ചെയ്യുന്ന കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സമ്പ്രദായം! പ്രാദേശിക ആവശ്യങ്ങളെയോ മുന്‍ഗണനകളെയോ കണക്കിലെടുക്കാതെ എല്ലാവര്ക്കും ഒരേ തരത്തിലുള്ള പദ്ധതികള്‍! 1950കളില്‍ നെഹ്രുഭരണകൂടം സോവിയറ്റ് മാതൃകയിലുള്ള ആസൂത്രണവും വികസന മാതൃകയും പഞ്ചവത്സര പദ്ധതിയും ഭാരതത്തില്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ തന്നെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറികടന്ന് പല മുഖ്യമന്ത്രിമാരും അതിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.
ആസൂത്രണക്കമ്മീഷനില് നിന്ന് സംസ്ഥാനങ്ങളുടെ മുന്‍ഗണനാ പരിഗണനയിലുള്ള പല പദ്ധതികള്‍ക്കും പണം കിട്ടാതെയായി. പണം നല്കി അടിച്ചേല്‍പ്പിച്ച പല പദ്ധതികളും സംസ്ഥാനങ്ങള്‍ക്ക് വേണ്ടാത്തതായി. മാത്രമല്ല അത്തരം പദ്ധതികള്‍ക്ക് സംസ്ഥാനങ്ങളും തക്കതായ തോതില്‍ പണംമുടക്കണം എന്ന നിബന്ധനയുണ്ടായിരുന്നതുകൊണ്ട് കൂടുതല്‍ ഉദ്പാദനക്ഷമമായ പദ്ധതികള്‍ക്ക് മുടക്കാന്‍ പണം ഇല്ലാത്ത അവസ്ഥയും ഉണ്ടായി. കേന്ദ്രം കൊടുക്കുന്നവരും സംസ്ഥാനങ്ങള്‍ കൈ നീട്ടി വാങ്ങുന്നവരുമായി മാറിയ അനഭിലഷണീയമായ സാഹചര്യം ഉടലെടുത്തു. അതിനൊക്കെ പരിഹാരമായി, താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് ആലോചനകളിലൂടെ പദ്ധതികള്‍ ഉയര്‍ന്നുവരുന്ന ‘ബോട്ടം-അപ്പ്’ സമീപനത്തിലൂടെ സഹകരണാത്മകമായ ഫെഡറലിസത്തിന്റെ സാദ്ധ്യതകള്‍ തുറക്കുകയാണ്, 2015 ജനുവരി ഒന്നിന് നീതി ആയോഗ് പ്രാവര്‍ത്തികമാക്കുന്നതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്.
ഫെഡറലിസം ശക്തിപ്പെടുത്തുന്ന, മോദിഭരണകൂടത്തിന്റെ, അടുത്ത നടപടി ഫിനാന്‍സ് കമ്മീഷനുമായി ബന്ധപ്പെട്ടതായിരുന്നു. ഇന്‍ഡ്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഫിനാന്‍സ് കമ്മീഷനുകള്‍ അഞ്ചുവര്‍ഷങ്ങള്‍ കൂടുമ്പോഴാണ് രൂപിക്കുക. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് അങ്ങനെ രൂപീകരിക്കപ്പെട്ട 13 കമ്മീഷനുകളും, കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്നും പരമാവധി 32% വരെ മാത്രമായിരുന്നു സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്കാന് ഇടവരുത്തിയിരുന്നത്. പക്ഷേ 2014ല്‍ നിലവില്‍ വന്ന മോദി സര്‍ക്കാര്‍, 2015-16 മുതല്‍ തന്നെ, മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ വൈ.വി. റെഡ്ഡി അദ്ധ്യക്ഷനായിരുന്ന പതിന്നാലാം സാമ്പത്തിക കമ്മീഷന്റെ നിര്‍ദ്ദേശം സ്വീകരിച്ച്, ആ വിഹിതം 42 ശതമാനമായി വര്‍ദ്ധിപ്പിച്ചു കൊണ്ട് ചരിത്രം തിരുത്തി. മുമ്പുണ്ടായിരുന്നതില്‍ നിന്ന് സംസ്ഥാന വിഹിതത്തില്‍ മൂന്നിലൊന്ന് വര്‍ദ്ധന! അങ്ങനെ, ആസൂത്രണ കമ്മീഷന് ഒഴിവാക്കി നീതി ആയോഗ് കൊണ്ടു വരികയും പതിന്നാലാം ഫിനാന്‍സ് കമ്മീഷന് നിര്‍ദ്ദേശം സ്വീകരിച്ച് സംസ്ഥാനങ്ങളിലേക്കുള്ള കേന്ദ്രവിഹിതത്തിന്റെ ഒഴുക്കില്‍ വലിയ വര്‍ദ്ധന വരുത്തുകയും ചെയ്തതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം വര്‍ദ്ധിപ്പിച്ചും സംസ്ഥാനങ്ങള്‍ക്ക് പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും നടപ്പിലാക്കുന്നതിനും കൂടുതല്‍ സക്രിയമായ പങ്കു വഹിക്കുവാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്ത് സഹകരണാത്മക ഫെഡറലിസം എന്ന നരേന്ദ്രമോദിയുടെ ആശയമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്,
ഭാരതമാകെ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഒരു പൊതുനികുതി, ജിഎസ്സ്ടി (ഗുഡ് സര്‍വീസസ്സ് ടാക്സ്) എന്ന പേരില്‍ നടപ്പിലാക്കിയതിലൂടെയും സഹകരണാത്മക ഫെഡറലിസത്തിന്റെ മറ്റൊരു പ്രയോഗ സാദ്ധ്യതയാണ് പ്രാവര്‍ത്തികമാക്കിയത്. കേന്ദ്രവും സംസ്ഥാനങ്ങളും വേര്‍തിരിഞ്ഞു നിന്ന് നികുതി ചുമത്തുന്നതിനു പകരം സഹകരണത്തോടെ ഒന്നിച്ചു ചേര്‍ന്ന്, വ്യവസ്ഥാപിതമായ സംവിധാനങ്ങളിലൂടെ നികുതി നിര്‍ണ്ണയിക്കുകയും സമാഹരിക്കുകയും വീതം വെക്കുകയും ചെയ്ത് ഭാരതത്തിന്റെ സമഗ്രവികസനം ഉറപ്പാക്കുന്ന പുതിയ സമ്പ്രദായത്തിലേക്കാണ് രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ചത്. നിലവിലുള്ള നികുതി സമ്പ്രദായത്തിലെ പോരായ്മകളെ തുടര്‍ന്നാണ് രാജ്യത്തെ ബിസിനസ് സൗഹൃദമാക്കുവാനും വികസനത്തിന്റെ ഗതി വര്‍ദ്ധിപ്പിക്കുവാനും രാജ്യത്തിനാകെ ഒരു പൊതു നികുതി സമ്പ്രദായം അനിവാര്യമയി മാറുന്നുഎന്ന ചിന്ത പൊതുവെ ഉയര്‍ന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയും അരുണ്‍ ജറ്റ്ലി ധനമന്ത്രിയായിരിക്കവേ 2017 ജൂലൈ 1ന് ജിഎസ്ടി പ്രാവര്‍ത്തികമാക്കിയപ്പോള്‍ നയരൂപീകരണത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കളുടെ സുദീര്‍ഘകാലത്തെ വ്യാപകമായ പങ്കും ചരിത്രമാണ്. മാര്‍ക്സിസ്റ്റ് നേതാവും ബംഗാള്‍ ധനകാര്യമന്ത്രിയുമായിരുന്ന ഡോ.അശോക് മിത്രയെ അദ്ധ്യക്ഷനാക്കി സംസ്ഥാന മന്ത്രിമാരുടെ അധികാരപ്പെടുത്തപ്പെട്ട സമിതി (എംപവേര്‍ഡ് കമ്മിറ്റി ഓഫ് സ്റ്റേറ്റ് മിനിസ്റ്റേഴ്സ്) രൂപീകരിച്ചത് ജിഎസ്ടി നടപ്പാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുടെ സഹകരണവും വിശ്വാസവും ഉറപ്പാക്കിയതിന്റെ ഉദാത്ത ഇടപെടലായി. ആ പദവിയിലിരുന്നുകൊണ്ട് താനാണ് ജിഎസ്ടിക്ക് രൂപം നല്‍കിയതിന്റെ എണ്‍പത് ശതമാനം ജോലിയും ചെയ്തതെന്ന് ഡോ. മിത്ര തന്നെ അവകാശപ്പെട്ടിട്ടുണ്ട്. . ബംഗാള്‍ ജനത കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പുറത്താക്കിയതോടെ ഡോ മിത്ര രാജിവെച്ചശേഷം സുശീല്‍ കുമാര്‍ മോദിയും (ഭാരതീയ ജനതാ പാര്‍ട്ടി), അബ്ദുള്‍ റഹിം റാത്തറും (നാഷണല്‍ കോണ്‍ഫറന്‍സ്), കെ.എം. മാണിയും (കേരള കോണ്‍ഗ്രസ്സ്) ധനമന്ത്രിമാരായിരുന്നപ്പോള് എംപവേര്‍ഡ് കമ്മറ്റി അദ്ധ്യക്ഷന്മാരായി നിയോഗിക്കപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ കാലത്താണെങ്കില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ബംഗാളിലെ ധനമന്ത്രി അമിത് മിത്രയെയാണ് എംപവേര്‍ഡ് കമ്മിറ്റി അദ്ധ്യക്ഷനാക്കിയത്. അങ്ങനെ കേന്ദ്രവും സംസ്ഥാനങ്ങളും ദീര്‍ഘകാലം നടത്തിയ നിരന്തര ചര്‍ച്ചകളുടെ സൃഷ്ടിയായ ജിഎസ്ടി ആണ് മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയത്.
ജിഎസ്ടി സമ്പ്രദായത്തില്‍ സംസ്ഥാനങ്ങള്‍ക്ക് യഥേഷ്ടം പരോക്ഷ നികുതികള്‍ ചുമത്താനുള്ള അവകാശം നഷ്ടപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അക്കാര്യത്തില്‍ സ്വന്തം അവകാശങ്ങളും ത്യജിച്ചിരിക്കുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും അംഗങ്ങളായ ജിഎസ്ടി കൗണ്‍സിലിലേക്കാണ് ആ അധികാരങ്ങള്‍ നിക്ഷിപ്തമാക്കിയിട്ടുള്ളത്. പിരിക്കുമ്പോള്‍ നികുതിയുടെ പകുതി കേന്ദ്രത്തിന്
സിജിഎസ്ടി; പകുതി സംസ്ഥാനങ്ങള്‍ക്ക് എസ്ജിഎസ്ടി; കേന്ദ്രത്തിന്റെ പകുതിയില്‍ വീണ്ടും സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കുകയും ചെയ്യുന്നു. ജനങ്ങളുടെ മേല്‍ നികുതിഭാരം ഗണ്യമായി കുറഞ്ഞു (മറിച്ചുള്ള പ്രചരണങ്ങള്‍ നേരി
ന് നിരക്കാത്തതാണ്). വ്യവസായികള്‍ക്ക് നടപടിക്രമങ്ങള്‍ സുതാര്യവും ലളിതവുമായി. നികുതി യഥാര്‍ത്ഥത്തില്‍ സഹിക്കേണ്ടിവരുന്ന ജനങ്ങള്‍, നികുതി ഈടാക്കി നല്കുന്ന വാണിജ്യവ്യവസായ മേഖല, വരുമാനം ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, എല്ലാവര്ക്കും നേട്ടമായി മാറുന്ന, ‘വിന്-വിന് സിറ്റുവേഷന്’! അങ്ങനെ സഹകരണാത്മക ഫെഡറലിസത്തിന്റെ സാദ്ധ്യതകള്‍ വ്യത്യസ്തമായ തലത്തിലൂടെ തുറക്കുകയാണ് ജിഎസ്ടിയിലൂടെ പ്രായോഗികമാക്കിയത്.
അടിസ്ഥാന വികസന മേഖലയില്‍, വിവേചനമില്ലാതെ വന്‍ നിക്ഷേപം, താഴേത്തട്ടിലേക്ക് നേരിട്ട് ആനുകൂല്യങ്ങളും സഹായങ്ങളും ബാങ്ക് അക്കൗണ്ടുകളിലൂടെ നേരിട്ടെത്തിക്കുന്ന ഡയറക്ട് ബനഫിറ്റ് സമ്പ്രദായം, പാചകവാതവും വീടും കുടിവെള്ളവും ആരോഗ്യ പരിരക്ഷയും എല്ലാം സമഗ്ര സമൂഹത്തിനും ലഭ്യമാക്കാനുള്ള തീവ്ര പരിശ്രമങ്ങള്‍, തുടങ്ങിയവയൊക്കെ നല്‍കുന്നത് ആത്മനിര്‍ഭരതയിലേക്കുള്ള ഭാരതത്തിന്റെ മുന്നേറ്റം ശരിയായ മാര്ഗവ്യക്തതയോടെയാണെന്നതാണ്. ആ മുന്നേറ്റത്തിന്റെ ഗതി വേഗമാക്കാന്‍ സഹകരണാത്മക ഫെഡറലിസത്തിന്റെ ഉദാത്ത ഉള്‍ക്കാഴ്ചയോടെ സംസ്ഥാനങ്ങളും കേന്ദ്രവും ഒന്നിച്ചു മുന്നേറണം. അകത്തും പുറത്തുമുള്ള വിഘടന ശക്തികളെ പ്രതിരോധിക്കയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: