ചന്ദ്രമോഹന് കുമ്പളങ്ങാട്
(കവിയായ ലേഖകന്‍ വടക്കാഞ്ചേരി നഗരസഭാംഗവുമായിരുന്നു)
ഒരു ചിത്രംപോലും വരയ്ക്കാതെ അഥവാ വരയ്ക്കാനറിയാതെ ചിത്രകലയെക്കുറിച്ച് ഏറ്റവുമധികം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത പ്രതിഭാധനനായ എഴുത്തുകാരനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച വിജയകുമാര്‍ മേനോന്. ഭാരതീയ കലകളുടെ പ്രത്യേകിച്ച് ചിത്രകലയുടെ നിറഭേദങ്ങള്ക്കപ്പുറത്തേക്ക് സഞ്ചരിച്ച അപൂര്‍വ്വ ചാരുതയുള്ള സര്‍ഗ്ഗാത്മക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ചിത്രകലയുടെ ചരിത്രവും സാമൂഹ്യ ശാസ്ത്രവും മലയാളിയെ മനസ്സിലാക്കിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് പ്രഥമഗണനീയമാണ്. ഏറെ സങ്കീര്‍ണ്ണമായ കലാചിന്തയും കലാചരിത്രവും പുതിയ രീതി ശാസ്ത്രമുപയോഗിച്ച് മലയാളികള്‍ക്കുമുന്നില്‍ വിശകലനം ചെയ്തു അദ്ദേഹം. വിവിധ വിജ്ഞാനശാഖകളെ ചിത്രകലയുടെ വിശകലനത്തില്‍ ഉള്‍പ്പെടുത്തി കലാനിരൂപണത്തിന്റെ ലാവണ്യ ശാസ്ത്രം പ്രകടമാക്കുന്നവയാണ് വിജയകുമാര്‍ മേനോന് നിര്‍വ്വഹിച്ചിട്ടുള്ള പഠനങ്ങളും രചനകളും. സവിശേഷവും വ്യത്യസ്തവുമായ കലാപഠനങ്ങള്‍ കുറവായിരുന്ന ഒരു കാഘട്ടത്തിലാണ് മൗലികമായ നീരീക്ഷണങ്ങളും സമീപനങ്ങളുമായി വിജയകുമാര്‍ മേനോന് കടന്നുവരുന്നത്. ഇതോടെ അന്നോളം പരിചിതവും പരിമിതവുമായിരുന്ന കലാപഠന മേഖലയിലേക്ക് നവീനവും സുഗമവുമായൊരു പാത തെളിഞ്ഞു കിട്ടി.
1947 ല്‍ അനന്തന് പിള്ള-കാര്‍ത്ത്യായനി അമ്മ എന്നിവരുടെ മകനായി എളമക്കരയില്‍ ജനിച്ച വിജയകുമാര്‍ മേനോന് കാലടി ശ്രീശങ്കര കോളേജില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി 15 വര്‍ഷക്കാലം ഫാക്ടില്‍ സേവനമനുഷ്ഠിച്ചു. പിന്നീട് ജോലി രാജിവച്ച് ബറോഡ എം.എസ്. സര്‍വ്വകലാശാലയില്‍ നിന്നും കലാചരിത്രത്തില്‍ എം.എ. ബിരുദം നേടി മൈസൂര്‍ ചാമരാജേന്ദ്ര അക്കാദമി ഓഫ് വിഷ്വല്‍ ആര്‍ട്ട്സില്‍ കലാചരിത്രം – സൗന്ദര്യശാസ്ത്രം എന്നിവയുടെ അദ്ധ്യാപകനായി. തുടര്‍ന്ന് കേരളത്തിലെ വിവിധ കലാലയങ്ങളില്‍ ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തിവന്നു. ആനുകാലികങ്ങളിലും സ്കൂള്‍ -കോളേജ് പാഠപുസ്തങ്ങളിലും അദ്ദേഹത്തിന്റെ രചനകള്‍ അവയുടെ അനിവാര്യമായ സവിശേഷതകളാല്‍ ധാരാളമായി ഇടം നേടി.
ആധുനിക കലാദര്‍ശനം, രവിവര്‍മ്മ, സ്ഥലം കാലം കല, ഭാരതീയ കല ഇരുപതാം നൂറ്റാണ്ടില്‍, ഭാരതീയ കലാചരിത്രം തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം കൈരളിക്ക് സമ്മാനിച്ചു. ഭാരതീയ കലാചരിത്രം എന്ന പഠനഗ്രന്ഥത്തിന് ലഭിച്ച കേരളസാഹിത്യ അക്കാദമിയുടെ വൈജ്ഞാനികസാഹിത്യ പുരസ്കാരം, രാജാരവിവര്‍മ്മ പുരസ്കാരം, ഗുരുദര്‍ശന പുരസ്
കാരം അടക്കം നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. കലയ്ക്കും വിജ്ഞാനത്തിനും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം അവിവാഹിതനായിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി തൃശൂര്‍ജില്ലയിലെ വടക്കാഞ്ചേരി വ്യാസ ഗിരി ജ്ഞാനാശ്രമത്തിലും വ്യാസതപോവനത്തിലുമായി താമസിച്ചു വരികയായിരുന്നു. തണല്‍ തേടും മരം എന്ന ഈ ലേഖകന്റെ പ്രഥമ കവിതാ സമാഹാരത്തിന്റെ പഠനം (സാമൂഹികം) അടക്കം നിരവധി കൃതികള്‍ക്ക് അവതാരികകളും പഠനങ്ങളും നിര്‍വ്വഹിച്ചിട്ടുള്ള അദ്ദേഹം മികച്ച പരിഭാഷകനും ഈടുറ്റ പ്രഭാഷകനുമായിരുന്നു.
കേരളത്തിനകത്തും പുറത്തുമായി ധാരാളം ശിഷ്യസമ്പത്തുള്ള വിജയകുമാര്‍ മേനോന് എഴുത്തിന്റേയും അദ്ധ്യാപനത്തിന്റേയും വഴിയിലെ സാത്വികമായൊരു സാന്നിദ്ധ്യമായിരുന്നു. നിഷേധാത്മകമല്ലാത്ത നിരീശ്വരവാദവും യുക്തിചിന്തയുമായിരുന്നു അദ്ദേഹം മുറുകെപ്പിടിച്ചിരുന്നത്. താന്‍ കൈകാര്യം ചെയ്യുന്നതിനു പുറമെയുള്ള വിഷയങ്ങളിലും അഗാധമായ പാണ്ഡിത്യവും താല്‍പ്പര്യവുമുണ്ടായിരുന്ന അദ്ദേഹം തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും വിവാദങ്ങളുടെ ശബ്ദ കോലാഹലങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്നു.
സാത്വികമായ വിശുദ്ധിയോടുകൂടി ജീവിതം നയിച്ച അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു സദാ വിടര്‍ന്നു കാണുന്ന സൗമ്യമായ പുഞ്ചിരി. ദീര്‍ഘകാലമായി അനാരോഗ്യം മൂലം വല്ലാതെ കഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തോടെപ്പം സഹചാരിയായും ശുശ്രൂഷകനായും ആശയവിനിമയകാരനായുമൊക്കെ ചിലവഴിക്കാനായ ധന്യനിമിഷങ്ങളെ ഓര്‍മ്മിച്ചു കൊണ്ട് ഗുരുതുല്യനായ ആ മഹാപ്രതിഭയുടെ നിത്യസ്മരണയ്ക്കുന്നില് സാദരം പ്രണമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: