വിഷ്ണു അരവിന്ദ്
(ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
‘ബനാറസിന് ചരിത്രത്തേക്കാള്‍ പഴക്കമുണ്ട്, പാരമ്പര്യത്തേക്കാള്‍ പഴക്കമുണ്ട്, ഇതിഹാസത്തേക്കാള്‍ പഴക്കമുണ്ട്, അവയെല്ലാം ഒരുമിച്ച് ചേരുമ്പോഴുള്ള ഇരട്ടി പഴക്കമുണ്ട്.’
പ്രശസ്ത അമേരിക്കന്‍ നോവലിസ്റ്റായ മാര്‍ക്ക് ട്വെയ്ന്‍ അഭിപ്രായപ്പെട്ടത് പോലെതന്നെ ബനാറസ് ചരിത്രാതീതമാണ്. നൂറ്റാണ്ടുകളായുള്ള അധിനിവേശങ്ങളെ അതിജീവിച്ചുകൊണ്ട് സാംസ്‌കാരിക തുടര്‍ച്ച നഷ്ടപ്പെടാതെ അവകാശികളിലേക്ക് തിരികെയെത്തിയ ഏക നഗരമെന്ന് അതിനെ വിശേഷിപ്പിക്കാം. വാരണസിയുടെ മണ്ണില്‍ വന്നിറങ്ങുന്ന ഓരോ വ്യക്തിക്കും സഹസ്രാബ്ദങ്ങള്‍ കൊണ്ട് രൂപപ്പെട്ടുവന്ന നഗരത്തിന്റെ ആത്മീയ അന്തരീക്ഷം പ്രത്യക്ഷത്തില്‍ തന്നെ അനുഭവവേദ്യമാവും.
ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വാരാണസി റെയില്‍വേസ്റ്റേഷന്‍ ഓരോ യാത്രികനെയും ആദ്യമായി സ്വാഗതം ചെയ്യുന്നു. സ്റ്റേഷനില്‍ നിന്ന് റോഡിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന കാവി നിറങ്ങളോടുകൂടിയ കെട്ടിടങ്ങളുടെ ഇടയിലൂടെയുള്ള യാത്ര വരുംനിമിഷങ്ങളില്‍ നമ്മെ തേടിയെത്താനിരിക്കുന്ന ആത്മീയ അനുഭൂതിയുടെ സൂചനകള്‍ നല്‍കി തുടങ്ങുന്നു. നഗരത്തിന്റെ ചലനം ഒരു ഭാഗത്തേക്ക് മാത്രം ഒഴുകുന്നപോലെ അനുഭവപ്പെടുന്നു. അവിടെ ഭാഷയോ സ്ഥലമോ അറിയേണ്ടതില്ല. ജാതി-മത-വര്‍ണ്ണ പ്രായഭേദമില്ല. ആരുടെയും പ്രത്യേക താല്‍പ്പര്യങ്ങളും ആവശ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളില്ല. ഏവരുടെയും ചിന്തയും പ്രവൃത്തിയും ഒന്നാകുന്ന പുണ്യനഗരം.
സംസ്‌കൃതിയുടെ സിരാകേന്ദ്രം
ഭാരതത്തെക്കുറിച്ച് മലയാളിയും ലോകസഞ്ചാരിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര ഒരു അഭിമുഖത്തിനിടയില്‍ അഭിപ്രായപ്പെട്ടത് ഓര്‍മിക്കുന്നു: ”പ്രത്യേകിച്ച് ആരും നിയന്ത്രിക്കാനില്ലാതെ, പ്രത്യേകിച്ച് ഒരു വ്യവസ്ഥയും ചെയ്യാതെ ഒരു രാഷ്‌ട്രം എങ്ങനെ ഒരു ദിശയിലേക്ക് കോടാനുകോടി മനുഷ്യരുമായി സഞ്ചരിക്കുന്നുവെന്നത് നമ്മെ അത്ഭുതപെടുത്തുന്നു.” നിയന്ത്രണങ്ങളുടെയും നിയമങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ മുന്നോട്ട് നീങ്ങുന്ന യാന്ത്രികമായ പാശ്ചാത്യ ദേശ -രാഷ്‌ട്രസങ്കല്‍പ്പത്തില്‍ നിന്നും നേര്‍വിപരീതമാണ് ഭാരതമെന്ന് ഇത് സൂചിപ്പിക്കുന്നു. ബനാറസും ഈ ഭാരത സംസ്‌കൃതിയുടെ കേന്ദ്ര സ്ഥാനങ്ങളിലൊന്നാണെന്നതിന് ഒരു സംശയവുമില്ല.
വാരാണസിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് ഗംഗാതീരമാണ്. കല്ലുകള്‍ പാകിയതിനാല്‍ ഗംഗാ തീരം മുന്‍പത്തെക്കാള്‍ ഭംഗിയും വൃത്തിയുള്ളതുമായി തീര്‍ന്നിരിക്കുന്നു. വ്യത്യസ്തങ്ങളായ ജീവിതങ്ങള്‍ അവിടെ ദര്‍ശിക്കാനാവും. പിതൃതര്‍പ്പണത്തിന് നമ്മെ ക്ഷണിക്കുന്ന ആചാര്യന്മാര്‍, ഭയ്യാ- ബാബൂ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ജനങ്ങള്‍, നെറ്റിയില്‍ ചന്ദനം ചാര്‍ത്തുവാന്‍ നില്‍ക്കുന്ന കാവിവസ്ത്ര ധാരികള്‍, ശാന്തരായ കച്ചവടക്കാര്‍, തല മുണ്ഡനം ചെയ്യുന്നവര്‍, ചായ വില്‍ക്കുന്നവര്‍, കളിക്കുന്ന കുട്ടികള്‍, സംന്യാസിമാര്‍ തുടങ്ങി നിരവധി ജീവിതങ്ങളെ തീരത്ത് നമ്മള്‍ കണ്ടുമുട്ടും. ഇവിടെയെത്തുന്ന ഏതൊരു വ്യക്തിയുടെയും ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഇത് ധാരാളം മാറ്റമുണ്ടാക്കും. ഉറപ്പായും അവരുടെ ചിന്താ മണ്ഡലം കൂടുതല്‍ വിശാലമാകും. ഗംഗ തീരത്തെ എണ്‍പത്തിയഞ്ചോളം ഘാട്ടുകളില്‍ സന്ധ്യമുതല്‍ ആരംഭിക്കുന്ന ദ്വീപാരാധനയും ദര്‍ശനത്തിനായെത്തുന്ന ആയിരങ്ങളും ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഏവരെയും ഓര്‍മപ്പെടുത്തുന്നു.
ഗംഗ ആരതിയും ഒപ്പം ഹര്‍ ഹര്‍ മഹാദേവ് പ്രാര്‍ത്ഥനയുമുയരുമ്പോള്‍ അവിടെയെത്തിയിട്ടുള്ള വിദേശ സഞ്ചാരികളുടെ മുഖത്തെ അത്ഭുതവും ആശ്ചര്യവും സന്തോഷവും ഇത് വ്യക്തമാക്കുന്നു. തീര്‍ച്ചയായും മലയാളികള്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കും.
ക്ഷേത്രം വീണ്ടും പഴയ പ്രൗഢിയിലേക്ക്
ഭാരതത്തിലെ പന്ത്രണ്ട് ജ്യോതിര്‍ ലിംഗങ്ങളില്‍ ഒന്നാണ് കാശിയിലെ വിശ്വേശരന്‍. ക്ഷേത്രത്തിലേക്ക് നാല് പ്രവേശന കവാടങ്ങളുണ്ട്. ഇരുവശത്തുമായി കെട്ടിടങ്ങളാല്‍ നിറഞ്ഞ ഗല്ലികള്‍ എന്നറിയപ്പെടുന്ന ഇടവഴികളിലൂടെ നമ്മള്‍ എത്തിച്ചേരുന്നത് ക്ഷേത്ര ഭൂമിയിലേക്കാണ്. ഇന്നത്തെ ക്ഷേത്രം നിരവധി തവണ ആക്രമണത്തിനിരയായിട്ടുണ്ട്.
1194 ല്‍ മുഹമ്മദ് ഗോറിയാണ് ആദ്യമായി ക്ഷേത്രം തകര്‍ക്കുന്നത്. പുനര്‍നിര്‍മ്മാണം നടക്കുന്ന വേളയില്‍ കുത്തബ്ദീന്‍ ഐബക്കും തകര്‍ത്തു. 1494 ല്‍ സിക്കന്തര്‍ ലോധി ക്ഷേത്രം തകര്‍ക്കുക മാത്രമല്ല നിര്‍മ്മാണം വിലക്കുകയും ചെയ്തു. പിന്നീട് വിലക്ക് നീക്കി. 1669 ല്‍ ഔറംഗസേബ് ക്ഷേത്രം തകര്‍ത്ത് തല്‍സ്ഥാനത്ത് ഇസ്ലാമിക പള്ളി പണിയുകയും ചെയ്തു. തുടര്‍ന്ന് 1780 ല്‍ റാണി അഹല്യ ഹോള്‍ക്കര്‍ വീണ്ടും ക്ഷേത്രം പണിയുകയും 1835 ല്‍ പഞ്ചാബിലെ മഹാരാജാവ് രഞ്ജിത്ത് സിങ് ക്ഷേത്രഗോപുരം സ്വര്‍ണ്ണം പൂശുകയും ചെയ്തു. ഇന്നും അധിനിവേശത്തിന്റെ ബാക്കിപത്രമായി ക്ഷേത്രത്തില്‍ അവശേഷിക്കുന്നത് മസ്ജിദും നന്ദീശ്വര വിഗ്രഹവുമാണ്. മസ്ജിദിലേക്ക് നോക്കിയിരിക്കുന്ന നന്ദീശ്വര വിഗ്രഹം ഏതൊരു വിശ്വാസിയുടെയും ഹൃദയം നുറുങ്ങുന്ന കാഴ്ചയാണ്. ആ വിഗ്രഹം നേരിട്ട് കാണുമ്പോള്‍ നമ്മളിലുണ്ടാവുന്ന വികാരം വാക്കുകള്‍ക്കതീതമാണ്.
ആയിരത്തിലധികം വര്‍ഷം നീണ്ടുനിന്ന അധിനിവേശത്തില്‍ നിന്നും മോചനം നേടിക്കൊണ്ട് കാശി ക്ഷേത്രം ഇന്ന് പഴയകാല പ്രൗഢിയിലേക്ക് തിരികെയെത്തികൊണ്ടിരിക്കുന്നു. ക്ഷേത്ര പരിസരം കയ്യേറ്റങ്ങളുടെ കേന്ദ്രമായി. നിരവധി കെട്ടിട്ടങ്ങളാല്‍ പുരാതന കാലം മുതല്‍ ക്ഷേത്രവും ഗംഗ നദിയുമായുണ്ടായിരുന്ന ബന്ധം വിഛേദിക്കപ്പെട്ടു. ക്ഷേത്ര പുനരുദ്ധാരണത്തിനായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആവശ്യം പ്രവര്‍ത്തികമാക്കാനുള്ള കൂടിയാലോചനകള്‍ 2014 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചു. 2017 ല്‍ യോഗി ആദിത്യ നാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതോടെ നടപടി ക്രമങ്ങള്‍ക്ക് ഇരട്ടി വേഗം കൈവന്നു. 2018 ല്‍ കാശി വിശ്വനാഥ് സ്‌പെഷ്യല്‍ ഏരിയ ഡെവലപ്പ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുകയും, ക്ഷേത്ര പരിസരത്തെ 300 ലധികം കെട്ടിടങ്ങള്‍ വിലയ്‌ക്കുവാങ്ങി നീക്കം ചെയ്യുകയുമുണ്ടായി. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടയില്‍ ധാരാളം ചെറു ക്ഷേത്രങ്ങള്‍ കണ്ടെത്തുകയുണ്ടായി. പൊളിക്കലിനെതിരെ ചിലര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കണ്ടെത്തിയ ക്ഷേത്രങ്ങള്‍ സംരക്ഷിക്കണമെന്ന ഉത്തരവോടെ പരാതിക്കാരുടെ ഹര്‍ജി കോടതി തള്ളി. 2019 ല്‍ തന്നെ പുനരുദ്ധരണത്തിനായുള്ള പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു. ഗുജറാത്തിലെ എച്ച്‌സിപി ഡിസൈന്‍ എന്ന കമ്പനി സമര്‍പ്പിച്ച രൂപകല്‍പ്പന അംഗീകരിച്ചുകൊണ്ട് 800 കോടിയുടെ പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. ഇതില്‍ 300 കൊടിയോളം രൂപ ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരമായും അവരുടെ പുനരധിവാസത്തിനായും ചെലവാക്കി.
ഏറ്റവും പ്രധാനപ്പെട്ടത് കാശി ധാം പദ്ധതിയാണ്. 339 കോടി രൂപ മുടക്കി 50,200 സ്‌ക്വയര്‍ മീറ്ററിലുള്ള പദ്ധതി ക്ഷേത്രത്തെ ഗംഗാ നദിയുമായി ബന്ധിപ്പിക്കുന്നു. ഭക്തര്‍ക്ക് ഗംഗയില്‍ നിന്ന് ജലം ശേഖരിച്ച് 320 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുള്ള പാതയിലൂടെ ക്ഷേത്രത്തിലേക്ക് എത്തുവാന്‍ സൗകര്യം ഒരുക്കുന്നു. കോവിഡ് വ്യാപനം നിര്‍മ്മാണത്തെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രത്യേക ശ്രദ്ധ പദ്ധതിക്കുമേലുണ്ടായിരുന്നു. രണ്ട് വര്‍ഷത്തിനിടയില്‍ അന്‍പതില്‍ അധികം തവണ അദ്ദേഹം നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്താനായെത്തി.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം 2021 ഡിസംബറില്‍ നടന്നു. ക്ഷേത്രത്തില്‍ ഒരേസമയം 50,000 ത്തോളം പേരെയും കോംപ്ലക്‌സ്‌കില്‍ 75,000 പേരെയും ഉള്‍ക്കൊള്ളാനാവും. ഭക്തരുടെ വിവിധ ആവശ്യങ്ങള്‍ക്കായി മ്യൂസിയം, ലൈബ്രറി, ഫെസിലിറ്റേഷന്‍ സെന്റര്‍, മുമുക്ഷ ഭവന്‍, ഭക്ഷണ ശാല എന്നിവയടക്കം ഇരുപത്തി നാലോളം നിര്‍മിതികള്‍ പദ്ധതിയുടെ ഭാഗമാണ്.
അനുബന്ധമായി വാരാണസിയില്‍ 1800 കോടി രൂപ ചെലവ് വരുന്ന ഒന്നിലധികം വികസന പദ്ധതികള്‍ക്ക് 2022 ജൂലൈയില്‍ പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇന്ന് ജനലക്ഷങ്ങള്‍ ഗംഗാ നദിക്കരയിലേക്ക് ഒഴുകുന്നു.
ആത്മീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പ്
ഉത്തര്‍പ്രദേശ് ടൂറിസം ഡിപ്പാര്‍ട്‌മെന്റിന്റെ കണക്ക് പ്രകാരം ഒരു വര്‍ഷം 87 ലക്ഷം പേരാണ് കാശി സന്ദര്‍ശിക്കുക. പ്രധാനമന്ത്രി ഒന്നാം ഘട്ടം ഉദ്ഘാടനം നിര്‍വഹിച്ച് ഒരാഴ്ചയ്‌ക്ക് ശേഷം 2022 ജനുവരി ഒന്നാം തീയതി മാത്രം അഞ്ചു ലക്ഷം പേര് കാശിയിലേക്ക് ഒഴുകി. മഹാശിവരാത്രി ദിവസം പോലും രണ്ടര ലക്ഷം പേരില്‍ കൂടുതല്‍ എത്താതിരുന്ന സ്ഥാനത്താണ് ഒറ്റ ദിവസം ഇത്രയും ആളുകള്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. ഏറ്റവും ശ്രദ്ധിക്കേണ്ടത് ഇവിടെയെത്തുന്ന യുവതീ യുവാക്കളുടെ വര്‍ദ്ധിച്ചു വരുന്ന എണ്ണമാണ്.
ദേശീയ തലത്തില്‍ മാത്രമല്ല അന്താരാഷ്‌ട്ര തലത്തിലും കാശിക്ക് അംഗീകാരം ലഭിക്കുന്നു. ഭാരതം, റഷ്യ, ചൈന, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ഷാങ്ങായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 2022-23 വര്‍ഷത്തെയും ആദ്യത്തെതുമായ ‘ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ ക്യാപിറ്റല്‍’ ആയി കാശിയെ നാമകരണം ചെയ്തു. ലോക ജിഡിപിയുടെ 30 ശതമാനവും ജനസംഖ്യയുടെ 40 ശതമാനവും ഉള്‍ക്കൊള്ളുന്ന കൂട്ടായ്മയുടെ അംഗീകരമാണ് കാശിക്ക് ലഭിച്ചത്. ഭാരതത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ മൂല്യങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് കാശി ധാം പദ്ധതിയിലൂടെ ഉണ്ടാവുന്നത് . ഒരു സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ വീണ്ടെടുക്കലാണത്.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഭാരതത്തിനോ ഭാരതീയര്‍ക്കോ മാത്രം വേണ്ടിയല്ല, ഈ ലോകത്തിനും സമ്പൂര്‍ണ മാനവരാശിക്കും വേണ്ടിയാണ്. ആഗോള പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കുന്ന ലോകം ഇന്ന് ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തോടെയും വികാസത്തോടെയും വീണ്ടെടുക്കുന്നത് ഈ ഒരു സംസ്‌കാരത്തെയും മൂല്യങ്ങളേയുമാണ്. അത് ഈ ലോകത്തിന്റെ മുന്നോട്ടുള്ള യാത്രയെ നയിക്കുവാന്‍ പ്രാപ്തിയുള്ളതാണ്. പുരാതന കാലത്ത് അറിയപ്പെട്ടിരുന്നതുപോലെ ഭാവി ലോകത്തിന്റെ മുക്തിയുടെയും മോക്ഷത്തിന്റെയും കേന്ദ്രമായി കാശി ക്ഷേത്രവും ഗംഗാ തീരവും ബനാറസ് നഗരവും മാറുമെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: