തൃശ്ശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡ് മെംബറുടെ ആത്മഹത്യയിലും ദേവസ്വം നിയമനങ്ങളിലെ അഴിമതിയിലും പ്രസിഡന്റ് നന്ദകുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാര്‍ ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളവര്‍മ്മ കോളേജിലെ അധ്യാപക നിയമനത്തിന് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് മെംബര്‍ നാരായണന് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ ഇതിനെക്കുറിച്ച് വ്യക്തമായി സൂചിപ്പിച്ചിരുന്നെങ്കിലും നിയമനത്തിന് കോഴ വാങ്ങാന്‍ നിര്‍ദ്ദേശിച്ച് മെംബറെ ആത്മഹത്യയിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. പോലീസ് അന്വേഷണം രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അവസാനിച്ച മട്ടാണ്.
ദേവസ്വം പ്രസിഡന്റ് അറിയാതെ കോഴ വാങ്ങി നിയമനം നടത്താന്‍ കഴിയില്ലെന്നിരിക്കെ ഈ സംഭവത്തില്‍ അന്വേഷണം നടത്തി ദേവസ്വം പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണം. പണം നല്‍കിയിട്ടും നിയമനം ലഭിക്കാതെ വന്ന അധ്യാപകന് കേസിന് പോകുമെന്ന ഘട്ടം വന്നപ്പോള്‍ കെമിസ്ട്രിയില്‍ ഒഴിവില്ലാത്ത തസ്തികയില്‍ അനധികൃതമായി ഈ അധ്യാപകന് നിയമനം നല്കി തടിതപ്പുകയാണ് ദേവസ്വം ചെയ്തത്. ഈ നിയമനം ഇപ്പോള്‍ ഹൈക്കോടതിയില്‍ കേസായിരിക്കുകയാണ്.
നന്ദകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായതിന് ശേഷം വന്‍ അഴിമതിയാണ് നിയമനങ്ങളില്‍ നടക്കുന്നത്. മെറിറ്റ് മറികടന്ന് സ്വജനപക്ഷപാതത്തിലൂടെയാണ് നിയമനങ്ങള്‍ മുഴുവന്‍ നടക്കുന്നത്. ദേവസ്വം ഓഫീസിലും ക്ഷേത്രങ്ങളിലും അനര്‍ഹരായവരെ അലവന്‍സ് ജീവനക്കാരായി തിരുകിക്കയറ്റി പിന്നീട് സ്ഥിരപ്പെടുത്തുന്ന തട്ടിപ്പാണ് നടക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷം കൊച്ചിന് ദേവസ്വത്തിന് കീഴില്‍ നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും നിയമന വിവരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് പറയാനും തൃശ്ശൂര്‍ ജില്ലക്കാരന് കൂടിയായ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് തയ്യാറാകണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: