ഗുരുവായൂര്‍: ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പാലക്കാട് അലനെല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ ആദ്യ വിളക്കോടുകൂടിയാണ് ഏകാദശി വിളക്കാഘോഷത്തിന് തുടക്കമാകുന്നത്. കഴിഞ്ഞ 100 വര്‍ഷമായി മുടക്കം കൂടാതെ ആദ്യത്തെ വിളക്ക് നടത്തുന്നത് അമ്മിണിയമ്മയുടെ വകയായാണ്. തുടര്‍ന്ന് 28 ദിവസം വ്യക്തികളും, സ്ഥാപനങ്ങളും, സംഘടനകളും വിളക്കാഘോഷം നടത്തും. ആഘോഷമായി നടത്തപ്പെടുന്നതാണ് ഇതില്‍ പല ചുറ്റുവിളക്കുകളും.
രണ്ടുനേരം മൂന്നാനകളോടെ നടക്കുന്ന കാഴ്ചശീവേലിക്ക്, കേരളത്തിലെ വാദ്യകുലപതികള്‍ അണിനിരക്കുന്ന പഞ്ചാരിമേളം ക്ഷേത്രാങ്കണത്തില്‍ അരങ്ങുതകര്‍ക്കും. പഞ്ചവാദ്യം, തായമ്പക, കേളി തുടങ്ങിയവയും, ഒപ്പം ക്ഷേത്രം ചുറ്റമ്പലത്തിലെ പതിനായിരത്തോളം വരുന്ന ചുറ്റുവിളക്കുകളും തെളിഞ്ഞ് കത്തുന്നതോടെ വാതാലയേശന്റെ തിരുമുറ്റം ആഘോഷത്തിമര്‍പ്പില്‍ ആറാടും. ചുറ്റുവിളക്ക് നടത്തുന്നവരുടെ വകയായി പല ദിവസങ്ങളിലും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളും നടക്കും. സംഗീതോത്സവത്തിന്റെ ഭാഗമായി 17ന് ദേശീയ സെമിനാറും ഉണ്ടായിരിക്കും. ഏകാദശി വിളക്കാഘോഷത്തിന് മുന്നോടിയായി ദേവസ്വം പെന്‍ഷനേഴ്സ് അസോസിയേഷന് ഇന്നലെ വൈകിട്ട് ഏകാദശി വിളംബര നാമജപ ഘോഷയാത്ര നടത്തി. സത്രം ഗെയ്റ്റ് പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര, കിഴക്കേ ദീപസ്തംഭത്തിനു മുന്നില്‍ സമാപിച്ചു.
ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ദേവസ്വം കാര്യാലയ ഗണപതിക്ക് നിറമാല, കേളി, വിശേഷാല്‍ പൂജ, ദീപാലങ്കാരം എന്നിവയും ഉണ്ടായിരുന്നു. ശനിയാഴ്ച ക്ഷേത്രം തന്ത്രി മുഖ്യന്റെ വകയായുള്ള ചുറ്റുവിളക്കിന് ഇടയ്ക്കാ നാദസ്വരത്തോടെയാണ് ആഘോഷം. ഏകാദശിയോടനുബന്ധിച്ച് 15 ദിവസം നീണ്ടുനില്‍ക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് 18ന് തിരശ്ശീല ഉയരും. 19ന് രാവിലെ ശ്രീലകത്തുനിന്നും പകരുന്ന ദീപം, ചെമ്പൈ സംഗീതമണ്ഡപത്തിലെ നിലവിളക്കില്‍ തെളിയിക്കുന്നതോടെ സംഗീതാര്‍ച്ചനക്ക് തുടക്കമാകും. തുടര്‍ന്നുള്ള 15 ദിനരാത്രങ്ങള്‍ ഗുരുപവനപുരി സംഗീതലഹരിയില്‍ നിറഞ്ഞുനില്ക്കും. പാടിപ്പതിഞ്ഞവരും തുടക്കക്കാരുമായ 3000 ത്തോളം പേര് കണ്ണന്റെ മുന്നില്‍ സംഗീതാര്‍ച്ചന നടത്തും. ഡിസം. രണ്ടിന് നൂറിലേറെ സംഗീതകുലപതികള്‍ പങ്കെടുക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപനവും മണ്മറഞ്ഞ ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ സ്മരണ പുതുക്കുന്ന ഗജഘോഷയാത്രയും ഉണ്ടായിരിക്കും.
തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ഗജഘോഷയാത്രക്ക് ഗുരുവായൂര്‍ ദേവസ്വം ആനത്തറവാട്ടിലെ ഒട്ടുമിക്ക ആനകളും പങ്കെടുക്കും. ഏകാദശി ദിവസം അര്‍ധരാത്രിയോടെ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഇഷ്ടകീര്‍ത്തനമായ ‘കരുണചെയ്വാനെന്തു താമസം കൃഷ്ണാ’ എന്ന കീര്‍ത്തനത്തോടെ ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോത്സവത്തിന് തിരശ്ശീലവീഴും. ഡിസം. മൂന്നിനാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. ഏകാദശി ദിവസം ദേവസ്വം വകയായി ഉദയാസ്തമന പൂജയോടെയാണ് വിളക്കാഘോഷം കൊണ്ടാടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: