ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്
(കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളേജിലെ മലയാള ഗവേഷണ വിഭാഗം അധ്യക്ഷനും തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമാണ് ലേഖകന്‍)
”ഇടുങ്ങിയ, നിരപ്പായ,
തേഞ്ഞപാതകള്‍ വിട്ടു നീ
ഉന്നതങ്ങളില്‍ മേഘങ്ങ
ളൊത്തുമേയുന്ന വേളയില്‍
പൊന്‍ കോലം കേറ്റുവാന്‍ കുമ്പി
ട്ടീലല്ലോ നിന്റെ മസ്തകം
ഇരുമ്പുകൂച്ചാല്‍ ബന്ധിക്ക
പ്പെട്ടീലല്ലോ പദങ്ങളും.”
– മേഘരൂപന്‍ – ആറ്റൂര്‍ രവിവര്‍മ്മ
ധീരതയുടെ സൂക്ഷ്മമുദ്രയായിരുന്നു ടി.പി.രാജീവന്. നോവലിലും കവിതയിലും പുതുവഴി ചെത്തിക്കോരിയ പ്രതിഭാശാലി. മലയാളത്തിലെ ആധുനികകവിത ഉത്തരാധുനികമായ വഴിയിലേക്ക് തിരിഞ്ഞ സന്ദര്‍ഭത്തില്‍ ഏറ്റവും കാതലുള്ള കവിതകള്‍ എഴുതിയ കവികുലത്തില്‍ ടി.പി.രാജീവന് തെളിഞ്ഞു നിന്നു. മലയാള കാവ്യപാരമ്പര്യത്തെ സൂക്ഷ്മമായി ആഗിരണം ചെയ്ത മികച്ച നിരവധി കവിതകള്‍ അക്കാലത്ത് ടി.പി.രാജീവനില്‍ നിന്ന് മലയാള ഭാവനയ്ക്ക് കൈവന്നു. മലയാള കവിതയുടെ നവചരിത്രത്തില് ടി.പി.രാജീവന് നിര്‍വഹിച്ചത് വാസ്തവത്തില്‍ യുഗധര്‍മ്മം ആയിരുന്നു. പഴയ കെട്ടുപാടുകളില്‍ നിന്ന് വഴുതിമാറി ആഖ്യാന ഭാഷയിലും ഇതിവൃത്ത സ്വീകരണത്തിലും പുതുമ നിറച്ചു അദ്ദേഹം. സംസ്കാര വിമര്‍ശനത്തിന്റെ വഴിയിലൂടെ മുന്നേറിയ ടിപിയുടെ കാവ്യലോകം വാക്കിന്റെ മൂര്ച്ചയാല് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും അവയുടെ പ്രാധാന്യം നമ്മുടെ കാവ്യനിരൂപകന്മാര്‍ തിരിച്ചറിഞ്ഞില്ല. അറിഞ്ഞവര്‍ തന്നെ ആ യാഥാര്‍ത്ഥ്യം മൂടിവെക്കുവാനാണ് പരമാവധി ശ്രമിച്ചത്.
എന്തുകൊണ്ടാണ് ടി.പി.രാജീവനെ ഇവ്വിധം തമസ്കരിക്കുവാന്‍ ഗൂഢശക്തികള്‍ ശ്രമിച്ചതെന്ന ചോദ്യം ഈ സന്ദര്‍ഭത്തില്‍ ഉയരേണ്ടതാണ്. മലയാളത്തിലെ മികച്ച പുതുനിരക്കവി എന്ന നിലയില്‍ മാത്രമല്ല പിന്നീട് ടി.പി.രാജീവന് അറിയപ്പെട്ടത്. ഉത്തരാധുനികമായ സാംസ്കാരിക പരിസരത്തില്‍ ഏറ്റവും മികച്ച നിലയില്‍ നോവല്‍ എന്ന സംസ്കാരരൂപത്തെ ആവിഷ്കരിച്ച എഴുത്തുകാരന് എന്ന നിലയില്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകം’ എന്ന കൃതി മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളുടെ നിരയിലാണ് നിലകൊള്ളുന്നത്. പിന്നീട് സിനിമയുടെ മാധ്യമത്തിലേക്കും ഈ നോവല്‍ വളര്‍ന്നു പന്തലിച്ചു. ‘കെടിഎന്‍ കോട്ടൂര്‍’ എന്ന ടി.പി.രാജീവന്റെ നോവലും വായനാസമൂഹം ഇരുകയ്യുംനീട്ടി സ്വീകരിച്ചു. എം.സുകുമാരന്റെ തീവ്ര ഇടതുരാഷ്ട്രീയജാഗ്രതയെ ഒപ്പിയെടുത്ത് ‘ക്രിയാശേഷ’മെന്ന നോവലെഴുതി നവഭാവുകത്വത്തിന് ഇന്ധനമേകി ടി.പി.രാജീവനിലെ സതതോത്സാഹി. മലയാളത്തിലെ രാഷ്ട്രീയ നോവലുകളുടെ ചരിത്രത്തില്‍ തിളങ്ങുന്ന കണ്ണിയായ ഈ നോവല്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തപ്പെട്ടിട്ടില്ല.
ഇവ കൂടാതെ ടി.പി.രാജീവന് എഴുതിയ മികച്ച ലേഖന സമാഹാരങ്ങളും നാം മറന്നുകൂടാ. അധികാരാസക്തിക്കും കപട സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള ബ്രഹ്മാസ്ത്രങ്ങളായിരുന്നു അവ പലതും. നമ്മുടെ സാഹിത്യത്തിന്റെ താപനില കൃത്യമായി തൊട്ടറിയുന്ന ഈ കതിര്‍ക്കനമുള്ള ലേഖനങ്ങള്‍ ടി.പി.രാജീവനിലെ ചിന്താബന്ധുവിനെ നേര് തലത്തില്‍ കാട്ടിത്തരുന്നു. സഞ്ചാരിയായ എഴുത്തുകാരന് കൂടിയായിരുന്നു അദ്ദേഹം. അതിന്റെ സത്ഫലം എന്നോണം മലയാളത്തിന് മികച്ച നിരവധി യാത്രാവിവരണ ഗ്രന്ഥങ്ങളും കൈവന്നു. ജന്മഭൂമിയിലും മാതൃഭൂമിയിലും ഭാഷാപോഷിണിയിലും മലയാളം വാരികയിലും കേരള കൗമുദിയിലും മറ്റുംമറ്റും എഴുതിയ കാമ്പുറ്റ ചില കുറിപ്പുകള്‍ പുതിയ ആലോചനകളെ പ്രസവിക്കുന്നവയായിരുന്നു. ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതിയ മൂര്‍ച്ചയുള്ള ലേഖനങ്ങളും മറക്കാനാവില്ല. നിര്‍ഭയനായ ഒരാള്‍ക്കുമാത്രം എഴുതാന്‍ സാധിക്കുന്നതായിരുന്നു അവയൊക്കെ. അഭിപ്രായ ധീരതയുടെ കൊടിയടയാളങ്ങളായിരുന്നു പുതുമയും ജാഗ്രതയും ലയിച്ചു ചേര്‍ന്ന ആ ലേഖനങ്ങള്‍. വാസ്തവത്തില്‍ കുറ്റിയറ്റു പോകുന്ന ഒരു വംശ പരമ്പരയുടെ അവസാന കണ്ണികളില്‍ ഒന്നാണ് ടി.പി.രാജീവിന്റെ മരണത്തോടെ മുറിഞ്ഞു പോകുന്നത്. കുട്ടികൃഷ്ണമാരാരും എം.ഗോവിന്ദനും സി.ജെ.തോമസും എംജിഎസ് നാരായണനും എം.വി ദേവനും എം.ഗംഗാധരനും മറ്റും വളം നല്കി വളര്‍ത്തിയെടുത്ത ധീരതയുടെ പാരമ്പര്യമായിരുന്നു ടി.പി.രാജീവന്റെയും ഊര്‍ജ്ജ ഖനി. ടിപിയുടെ സാംസ്കാരിക പ്രവര്‍ത്തനത്തിന് മൂലധനം ആയി വര്‍ത്തിച്ചത് നിര്‍ഭയത്വത്തിന്റെ ഈ വഴിയായിരുന്നു. ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങളില്‍ വരെ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തിന്റെ നെറികെട്ട നടപടികള്‍ക്കെതിരെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും നിരന്തരമായി അദ്ദേഹം കലഹിച്ചു. ടി.പി. ചന്ദ്രശേഖരന് നിഷ്ഠൂരമായി കൊല്ലപ്പെട്ടപ്പോള്‍ കേരളത്തിന്റെ സാംസ്കാരികലോകം മഹാമൗനത്തിലാണ്ടുപോയ ഇരുണ്ട സന്ദര്‍ഭത്തില്‍ ഇരുട്ടിനെ കീറുന്ന വജ്രസൂചിയായി പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും മുന്‍നിരയില്‍ ടി.പി.രാജീവന് നിലയുറപ്പിച്ചു. കെട്ടകാലത്തിന്റെ സ്റ്റാലിനിസ്റ്റ് പേക്കൂത്തുകള്‍ക്കും കൊടിയ അനീതിക്കുമെതിരെ പൊരുതാന്‍ ടി.പി.രാജീവന് അരയും തലയും മുറുക്കി ആവേശത്തോടെ നിലകൊണ്ടു.
പദവിക്കും അധികാരത്തിനും പുരസ്കാരത്തിനും വേണ്ടി സ്വന്തം വാക്കിനെ വ്യഭിചരിക്കാത്ത ഈ എഴുത്തുകാരനെ മലയാളം മറക്കില്ല. എഴുത്തോ നിന്റെ കഴുത്തോ ഏതാണ് പ്രധാനപ്പെട്ടത് എന്ന ചോദ്യത്തിന് എഴുത്തെന്ന് മറുപടി പറയാന്‍ അദ്ദേഹത്തിന് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നിട്ടില്ല. സൗഹൃദങ്ങളെ ഉള്ളിന്റെ ഉള്ളില്‍ ആത്മാവിന്റെ മധുരമായി ശേഖരിക്കുവാന്‍ ഇച്ഛിച്ച ജ്യേഷ്ഠസുഹൃത്ത് ആയിരുന്നു എനിക്ക് ടി.പി രാജീവന്. പുതിയ പുസ്തകങ്ങള്‍ വായിച്ചാലുടനെത്തന്നെ ദീര്‍ഘമായി എന്നോട് അതിനെ അധികരിച്ച് ടെലിഫോണിലൂടെ സംസാരിക്കുമായിരുന്നു. അതിവിപുലമായ വായനയായിരുന്നു രാജീവന്റെ കരുത്തിന്റെ ചേരുവകളിലൊന്നെന്ന് എനിക്ക് ബോധ്യമായ നിമിഷങ്ങളായിരുന്നു അവ. പാശ്ചാത്യ സാഹിത്യത്തിലും പൗരസ്ത്യ സാഹിത്യത്തിലും വ്യാപകമായ വിധത്തില്‍ സഞ്ചരിച്ച സര്ഗാത്മകമനസ്സായിരുന്നു അദ്ദേഹത്തിന്റെ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ആധാര ശക്തി. കമ്യൂണിസത്തിന്റെ പേരില്‍ നടക്കുന്ന സാംസ്കാരിക വേദികളിലെ ഏകാധിപത്യത്തിനെതിരെ ഏറ്റവും ശക്തമായ നിലപാട് സ്വീകരിച്ചു മുന്നോട്ടു നീങ്ങിയിരുന്നു ഈ ദേശസ്നേഹിയായ എഴുത്തുകാരന്.
മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്രുവിനെയും സ്നേഹിച്ച ഒരു മനസ്സ് അദ്ദേഹത്തില്‍ കെടാതെ നിന്നു. എന്നാല്‍ കോണ്‍ഗ്രസ് അതിന്റെ അനിവാര്യമായ അപചയത്തിലേക്ക് കോപ്പു കുത്തിയപ്പോള്‍ അവിടെയും തിരുത്തല്‍ ശക്തിയായി നിലകൊള്ളുവാന്‍ ടി.പി.രാജീവന് തയ്യാറായിരുന്നു. കേരളത്തിന്റെ സാംസ്കാരിക വകുപ്പില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനത്ത് കോണ്‍ഗ്രസ് ഭരണകാലത്ത് ഇടക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ മായം ചേര്‍ക്കാതെ തന്നെ ആ സ്ഥാനം രാജിവെച്ചു ഒഴിയുവാന്‍ അദ്ദേഹം ശ്രമിച്ചു എന്നത് ആ എഴുത്തുകാരന്റെ ഉള്ളിന്റെ ഉള്ളിലെ ആത്മാര്‍ത്ഥതയുടെ സൂചനയായി എടുക്കുവാന്‍ സാധിക്കും.
ടി.പി.രാജീവന് എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനെ മലയാളികളെക്കാളും കൂടുതല്‍ സ്നേഹിച്ചതും ആദരിച്ചതും വിദേശീയരാണ് എന്ന് പറയേണ്ടിവരും. അന്തര്‍ദേശീയ കാവ്യോത്സവങ്ങളില്‍ ടി.പി.രാജീവന് നിത്യ സാന്നിധ്യമായിരുന്നു. കഠിനമായ വൃക്ക രോഗവും കരള്‍ രോഗവും കാര്‍ന്നു തിന്നുമ്പോഴും എഴുത്തിന്റെ വഴിയില്‍ തനിക്കിനി ഏറെ മുന്നേറാന്‍ ഉണ്ടെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. ആ മഹാ പ്രതിഭയുടെ അഗ്നി കെട്ടിരുന്നില്ല, ജീവിത സന്ധ്യയിലും എന്നു സാക്ഷ്യപ്പെടുത്തുന്ന ചില കവിതകള്‍ സമീപകാലത്തും വെളിച്ചം കണ്ടിരുന്നു. 1970കളിലെ ലിറ്റില്‍ മാഗസിനുകളില്‍ നിന്ന് ആരംഭിക്കുന്നു ടി.പി.രാജീവന്റെ വരവ്. മുഖ്യധാര മാധ്യമങ്ങളിലേക്കും പിന്നീടത് എത്തിച്ചേരുന്നുണ്ട്. തീവ്ര ഇടതുരാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്ന ഒരു ഭൂതകാലം ഉണ്ടായിരുന്നു. പിന്നീട് അയ്യപ്പപ്പണിക്കരുടെയും ആറ്റൂര്‍ രവിവര്‍മ്മയുടെയും എം.ഗംഗാധരന്റെയും സി.ആര് പരമേശ്വരന്റെയും സമ്പര്‍ക്കത്തില്‍ വന്നതോടെ ചിന്താപരമായ സ്വാതന്ത്ര്യത്തിലേക്ക് ആ മനസ് പാകപ്പെട്ടു. ഇതിന്റെ ഗുണഫലമെന്നോണം ഇടത് രാഷ്ട്രീയത്തിന്റെ ദുര്താപം ക്രമേണ ഒഴിവാകുകയായിരുന്നു ടിപിയുടെ ചിന്താലോകത്തില്‍ നിന്ന്.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ തനിക്ക് അര്‍ഹമായ പിആര്‍ഒ തസ്തിക നിഷേധിക്കപ്പെട്ടപ്പോള്‍ കരുത്തോടെ അതിനെതിരെ പൊരുതിയത് രാജീവന്റെ ജീവിതത്തിലെ സംഘര്‍ഷപൂര്‍ണമായ ഒരു കാലമായിരുന്നു. നോവല്‍ എഴുതിയും തിരക്കഥയെഴുതിയും കവിതയെഴുതിയും മറ്റും കൈവന്ന പണം സ്വരുക്കൂട്ടി ധൂര്‍ത്തനായി സഞ്ചരിക്കുവാന്‍ അദ്ദേഹം ശ്രമിച്ചതേയില്ല. ഫീസ് കൊടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് മറ്റാരുമറിയാതെ പണം നല്കുവാനും നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ ചെലവ് നല്കുവാനും ഈ മനുഷ്യനെന്നും തയ്യാറായിരുന്നു. ആരോഗ്യം ക്ഷയിച്ച് സാമ്പത്തിക പരാധീനതകള്‍ വലയം ചെയ്തപ്പോഴും രാഷ്ട്രീയ ഭിക്ഷാംദേഹിയായി അധികാരകേന്ദ്രങ്ങളുടെ മുമ്പില്‍ ഇരക്കുവാന്‍ ആ എഴുത്തുകാരന് ശ്രമിച്ചതേയില്ല എന്നതും ഇത്തരുണത്തില്‍ സ്മരണീയമാണ്. ആധുനികാനന്തര മലയാളസാഹിത്യം ഏറെ കടപ്പെട്ടിട്ടുണ്ട് ടി.പി.രാജീവനോട്. വാസ്തവത്തില്‍ നാം വേണ്ട വിധത്തില്‍ അദ്ദേഹത്തെ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്. സിലബസ്സുകളില്‍ നിന്ന് പോലും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ വെട്ടിമാറ്റപ്പെട്ടു അദ്ദേഹത്തിന്റെ രചനകള്‍. കേരള സര്‍ക്കാരിന്റെ സാംസ്കാരിക ഉപദേഷ്ടാവ് എന്ന പദവി നിസ്സാരമായി ഉപേക്ഷിക്കുമ്പോഴും വിറച്ചില്ല ആ എഴുത്തുകാരന്. നരേന്ദ്രപ്രസാദിനെ പോലെ അവസാനകാലത്ത് സനാതന സംസ്കൃതിയുടെ വിശാല സാധ്യതകളിലേക്ക് ഉന്മുഖമായിരുന്നു ടി.പി.രാജീവിന്റെ മനസ്സ്. സാംസ്കാരിക ദേശീയതയുടെ ഉള്ളുണര്‍വ്വുകള്‍ ആരാഞ്ഞിരുന്നു രാജീവന്റെ മനോമണ്ഡലം. ഇഎംഎസും ഈഡിപ്പസും പോലുള്ള കാതലുള്ള ലേഖനങ്ങളിലൂടെ ഇടത് കാപട്യത്തെ തുറന്നുകാട്ടിയ എഴുത്തുകാരന്റെ സ്വാഭാവിക പരിണാമം എന്നതിനെ വിശേഷിപ്പിക്കാം.
സാംസ്കാരിക തമസ്കരണത്തിന് താന്‍ വിധേയനാകുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോഴും തളരാതെ അന്ത്യകാലം വരെ അദ്ദേഹം ഏകാധിപത്യചിന്തയോട് പോരാടി. ഒരു പുരസ്കാരത്തിനും വിദേശ യാത്രാപ്രലോഭനത്തിനും സര്‍ക്കാര്‍ കമ്മിറ്റിയംഗത്വ വാഗ്ദാനങ്ങള്‍ക്കും ആ വീര്യമുള്ള തൂലികയെ വിലയ്ക്കെടുക്കാനായില്ല. മലയാള സാഹിത്യത്തെ നിയന്ത്രിക്കുന്ന ഭാവുകത്വത്തിന്റെ ഇടതു പാപ്പാന്മാര്ക്കും ജിഹാദികളായ ബുദ്ധിജീവി പറ്റത്തിനും ടി.പി.രാജീവന് എന്ന ഒറ്റയാനെ മെരുക്കാനോ തളക്കാനോ സാധിച്ചില്ല. കവിതയും ലേഖനവും നോവലും നിറഞ്ഞ ആ മനസ് ഇനി നമുക്ക് മുന്നില്‍ എഴുതിയ കൃതികളിലൂടെ പുനര്‍ജനിക്കും. പ്രിയപ്പെട്ടവനേ, നീയായിരുന്നു ശരി. നിന്റെ ഭൗതികശരീരം അഗ്നി നാളങ്ങള്‍ ആഹരിച്ചെങ്കിലും നിന്റെ വാക്കിന് മരണമില്ല. അണുധൂളിപ്രസരത്തിന്റെ അവിശുദ്ധദിനങ്ങളില്‍ നിര്‍ഭയത്വത്തിന്റെ സൂര്യനായി നിന്റെ വാക്കുകള്‍ ഉദിച്ചുയരും.
മണല്ത്തരിയോളം
പോന്നൊരുമത്സ്യം
കടല്‍ത്തിരയോട്
ഒറ്റയ്ക്ക് പൊരുതി നിന്നു
പിന്നില്‍ തന്നേക്കാള്‍ വേഗത്തില്‍
കടല്‍ ദഹിച്ചു ദഹിച്ചു
വരുന്നത് അറിയാതെ
(രാഷ്ട്രതന്ത്രം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: