അഡ്‌ലെയ്ഡ്:ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് മഴയ്‌ക്കു ശേഷം ലക്ഷ്യം പുനര്‍ നിര്‍ണയിച്ചു. 16 ഓവറില്‍ 151 റണ്‍സാണ് പുതിയ ലക്ഷ്യം. ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം ബംഗ്ലാദേശ് 8.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സാണ് ബംഗ്ലേദേശിന്. മഴ മുന്നില്‍ കണ്ട് തകര്‍ത്തടിച്ച ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചത്. 21 പന്തില്‍ നിന്ന് 50 തികച്ച താരം ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. മഴയ്‌ക്കു ശേഷമുള്ള ആദ്യ ഓവറില്‍ രാഹുലിന്റെ ത്രോയില്‍ ദാസ് റണ്‍ഔട്ടായി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു.
ലോകകപ്പിലെ മൂന്നാം അര്‍ധ സെഞ്ചുറി നേടിയ കോലി 44 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 32 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 50 റണ്‍സെടുത്തു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2) നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച രാഹുല്‍ വിരാട് കോലി സഖ്യം 67 റണ്‍സ് നേടി. ഇതിനിടെ 31 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 30 റണ്‍സെടുത്തു. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേഷ് കാര്‍ത്തിക്ക് (7), അക്ഷര്‍ പട്ടേല്‍ (7) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അശ്വിന്‍ ആറ് പന്തില്‍ നിന്ന് 13 റണ്‍സെടുത്തു. ബംഗ്ലാദേശിനായി ഹസന്‍ മഹ്മൂദ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഷാക്കിബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: