കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തങ്ങളെ പുറത്താക്കിയതിനെതിരേ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലെന്നു കോടതി ആരാഞ്ഞു. സെനറ്റിന് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചാന്‍സലര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. കോടതിയില്‍ നിയമം പറയുന്ന യൂണിവേഴ്സിറ്റി, ചാന്‍സലര്‍ക്കെതിരെ പ്രമേയം പാസാക്കിയത് നിയമപരമാണോ എന്ന് പരിശോധിച്ചോയെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
സെനറ്റ് അംഗങ്ങളുടെ ഹര്‍ജി കോടതി, അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. നവംബര്‍ 4 ന് ശേഷം വീണ്ടും യോഗം ചേരാന്‍ കഴിയുമോയെന്ന് അറിയിക്കാന്‍ സര്‍വ്വകലാശാല സമയവും തേടി. അതേസമയം, സെര്‍ച്ച് കമ്മിറ്റി അംഗത്തെ നിര്‍ദേശിക്കുന്നത് മറ്റന്നാളത്തെ സെനറ്റ് യോഗത്തില്‍ പരിഗണിക്കില്ലെന്ന് സര്‍വകലാശാല കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: