തൃശൂര്‍: ക്ഷേമ പെന്ഷന് ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവിനെ തുടര്‍ന്ന് വില്ലേജ് ഓഫീസുകളില്‍ കുമിഞ്ഞുകൂടി അപേക്ഷകള്‍. സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കള്‍ പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവരെ പെന്ഷന് ഗുണഭോക്തൃ ലിസ്റ്റില്‍ നിന്ന് സസ്പെന്റ് ചെയ്യുന്നതും ഇവര്‍ക്ക് 2023 മാര്‍ച്ച് മുതല്‍ പെന്‍ഷനുകള്‍ അനുവദിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.
ഉത്തരവിന് തൊട്ടുപിറകേ ജില്ലയിലെ വില്ലേജ് ഓഫിസുകളില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷകളില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. രോഗികളായവരും പ്രായാധിക്യത്താല്‍ നടക്കാന്‍ ബുദ്ധിമുട്ടുള്ളവരും സര്‍ട്ടിഫിക്കറ്റിനായി ദിവസവും വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ജീവനക്കാരും ജനങ്ങളും ഒരുപോലെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് നിലവില്‍. മസ്റ്ററിങ് നിര്‍ബന്ധമാക്കിയിട്ടും ക്ഷേമപെന്ഷന് പട്ടികയില്‍ അനര്‍ഹര്‍ തുടരുന്നതായി സര്‍ക്കാര്‍ കണ്ടണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശുപാര്‍ശ.
ഒരു ലക്ഷം രൂപയാണ് വിവിധ ക്ഷേമപെന്‍ഷനുകളുടെ വാര്‍ഷിക കുടുംബ വരുമാന പരിധി. എന്നാല്‍ ഇതില്‍ കൂടുതല്‍ വരുമാനമുള്ളവരും പെന്ഷന് വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതോടെ അനര്‍ഹരെ പുറത്താക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ ഉത്തരവിന് തൊട്ടുപിറകെ ക്ഷേമ പെന്‍ഷനുകള്‍ തുടര്‍ന്ന് ലഭിക്കുന്നതിന് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് പഞ്ചായത്തുകളില്‍ നിന്ന് അറിയിപ്പുണ്ടായി. ഇതോടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവരുടെ വന്‍ തിരക്കാണ് അക്ഷയ കേന്ദ്രങ്ങളില്‍ അനുഭവപ്പെടുന്നത്.
ജില്ലയിലെ ഭൂരിഭാഗം വില്ലേജ് ഓഫിസുകളിലും പ്രതിദിനം ഇരുന്നൂറോളം അപേക്ഷകളാണ് ലഭിക്കുന്നത്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്കാന് ഇതു മൂലം ഏറെ താമസം നേരിടുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. അപേക്ഷകളുടെ എണ്ണം കൂടിയതോടെ രാത്രിയിലും ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടായിരത്തിലധികം അപേക്ഷകള്‍ ചില വില്ലേജ് ഓഫിസുകളില്‍ ലഭിച്ചിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം കൂടിയതുമൂലം സെര്‍വര്‍, ഇന്റര്‍നെറ്റ് തകരാര്‍ പതിവായിരിക്കുകയാണ്. വില്ലേജ് ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ജോലിഭാരം കൂടിയതോടെ മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും അവതാളത്തിലായി.
വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കും ഗ്രാന്റുകള്‍ക്കും അപേക്ഷിക്കേണ്ട വിദ്യാര്‍ഥികളാണ് കൂടുതല്‍ ബുദ്ധിമുട്ടിലായത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. വരുമാന സര്‍ട്ടിഫിക്കറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കാന്‍ 2023 ഫെബ്രുവരി 28 വരെ സമയം നീട്ടി നല്കിയിട്ടുണ്ടണ്ടെന്നും ലഭിച്ചുകൊണ്ടിരിക്കുന്ന ക്ഷേമപെന്ഷന് മുടങ്ങില്ലെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ സമയം നീട്ടി നല്‍കിയിട്ടും ചില പഞ്ചായത്തുകള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന കാരണം പറഞ്ഞു പെന്ഷന് മുടക്കുന്നുവെന്ന പരാതിയുമുണ്ട്.
വാര്‍ധക്യകാല പെന്‍ഷനും കര്‍ഷക തൊഴിലാളി പെന്‍ഷനും ലഭിക്കുന്നവരില്‍ കൂടുതല്‍ പേരും രോഗികളാണ്. 70-80 വയസായവര്‍ പ്രായത്തിന്റെ അവശതകള്‍ക്കിടയിലും വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാന്‍ അക്ഷയ കേന്ദ്രങ്ങള്‍ കയറിയിറങ്ങി വലയുകയാണിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: