ഔദാര്യത്തില്‍ കിട്ടിയതാണ് അധ്യക്ഷ പദവി. സോണിയാ കുടുംബത്തിന്റെ തിട്ടൂരത്തിനപ്പുറം ഒരു തുണ്ടുപോലും സഞ്ചരിക്കാനില്ല. ശശി തരൂരിന് എന്തു കൊമ്പുണ്ടായാലും അതിനേക്കാള്‍ വമ്പാണ് തന്റെ സോണിയാ വിധേയത്വം എന്ന് ഉറച്ചുവിശ്വസിക്കുകയാണ് ഖാര്‍ഗെ. കേരളത്തിലെ തലതൊട്ടപ്പന്മാരെല്ലാം തരൂരിനോടൊപ്പം നിന്നില്ലെങ്കിലും അതില്‍ തരിമ്പും അമ്പരപ്പില്ലെന്നാണ് ഖാര്‍ഗെയുടെ പക്ഷം. സോണിയോടൊപ്പമേ മലയാളികള്‍ നില്ക്കൂ എന്നാര്‍ക്കാണ് അറിയാത്തത്. പ്രസിഡന്റായാല്‍ പിന്നെ പറയാനുണ്ടോ? പറയുന്നത് കേള്‍ക്കുക.
കേരളത്തിലെ കോണ്‍ഗ്രസ് എന്തു നിലപാടെടുത്താലും തന്റെ നിലപാട് സോണിയയുടെ മനസ്സിലിരിപ്പെന്നാണ് പ്രസിഡന്റിന്റെ കാഴ്ചപ്പാട്. അങ്ങനെയാണ് ദേശീയ നേതാക്കളിലോരോനേതാവിനെയും കാണാനിറങ്ങിയത്. ആദ്യം കാണാന്‍ തിട്ടൂരം കിട്ടിയത് സീതാറാം യച്ചൂരിയെ. ചെന്നു. കണ്ടു. യച്ചൂരി പറയുന്നതനുസരിച്ച് ചെയ്യാനുറച്ചു. യച്ചൂരിക്ക് മറ്റൊരിടത്തെ കാര്യവും പറയാനില്ലല്ലൊ. കേരളക്കാര്യം മാത്രം. കേരളത്തിലെ കോണ്‍ഗ്രസ് എന്തു പറഞ്ഞാലും ചെയ്താലും ഖര്‍ഗെയ്ക്ക് ഒരൊറ്റ നിലപാട്. കോണ്‍ഗ്രസ്, ഗവര്‍ണര്‍ വിഷയത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഗവര്‍ണറെ പിന്തുണയ്ക്കില്ലെന്ന് ഖര്‍ഗെ വ്യക്തമാക്കിയത്. ഖര്‍ഗെയ്ക്കു പുറമെ എന്‍സിപി നേതാവ് ശരദ് പവാറുമായും വിഷയത്തില്‍ യച്ചൂരി ചര്‍ച്ച നടത്തി. പവറാനും ഇന്നത്തെ സാഹചര്യത്തില്‍ മറിച്ചൊരു അഭിപ്രായമില്ല.
സര്‍ക്കാരിനെ തുടര്‍ച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവര്‍ണറോട് സമവായത്തിന്റെ പാത വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ പൊതു രാഷ്ട്രീയ സാഹചര്യത്തിന്മേലുള്ള ചര്‍ച്ചയില്‍ പല അംഗങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും എതിരാണെന്ന് വിമര്‍ശനവും ഉയര്‍ന്നു.
കേരള സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയ കേന്ദ്ര കമ്മിറ്റി, ഗവര്‍ണറുടെ നടപടികളില്‍ രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കാനും തീരുമാനിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നടത്തുന്ന ഏറ്റുമുട്ടലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായാണ് യച്ചൂരി പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. യച്ചൂരിയെ കാണാന്‍ ഖര്‍ഗെ എത്തി, പ്രശ്നം എളുപ്പമാക്കി.
കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരുമായി തുടര്‍ച്ചയായി ഉരസുന്ന ഗവര്‍ണര്‍ക്കു കോണ്‍ഗ്രസ് നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉള്‍പ്പെടെയുള്ളവര്‍ക്കു ഗവര്‍ണറെ പരസ്യമായി പിന്തുണയ്ക്കുന്ന സമീപനമാണ്. അതൊന്നും ഖര്‍ഗെയ്ക്ക് പ്രശ്നമായില്ല. ഏറ്റവുമൊടുവില്‍, കേരളത്തിലെ 9 സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരോട് (വിസി) രാജിവയ്ക്കണമെന്ന് നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടിയെ പിന്തുണച്ച് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും രംഗത്തെത്തി. അതേസമയം, കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഗവര്‍ണറോടുള്ള സമീപനം കേരള നിലപാടിന് എതിരായിരുന്നു.
കേരളത്തിലെ ഗവര്‍ണര്‍ സര്‍ക്കാരുമായി ഭിന്ന ചേരിയിലായിട്ട് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യ ഏറ്റുമുട്ടല്‍ ഇ.എം ശങ്കരന് നമ്പൂതിരിപ്പാടുമായി തന്നെ. പോണാല്‍ പോകട്ടും പോടാ എന്ന മട്ടില്‍ 1959ല്‍ ഗവര്‍ണര്‍ രാമകൃഷ്ണറാവു ഒരു നിലപാടെടുത്തു. സര്‍ക്കാര്‍ പരാജയം. ഒരു മന്ത്രിയോടു മാത്രമല്ല സര്‍ക്കാരിനോടു തന്നെ പ്രീതിയില്ലെന്നറിയിച്ചു. നെഹ്രു പ്രധാനമന്ത്രി. ഇന്ദിര കോണ്‍ഗ്രസ് അധ്യക്ഷ. ഇന്നത്തെ മൃദു സമീപനമല്ല അന്ന് ഇന്ദിരയ്ക്ക്-സര്‍ക്കാരിനെ പിരിച്ചുവിടാനായി സമ്മര്‍ദ്ദം.
കേരളത്തില്‍ ഭരണനിര്‍വഹണം താറുമാറായെന്നും ക്രമസമാധാനം തകര്‍ന്നെന്നുമുള്ള റിപ്പോര്‍ട്ട് ആധാരമാക്കിയായിരുന്നു പിരിച്ചുവിടല്‍. പിന്നീട് മൂന്ന് പതിറ്റാണ്ടിനിടയില്‍ 1967-69, 1980-81 കാലം ഒഴിച്ചുനിര്‍ത്തിയാല്‍ കേന്ദ്രഭരണത്തെ അനുകൂലിക്കുന്ന സര്‍ക്കാരായിരുന്നു കേരളത്തില്‍. അതുകൊണ്ടുതന്നെ അല്ലലും അലട്ടലുമില്ലാതെ കാര്യങ്ങള്‍ നീങ്ങി. കേരളത്തിലും കേന്ദ്രത്തിലും ഒരേ സര്‍ക്കാരുണ്ടായാലല്ലെ കാര്യങ്ങള്‍ നടക്കൂ എന്നാണല്ലോ കോണ്‍ഗ്രസിന്റെ ന്യായം. ഇതിനിടയില്‍ ചുരുങ്ങിയ കാലം കേന്ദ്രത്തില്‍ ജനതാഭരണവും വന്നു. 1987-91 കാലത്തെ നായനാര്‍ സര്‍ക്കാര്‍ 4 ഗവര്‍ണര്‍മാരെ കണ്ടു. ആരുമായും ഉരസിയില്ല. ഇവരില്‍ രാംദുലാരി സിന്‍ഹ കേരള, കാലിക്കറ്റ് സര്‍വകലാശാലകളിലെ ചില രാഷ്ട്രീയ നിയമനങ്ങള്‍ക്കെതിരെ തിരിഞ്ഞിരുന്നു. ഗവര്‍ണര്‍ക്കെതിരെ നിയമസഭയില്‍ സിപിഎം അംഗം പ്രമേയം കൊണ്ടുവരികയും പ്രതിപക്ഷം എതിര്‍ത്ത് സഭ ബഹിഷ്കരിക്കുകയും ചെയ്തു. വി.പി.സിങ്ങിന്റെയും ചന്ദ്രശേഖറിന്റെയും പ്രധാനമന്ത്രി പരീക്ഷണങ്ങളും ഇക്കാലത്തായിരുന്നു. അടിക്കടി കേന്ദ്രമന്ത്രിസഭ മാറിയതിനാല്‍ കേന്ദ്രത്തിനു ഗവര്‍ണര്‍മാരുടെ മേല്‍ നിയന്ത്രണം ലഭിച്ചില്ല.
1999 മുതല്‍ 2004 വരെ എ.ബി.വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി ഭരിച്ച ഘട്ടത്തില്‍ ഗവര്‍ണര്‍മാര്‍ ചിലപ്പോഴെങ്കിലും സര്‍ക്കാരുമായി കോര്‍ത്തിരുന്നു. അതു പക്ഷേ, ബിജെപിയുടെ തീരുമാനമായി വ്യാഖ്യാനിക്കപ്പെട്ടില്ല. ജനതാദള്‍ സര്‍ക്കാരിന്റെ കാലത്തു നിയമിക്കപ്പെട്ട സുഖ്ദേവ് സിങ് കാങ് ആയിരുന്നു, ബിജെപി അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍. മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന കാങ്ങിനു ന്യായാധിപന്റെ കാര്ക്കശ്യങ്ങളുണ്ടായിരുന്നു. ആന്റണി സര്‍ക്കാരിന്റെ കാലത്തു നയപ്രഖ്യാപന പ്രസംഗത്തില്‍ തനിക്കു ബോധ്യപ്പെടാത്ത ഭാഗം വായിക്കാന്‍ അദ്ദേഹം വിസമ്മതിച്ചതു വിവാദമായി. തൊട്ടുമുന്‍പത്തെ ഇ.കെ.നായനാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗമാണു വിട്ടുകളഞ്ഞത്.
ബിജെപി സര്‍ക്കാര്‍ കേരളത്തില്‍ നിയമിച്ച ആദ്യത്തെ ഗവര്‍ണറായ സിക്കന്തര്‍ ബക്തില്നിന്ന് അല്പം കൂടി കടുത്ത നടപടികളുണ്ടായി. ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി വനം ബില്‍ തിരിച്ചയച്ചും ഏകീകൃത സര്‍വകലാശാല ബില്‍ വിശദ പരിശോധനയ്ക്കായി മാറ്റിവച്ചതുമായിരുന്നു അത്. എന്നിരുന്നാലും കടുത്ത തീരുമാനത്തിലേക്കൊന്നും എത്തിയില്ല. ഇന്നത്തെ പ്രശ്നം അതല്ല. രണ്ടും കല്പിച്ച് ഗവര്‍ണര്‍. അതിനെ കടത്തിവെട്ടാന്‍ സര്‍ക്കാര്‍. എന്തും സംഭവിച്ചേക്കാമെന്ന സാഹചര്യം. ഗവര്‍ണര്‍ കാര്യത്തില്‍ ഒരേ നിലപാടെന്ന അവസ്ഥ വന്നാല്‍ പെന്ഷന് പ്രായം 60 ആക്കിയതിനോടും കോണ്‍ഗ്രസ് യോജിച്ചേക്കാം. വെറുതെ തെരുവിലിറങ്ങി അഴുക്കു വെള്ളത്തില്‍ കുളിച്ചു സമയം കളയണോ ഷാഫി പറമ്പിലേ, എന്നാര്‍ക്കും ചോദിക്കാന്‍ തോന്നും. ഡിവൈഎഫ്ഐയും യൂത്തു കോണ്‍ഗ്രസും പെന്ഷന് പ്രായം ഉയര്‍ത്തിയ സര്‍ക്കാരിനെ വാഴ്ത്തുന്ന കാലം വരുമോ? കാണാം കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: