ഡോ. എം.വി.നടേശന്
ഇന്ന് ഗുരു നിത്യചൈതന്യ യതിയുടെ ജന്മദിനമാണ്. 1924ല്‍ കവിയായ പന്തളം രാഘവപണിക്കരുടെയും വാമാക്ഷിയമ്മയുടെയും മകനായി പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്ലില്‍ ജനിച്ച അദ്ദേഹത്തിന്റെ പേര് ജയചന്ദ്രപണിക്കര്‍ എന്നായിരുന്നു. രാഘവ പണിക്കര്‍ എഴുതിയ ചിന്താസരണിയെന്ന കൃതിയിലെ ഒരുശ്ലോകം ഇങ്ങനെയാണ്.
‘കരള്‍ക്കാമ്പിലുല്‍കൃഷ്ടമാം, നീതിബോധം
നരര്‍ക്കേകി, രാഗാമൃതം തൂകി നിത്യം-
ചരിക്കീ ജഗത്തില്‍ ‘ജയ’ ശ്രീപുലര്‍ത്തി
സ്ഫുരിപ്പൂ മഹല്‍ ജീവകാരുണ്യചന്ദ്രന്‍.’
ഒന്‍പത് വയസു മാത്രം പ്രായമുണ്ടായിരുന്ന മകന് അച്ഛന് നല്കിയ ഉപദേശം കൂടിയായിരുന്നു അത്. തന്റെ ജീവിതത്തിന്റെ നേര്‍രേഖ വരച്ച ഈ ഉപദേശം ജീവിതത്തിലുടനീളം പരിപാലിക്കാന്‍ ശ്രമിച്ച കാര്യവും, മനുഷ്യകഥാനുഗായികളായ സാഹിത്യകാരന്മാരിലേക്ക് ചെറുപ്പത്തില്‍ തന്നെ ശ്രദ്ധ തിരിയാന്‍ ഇത് കാരണമായെന്നും, ‘സ്നേഹമാണഖിലസാരമൂഴിയില്‍, സ്നേഹസാരമിഹ സത്യമേകമാം’ എന്ന് തുടങ്ങുന്ന ആശാന് കവിതയിലെ ശീലുകളും അച്ഛന് തന്ന നിധിയായാണെന്ന് പില്ക്കാലത്ത് അദ്ദേഹം കുറിച്ചിട്ടുണ്ട്.
അധ്യാപകന്, കവി, ചിന്തകന്‍, സംന്യാസി, ഗ്രന്ഥകര്‍ത്താവ്, ദാര്ശനികന് എന്നീ നിലകളില്‍ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച് പരിവ്രാജകനായ ജയചന്ദ്രന് രമണമഹര്‍ഷിയില്‍ നിന്നും സംന്യാസ ദീക്ഷസ്വീകരിക്കുന്നതോടെയാണ് ഗുരു നിത്യ ചൈതന്യയതി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. പാശ്ചാത്യ പൗരസ്ത്യ വിജ്ഞാനങ്ങളെ ആഴത്തില്‍ മനസ്സിലാക്കുകയും അവ തന്റേതായ വിശിഷ്ട ശൈലിയില്‍ ലോകത്തിനു പകര്‍ന്നുനല്‍കുന്നതിലും സവിശേഷമായ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. അതിനൊരു ഉദാഹരണമാണ് 1980 നവംബര്‍ മാസത്തില്‍ ഡെന്മാര്ക്കിലെ കോപ്പര്ഹെഗനിലെ നൈതിക സമ്മേളനം. നൈതികതയുടെ പൊതുനയമായി ആത്മോപദേശശതകത്തിലെ ഇരുപത്തിരണ്ടാമത്തെ ശ്ളോകം തെരഞ്ഞെടുത്തത്.
‘പ്രിയമപരന്റെയതെന്‍ പ്രിയം, സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മനല്കും
ക്രിയയപരപ്രിയ ഹേതുവായി വരേണം.’
ഇതിന്റെ ആശയത്തെ അങ്ങേയറ്റം ആദരവോടെ അവര്‍ സ്വീകരിച്ചതിനു കാരണം നിത്യ ചൈതന്യ ഗുരുവിന്റെ പ്രതിപാദനമായിരുന്നു. നാരായണഗുരു എന്റെ ആത്മസാക്ഷാത്കാരത്തിന്റെ പ്രമാണം എന്ന പുസ്തകത്തില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ കല, ദര്‍ശനം, ശാസ്ത്രം, സാഹിത്യം, യോഗ, വാസ്തുവിദ്യ, ഭാഷാ ദര്‍ശനം എന്നിവയെ സംബന്ധിച്ച് വിഖ്യാതരായ ശാസ്ത്രജ്ഞരോടും, വിദ്യാഭ്യാസം, ആത്മീയ കലാരംഗത്തുള്ളവരോടുമായി നിരന്തരം ഗുരു നിത്യ ചര്‍ച്ച ചെയ്തിരുന്നു. അവയെല്ലാം പില്ക്കാലത്ത് മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളില്പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരുന്നൂറോളം ഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന്റെ സംഭാവനകളായി നമുക്ക് ലഭിക്കുന്നത്. ഇവ കൂടാതെ വിവിധ ഗ്രന്ഥങ്ങള്‍ക്കുള്ള അവതാരികകള്‍, ലേഖനങ്ങള്‍, കത്തിടപാടുകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവയെല്ലാം വിവിധ വിഷയങ്ങളില്‍ വെളിച്ചം വീശുന്നവയാണ്.
കേരളം ജന്മം നല്കിയ വിശിഷ്ട വ്യക്തിത്വങ്ങളില്‍ പല കാരണങ്ങളാല്‍ എടുത്തുപറയേണ്ട ആചാര്യനായ ഇദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവില്‍ നിന്നും ലഭിച്ച ശിക്ഷണത്തിലൂടെയാണ് യതിയായി വളരുന്നത്. അഹിംസ, സത്യം, അസ്തേയം, ബ്രഹ്മചര്യം, ശൗചം, സന്തോഷം, തപസ്, സ്വാധ്യായം എന്നിങ്ങനെയുള്ള യമ നിയമാദികളാകുന്ന യതമയെ ജീവിതത്തില്‍ ആചരിച്ചവരെയാണ് പൊതുവേ ‘യതി’ എന്നു വിശേഷിപ്പിക്കുന്നത്. അറിവിന്റെയും ആധ്യാത്മികാനുഭൂതിയുടെയും വ്യത്യസ്ത തലങ്ങളില്‍ വിഹരിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നിറഞ്ഞാടാനും സമയം കണ്ടെത്തിയിരുന്നു. ശിഷ്യനും ഗുരുവും പിതാവും മുത്തച്ഛനും ജ്യേഷ്ഠനുമൊക്കെയായി മാറാനും അവരുടെ ഭാഷയിലും ഇഷ്ടാനിഷ്ടങ്ങള്ക്കുമനുസരിച്ച് പെരുമാറാനും നിത്യഗുരുവിന് വലിയ ഇഷ്ടമായിരുന്നുവെന്നാണ് അടുത്തറിഞ്ഞവര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. ശിഷ്യന്മാരെയും ശിഷ്യകളെയും പിറക്കാതെ പോയമക്കളായാണ് അദ്ദേഹം കണ്ടിരുന്നത്. കാളിദാസ മഹാകവിയുടെ ശാകുന്തളം നാടകത്തിലെ താത കണ്വനെപോലെയായിരുന്നു. മക്കളുടെവിവാഹം, അവരുടെ ജോലി, കുട്ടികള്‍, കുടുംബം ഇതിലൊക്കെ ഒരുപിതാവിന്റെ ആകാംക്ഷയും ആശങ്കയും നിത്യ ഗുരുവിനുണ്ടായിരുന്നു. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും മനുഷ്യ രൂപമായിരുന്ന ഇദ്ദേഹത്തിന്റെ കരുതലില്‍ വളര്‍ന്നു വന്ന നിരവധിയാളുകള്‍ ഇന്നും കേരളത്തിനകത്തും പുറത്തും ജീവിച്ചിരിക്കുന്നുണ്ട്. അവര്‍ക്കെല്ലാം ഇന്നും ഗുരു നിത്യയെന്നത് വിവരിക്കാനാവാത്ത മൗനസാന്നിധ്യമാണ്. ഒരുപക്ഷേ അത്തരക്കാരെ ഉദ്ദേശിച്ചാവണം അദ്ദേഹം വലിയ കാര്യങ്ങള്‍ ചെറിയ വാക്കുകളില്‍ ഹൃദ്യമായി അവതരിപ്പിച്ചിട്ടുള്ളത്. ‘ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് പകരുന്ന നിഷ്കളങ്കമായ കണ്ണുനീരിലാണ് ഏകലോകത്തിലേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നത്’. ശ്രീനാരായണ ഗുരുവിന്റെ ഏകലോക ദര്‍ശനത്തെ സംക്ഷേപിക്കുന്നതിങ്ങനെയാണ്.
ഫിലോസഫര്‍ സത്യത്തെ സ്നേഹിക്കുന്നു, തത്വജ്ഞാനി തത്വത്തെ അനുഭവിക്കുന്നു. ഫിലോസഫറേയും തത്വജ്ഞാനിയേയും ഇങ്ങനെയാണ് അവതരിപ്പിച്ചത്. ‘ദൈവമേ ഇതെല്ലാം നീതന്നെ. കാണപ്പെടുന്ന പ്രപഞ്ചമായി പ്രകാശിക്കുന്നതു നീ മാത്രമാണ്. നിന്നെ തന്നെ ഞങ്ങള്‍ കുഞ്ഞുങ്ങളായി കാണുന്നു. ഭാര്യാഭര്ത്താക്കന്മാരായി കാണുന്നു. അന്യരായി കാണുന്നു. ഈയവസരത്തില്‍ നീതന്നെയാണ് ഇതെല്ലാമെന്ന് ഞങ്ങള്‍ മറന്നുപോകുന്നു. അതുകൊണ്ട് ഞങ്ങളുടെ പെരുമാറ്റത്തില്‍ ഭവ്യത ഇല്ലാതായിതീരുന്നു. ഞങ്ങളുടെ വാക്കിലും പ്രവൃത്തിയിലും സത്യസന്ധത കുറഞ്ഞുപോകുന്നു. കാരുണ്യത്തിന്റെ നിറകുടമായ സര്‍വേശ്വരാ, ഞങ്ങളെ അനുഗ്രഹിച്ച് ഉള്ക്കണ്ണ് തുറന്നു തരുമാറാകണേ.’ ഇതൊരു പ്രാര്‍ഥനയാണ്. ഇതിലെല്ലാം അടങ്ങിയിട്ടുണ്ട്. വേദങ്ങളിലും ഉപനിഷത്തുകളിലും നിറഞ്ഞിരിക്കുന്ന ഉപദേശസാരം മുഴുവന്‍ ഇതിലുണ്ട്. ഇതുപോലെ ഏവര്‍ക്കും മനസിലാകുന്ന ഭാഷയിലാണ് വലിയതത്വങ്ങള് നിത്യ ഗുരു പ്രതിപാദിക്കുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പരമ്പരയിലെ മൂന്നാമനായാണ് ആധുനിക ലോകം അദ്ദേഹത്തെ വിലയിരുത്തിയിട്ടുള്ളത്. അദൈ്വത വേദാന്തം, ശ്രീനാരായണ ദര്‍ശനം എന്നീ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹം പാശ്ചാത്യ പൗരസ്ത്യവിജ്ഞാനങ്ങളെ സമന്വയിപ്പിക്കുകയും അതിലൊക്കെ തന്റെതായ നിലപാടുകള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുമുണ്ട്. സൂഫി ഫക്കീര്‍മാരും, ജൈനബൗദ്ധ സന്യാസിമാരും, വിവിധസമ്പ്രദായങ്ങളില്പ്പെട്ട ജ്ഞാനികളും, ആധുനിക ലോകത്തെശാസ്ത്രജ്ഞരുമെല്ലാം നിത്യ ചൈതന്യ യതിയുടെ വിജ്ഞാന ലോകത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥികളാകുന്നു. കൊല്ലം എസ്എന്‍ കോളജിലും മദ്രാസ് വിവേകാനന്ദ കോളജിലും പ്രൊഫസറായിരുന്ന ഗുരു നിത്യ ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ബ്രഹ്മവിദ്യയുടെ സ്ഥാപകഅധ്യക്ഷന്‍ കൂടിയാണ്. ഭഗവദ്ഗീതയെയും ഉപനിഷത്തുകളെയുംകുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥങ്ങള്‍ ആധുനിക ലോകത്തിന് ഏറെ പ്രയോജനകരമാണ്. ജീവിതത്തെ ഒരു മൗനമന്ദഹാസത്തോടെ സ്വീകരിക്കാന്‍ സഹായിക്കുന്ന അറിവുകളാണ് ഭഗവദ്ഗീത പകരുന്നത് എന്നാണ് ‘ഭഗവദ്ഗീതയിലേക്ക് ഒരു പ്രവേശിക’ എന്ന കൃതിയില്‍ രേഖപ്പെടുത്തിയത്. ഗീത മുന്നോട്ടു വെക്കുന്ന മാനേജ്മെന്റ് വിജ്ഞാനം ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന നിരീക്ഷണവും, പാക്കിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയുമൊക്കെ അടങ്ങിയ അഖണ്ഡഭാരതം എന്ന സങ്കല്പവും ഏറെ ശ്രദ്ധേയമാണ്.
അതുപോലെതന്നെ ആദിശങ്കരന്, എഴുത്തച്ഛന്, മേല്‍പ്പത്തൂര്‍, ശ്രീരാമകൃഷ്ണ പരമഹംസന്, ചട്ടമ്പിസ്വാമികള്‍, വിവേകാനന്ദ സ്വാമികള്തുടങ്ങിയ ആചാര്യ പരമ്പരയെ അങ്ങേയറ്റം ബഹുമാനിക്കുന്ന സമീപനമാണ് അദ്ദേഹം എപ്പോഴും സ്വീകരിച്ചത്. ശ്രീനാരായണഗുരുദേവന്റെ പേര് പറഞ്ഞു മറ്റാചാര്യന്മാരെ അവമതിപ്പോടെ അവതരിപ്പിക്കുന്ന കപടമതേതര വാദികള്‍ക്ക് ഈ നിലപാട് അന്നും ഇന്നും അത്ര ദഹിക്കുന്നതല്ല. ഇക്കൂട്ടരാണ് ശ്രീനാരായണ ഗുരുദേവന് സംന്യാസിയല്ല, വേദോപനിഷത്തുകളെയും, ക്ഷേത്രങ്ങളേയും, മറ്റ് ആചാര്യന്മാരേയും ഇല്ലാതാക്കാന്‍ വേണ്ടി നവോത്ഥാനം നടത്തിയ സമുദായ നേതാവാണെന്ന് പറഞ്ഞ് ഇന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ബോംബെ, കാശി, ഹരിദ്വാര്‍, ഋഷികേശം എന്നിവിടങ്ങളിലൂളള ആശ്രമങ്ങളില്‍ താമസിച്ചാണ് അദ്ദേഹം വേദാന്തം, ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചത്. 1963 മുതല്‍ 1967 വരെ ഡല്‍ഹിയിലെ സൈക്കിക് ആന്റ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിന്റെ ഡയറക്ടര്‍എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, 1984 മുതല്‍ 1999 മെയ്മാസം 14ന് സമാധിയാകും വരെ ഊട്ടിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിന്റെ അധിപനുമായിരുന്നു. ആസ്ത്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍ എന്ന പദവിയും വഹിച്ചിരുന്നു. ഇവിടെയെല്ലാം ഒട്ടേറെപ്പേര്‍ ഭാരതത്തിന്റെ ആത്മീയ വിദ്യ പഠിക്കാന്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
കേരളത്തിന്റെ സൗഭാഗ്യമായ അദ്ദേഹത്തിന്റെ ഉപദേശങ്ങളും വിചാരങ്ങളും സജീവമായി നിലനിറുത്താനും പ്രചരിപ്പിക്കാനും വര്‍ക്കല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാരായണഗുരുകുലം നിരവധി പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. മുനി ഗുരുനാരായണ പ്രസാദാണ് അദ്ദേഹത്തിന്റെ പാതകളെ പിന്തുടര്ന്നു ഗുരുകുലത്തെ ഇന്ന് നയിച്ചു കൈണ്ടിരിക്കുന്നത്. നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ ശതാബ്ദി വര്‍ഷമാണ് 2023, ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക ചിന്തകളുടെ അടിസ്ഥാനത്തില്‍ നടരാജഗുരു അവതരിപ്പിച്ച ഏകലോകദര്‍ശനവും അതിനായുള്ള വിദ്യാഭ്യാസ മാര്‍ഗരേഖയും ഏറെ ചര്ച്ചകള്ക്ക്വഴിവെച്ച വിഷയങ്ങളാണ്. നടരാജഗുരുവിന്റെ വിചാരങ്ങളേറേയും ഗുരു നിത്യയെ നിമിത്തമാക്കിയാണ് പകര്‍ന്നു നല്‍കിയിരുന്നത്. യഥാര്‍ത്ഥത്തില്‍ നടരാജഗുരുവിന്റെ ആശയങ്ങള്‍ പലതുമാണ് ഗുരു നിത്യചൈതന്യയതിയെന്ന ധിഷണാശാലിയുടെ വാക്കുകളിലൂടെ നമുക്കു ലഭിച്ചിട്ടുള്ളത്. ആധുനിക മനഃശാസ്ത്രവും തത്വചിന്തയും സൗന്ദര്യശാസ്ത്രവും ഭാഷാശാസ്ത്രവും ഉപനിഷത്ത് വിജ്ഞാനത്തിന്റെയടിസ്ഥാനത്തില് അദ്ദേഹം വിലയിരുത്തിയിട്ടുള്ളത് ഏറേ ശ്രദ്ധേയമാണ്. ശ്രീനാരായണ ഗുരുവെന്ന സൗഭാഗ്യത്തെ ശരിയായ രീതിയില്‍ ലോകത്തിന്പരിചയപ്പെടുത്തിയ നടരാജഗുരുവിന്റെയും ശിഷ്യനായ നിത്യചൈതന്യയതിയുടെയും സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.
ഇപ്രകാരം അങ്ങേയറ്റം അനുകരണീയമായ മാതൃകകള്‍ രചിച്ച് മുന്നേകടന്നു പോയ ഈ മഹാത്മാവ് കേരളീയ പൊതുസമൂഹത്തിന്റെയോ വിശേഷിച്ച് യുവാക്കളുടെയോ മാതൃകയായി മാറിയില്ല എന്നകാര്യം നാം ഗൗരവത്തോടെ കാണണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാജ്യവിരുദ്ധതയുടേയും ചേരുവകളില്‍നിന്നും ഉരുത്തിരിഞ്ഞ ഇടത് രാഷ്ട്രീയ വിചാരം തീണ്ടിയ കേരളീയസമൂഹം ഈനാടിന്റെ സംസ്കാരത്തെയും അത് പകര്‍ന്നു നല്കിയ ഗുരുപരമ്പരയേയും ബോധപൂര്‍വം തിരസ്കരിച്ചിരുന്നു എന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: