ന്യൂദല്‍ഹി: സത്യസന്ധമായ ജേണലിസം എന്ന് അവകാശപ്പെടുന്ന ‘ദ വൈര്‍’ മാസിക ബിജെപി ഐടിസെല്‍ മേധാവി അമിത് മാളവ്യയ്ക്കെതിരെ വ്യാജവാര്‍ത്ത ചമച്ചതായി തെളിഞ്ഞതിനെതുടര്‍ന്ന് എഡിറ്റര്‍മാരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദ വൈറിന്റെ ഇപ്പോഴത്തെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്, സ്ഥാപക എഡിറ്റര്‍ എം.കെ. വേണു, ഡപ്യൂട്ടി എഡിറ്റര്‍മാരായ ജാന്‍വി സെന്‍, സിദ്ധാര്‍ത്ഥ് ഭാട്ടിയ എന്നിവരുടെ വീടുകളിലാണ് ദല്‍ഹി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ഐ ഫോണും ഐ പാഡും സംഘം ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി സിദ്ധാര്‍ത്ഥ് വരദരാജന് പറയുന്നു. മെറ്റ എന്ന കമ്പനിയുടെ സ്ഥാപനങ്ങളായ ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ വരുന്ന ഏത് പോസ്റ്റും ബിജെപി വിരുദ്ധ ഉള്ളടക്കമുള്ളതാണെങ്കില്‍ നീക്കം ചെയ്യാന്‍ ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യയ്ക്ക് അധികാരമുണ്ടെന്നായിരുന്നു ‘ദ വൈര്‍’ മാസികയുടെ വ്യാജ വാര്‍ത്ത. ഇത് തികച്ചും വ്യാജമാണെന്നും ഇത്തരമൊരു പദവി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും മെറ്റയും വെളിപ്പെടുത്തിയതോടെയാണ് ദി വൈര്‍ പ്രതിരോധത്തിലായത്. ഇതോടെ ‘ദ വൈര്‍’ മാസിക വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറഞ്ഞു. അതേ സമയം ദി വൈര്‍ മാസികയുടെ എഡിറ്റര്‍മാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കൂടി കേസ് നല്‍കിയിരിക്കുകയാണ് അമിത് മാളവ്യ.
എന്നാല്‍ ഒടുവില്‍ ഹിന്ദു എഡിറ്റര്‍ എന്‍.റാം ഉള്‍പ്പെടെയുള്ളവര്‍ ദി വൈര്‍ മാസികയുടെ എഡിറ്റര്‍മാരെ രക്ഷിക്കാന്‍ പ്രസ്താവനയുമായി രംഗത്ത് വന്നത് അപഹാസ്യമായി. എന്‍.റാം പങ്കുവെച്ച ട്വീറ്റ് ഇപ്രകാരമായിരുന്നു:”എന്തിനെക്കുറിച്ചാണ് ഈ കേസ്? ഇക്കാര്യത്തില്‍ ദി വൈര്‍ മാസികയും മെറ്റയെക്കുറിച്ച് (ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉടമയായ കമ്പനി) വാര്‍ത്ത ഒരുക്കിയ ജേണലിസ്റ്റുകളും ഇരകളായിരുന്നു. അല്ലാതെ വ്യാജവാര്‍ത്തയോ ഗൂഢാലോചനയോ തട്ടിപ്പോ നടത്തിയ കുറ്റവാളികളല്ല.”.
എന്‍. റാമിന്റെ ഈ ഈ ട്വീറ്റിനെതിരെ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ മുതിര്‍ന്ന ഉപദേശകന് കാഞ്ചന് ഗുപ്ത മറ്റൊരു ട്വീറ്റിലൂടെ ആഞ്ഞടിച്ചിരുന്നു. “ഇടതുപക്ഷം നുണ പറഞ്ഞാല്‍, കള്ളരേഖയുണ്ടാക്കിയാല്, വ്യാജവാര്‍ത്ത നിര്‍മ്മിച്ചാല്‍, വ്യക്തികള്‍ക്കെതിരെ അപവാദം പറഞ്ഞാല്‍, ഇന്ത്യയെ ലോകത്തിന് മുന്പില് താഴ്ത്തിക്കെട്ടിയാല്‍ ഈ കുറ്റവാളികള്‍ ഇരകളായി മാറുന്നു. ഇപ്പോള്‍ ദി വൈര്‍ മാസിക ചെയ്തതും ഇതേ കുറ്റമാണ്. എന്നാല്‍ അതിനെ ന്യായീകരിക്കുകയായിരുന്നു എന്‍.റാം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദിയെ അട്ടിമറിക്കാന്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് വ്യാജരേഖകള്‍ ശേഖരിച്ച് വ്യാജവാര്‍ത്ത സൃഷ്ടിച്ച വ്യക്തിയാണ് എന്‍.റാം.”- കാഞ്ചന് ഗുപ്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: