കോഴിക്കോട്: കേരള ശ്രീ പുരസ്കാരം തത്കാലം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്. ശില്പ്പങ്ങള് സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കാനായി പുരസ്കാരം താത്കാലികമായി നിരസിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ പുരസ്കാരങ്ങള്‍ക്കായി ശ്രമിക്കാറില്ലെങ്കിലും ഇത് ഇങ്ങോട്ടുവന്ന പുരസ്കാരമായതുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്ന് കാനായി കുഞ്ഞിരാമന് പറഞ്ഞു. വലിയ വിഷമമാണ് എനിക്ക് എന്റെ ശില്പങ്ങളുടെ കാര്യത്തിലുള്ളത്. തന്റെ മൂന്ന് മക്കള്‍ പീഡിപ്പിക്കപ്പെട്ടാല്‍ ആ അമ്മയ്ക്ക് ഉറങ്ങാന്‍ പറ്റുമോ? അതുപോലെയാണ് എന്റെ അവസ്ഥ. എന്റെ മൂന്ന് ശില്പങ്ങളും പീഡിപ്പിക്കപ്പെട്ടു. ഈ വേദന ഉള്ളിടത്തോളം കാലം തനിക്ക് പുരസ്കാരം സ്വീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. പ്രഥമപുരസ്കാരത്തില്‍ തന്നെ പുരസ്കാര ജേതാവ് നിരസിക്കുന്നതായി പ്രഖ്യാപിച്ചത് സര്‍ക്കാറിന് തിരിച്ചടിയായി.
കണ്ണൂര്‍ പയ്യാമ്പലത്തും, തിരുവനന്തപുരത്ത് ശംഖുമുഖം, വേളി എന്നിവിടങ്ങളില്‍ താന്‍ നിര്‍മ്മിച്ച ശില്പ്പങ്ങള് അവഗണിക്കപ്പെട്ടതായി കാനായി ആരോപിച്ചു. ശംഖുമുഖത്ത് ഒരു ഹെലിക്കോപ്റ്റര്‍ കൊണ്ടുവന്ന് പ്രദേശത്തിന്റെ ഭംഗി നശിപ്പിച്ചെന്നും അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അത് ചെയ്തതെന്നും കാനായി പറയുന്നു. അതുപോലുള്ള അവസ്ഥയാണ് വേളിയിലെ ശംഖ് ശില്‍പത്തിനുമുള്ളത്.ഒരുകാലത്ത് ആര്‍ക്കും വേണ്ടാതെ കിടന്ന പ്രദേശമായിരുന്നു അത് . 1985ല്‍ ആണ് എന്നെ ഏല്പിക്കുന്നത്. പത്തുപന്ത്രണ്ട് വര്‍ഷം മെനക്കെട്ടിട്ട് അവിടം ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റി. വികസനം നടപ്പാക്കേണ്ടതും കാത്തുരക്ഷിക്കേണ്ടതും സര്‍ക്കാരും മന്ത്രിയുമാണ്. എന്നാല്‍ ഇപ്പോള്‍ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും കാനായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: