തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തിന് വിദേശ ഫണ്ടെത്തുന്നതില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. തീരദേശ മേഖലയിലെ 12 സന്നദ്ധ സംഘടനകള്‍ നിരീക്ഷണത്തിലാണ്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ മൂത്ത സഹോദരന്‍ ജോസഫ് വിജയന്‍ എന്ന എ.ജെ. വിജയന്റെയും ഭാര്യ ഏലിയാമ്മ വിജയന്റെയും നേതൃത്വത്തിലുള്ള സംഘടനകള്‍ ഉള്‍പ്പെടെയാണ് നിരീക്ഷണത്തിലുള്ളത്.
സഖി, പ്രോത്സാഹന്‍, ഫ്രണ്ട്‌സ് ഓഫ് മറൈന്‍, ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോസ്റ്റല്‍ വാച്ച്, ചെറു രശ്മി സെന്റര്‍, കന്യാകുമാരി ലാറ്റിന്‍ ഡയോസിസ് ഓഫ് കോട്ടാര്‍, ക്വയിലോണ്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സേവ തുടങ്ങിയവയാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ ‘സഖി’ ഏലിയാമ്മ വിജയന്റെയും കോസ്റ്റല്‍ വാച്ച് എ.ജെ. വിജയന്റെയും നേതൃത്വത്തിലുള്ളവയാണ്. സഖിയുടെ അക്കൗണ്ടില്‍ പണമെത്തിയെന്നാണ് പരാതി. കോസ്റ്റല്‍ വാച്ചിന്റെ പ്രവര്‍ത്തനത്തിലെ ദുരൂഹതയും അന്വേഷിക്കുന്നുണ്ട്.
വിദേശ നാണ്യ വിനിമയ ചട്ടപ്രകാരം സന്നദ്ധ സംഘടനകള്‍ക്കു ലഭിക്കുന്ന പണം ഉപയോഗിക്കുന്നതിനു കര്‍ശന നിയമങ്ങളുണ്ട്. ഏതു പ്രവര്‍ത്തനത്തിനാണോ പണം ലഭിക്കുന്നത്, അതിനു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ സഖിയുടെ അക്കൗണ്ടിലെത്തിയ പണം വകമാറ്റി ഉപയോഗിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതു സമരത്തിനുപയോഗിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിനു പരാതി ലഭിച്ചു. വഞ്ചിയൂര്‍ സെന്‍ട്രല്‍ ബാങ്ക്, കോവളം യൂണിയന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും സഖി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ അക്കൗണ്ട് വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ മറ്റു സംഘടനകളുടെ അക്കൗണ്ടിലെത്തിയ ധന വിനിമയം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു. ഈ സംഘടനകളെല്ലാം തുടക്കം മുതല്‍ വിഴിഞ്ഞം തുറമുഖത്തിനെതിരേ പ്രചാരണവും സമരത്തിന് പിന്തുണയും നല്കുന്നവയാണ്.
കൊളംബോ തുറമുഖം നിയന്ത്രിക്കുന്ന ചൈനീസ് ലോബിയാണ് വിഴിഞ്ഞം തുറമുഖത്തിനെതിരേ പ്രവര്‍ത്തിക്കുന്നതെന്ന തെളിവുകള്‍ ഉള്‍പ്പെടെയുള്ള പരാതിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചത്. ചൈനീസ് സംഘം കൊളംബോയിലെ പള്ളികളില്‍ ഏല്‍പ്പിക്കുന്ന പണം ദുബായ് വഴി എത്തിക്കുന്നെന്നാണ് പരാതിയിലുള്ളത്. അവിടെനിന്ന് ലത്തീന്‍ അതിരൂപതാ വിശ്വാസികള്‍ വഴി സമര സമിതിക്ക് കൈമാറുന്നു. ദുബായ്‌യില്‍ നിന്നു വിശ്വാസികള്‍ വഴി വന്‍തുക സമര സമിതിക്ക് കൈമാറുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദുബായ്‌യില്‍ നിന്നു ദുബായ് ഷേഖ് പണം നല്കിയെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇതടക്കമാണ് പരാതി നല്കിയിട്ടുള്ളത്.
സന്നദ്ധ സംഘടനകള്‍ വിദേശ ഫണ്ട് പറ്റുന്നെന്ന വാര്‍ത്ത പുറത്തു വന്നതോടെ സമരക്കാര്‍ക്കെതിരേ ജനരോഷം ശക്തമായി. സമരക്കാര്‍ക്കിടയിലും ഇത് ഭിന്നതയ്‌ക്കു വഴിവയ്‌ക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് സമരത്തിലൂടെ നടക്കുന്നതെന്ന കണ്ടെത്തല്‍ കേരളത്തിന്റെ, പ്രത്യേകിച്ച് തലസ്ഥാനത്തെ സാമൂഹ്യാന്തരീക്ഷവും കലുഷിതമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: