അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബി കേബിള്‍ പാലം തകര്‍ന്ന് 142 പേര് മരിച്ച ദുരന്തത്തിന് പിന്നില്‍ പാലം നന്നാക്കിയ ഒറേവ എന്ന കമ്പനിയിലേക്ക്. മോര്‍ബി പാലം അറ്റകുറ്റപ്പണി ചെയ്തെങ്കിലും മോര്‍ബി നഗരസഭ അത് പരിശോധിച്ച് ഉപയോഗ്യയോഗ്യമാണെന്ന് അഭിപ്രായപ്പെട്ടുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുണ്ട്. അത് അജന്ത ഒറേവ ഈ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് മോര്‍ബി നഗരസഭ കുറ്റപ്പെടുത്തുന്നു.
ഒറേവ ഗ്രൂപ്പിലെ എട്ട് ജീവനക്കാരെ ഗുജറാത്ത് പൊലീസ് തടങ്കലില്‍ വെച്ചിട്ടുണ്ട്. കേടുപാടുകള്‍ തീര്‍ത്ത പാലം ഒക്ടോബര്‍ 26നാണ് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അട്ടിമറിയാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്.
ഒറേവ കമ്പനിയിലെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തുവരികയാണെന്ന് മോര്‍ബി എസ് പി പറഞ്ഞു. ഒറേവ കമ്പനിയുടെ വെബ്സൈറ്റ് ദുരന്തത്തിന് തൊട്ടുപിന്നാലെ പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. പരിധിയില്‍ കൂടുതല്‍ പേര് വെബ്സൈറ്റ് സന്ദര്‍ശിച്ചതുകൊണ്ടാണ് വെബ്സൈറ്റ് പ്രവര്‍ത്തന രഹിതമായതെന്ന് പറയുന്നുണ്ടെങ്കിലും അട്ടിമറി സംശയിക്കുന്നു. കമ്പനിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പ്രവര്‍ത്തനരഹിതമായി. ഒറേവയുടെ അഹമ്മദാബാദ് ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ്. ഒരു ജീവനക്കാരും ഓഫീസില്‍ ഇല്ല. എന്തുകൊണ്ട് തിങ്കളാഴ്ച ജീവനക്കാര്‍ ഓഫീസില്‍ എത്തിയിട്ടില്ലെന്നത് സംബന്ധിച്ച് കാവല്ക്കാരന് കൃത്യമായ മറുപടി നല്‍കുന്നില്ല.
പാലത്തിന്റെ അറ്റുകുറ്റപ്പണിയുടെ ഉത്തരവാദിത്വം 15 വര്‍ഷത്തേക്ക് നല്‍കിയിരിക്കുന്നത് ഒറേവ ഗ്രൂപ്പിനാണ്. മോര്‍ബി മുനിസിപ്പാലിറ്റിയും ഒറേവ ഗ്രൂപ്പുമാണ് ഇത് സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഗുജറാത്ത് പുതുവത്സരദിനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 26ന് അറ്റകുറ്റപ്പണി ചെയ്ത് മോര്‍ബി കേബിള്‍ പാലം പൊതുജനത്തിന് തുറന്നുകൊടുത്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ദുരന്തമുണ്ടായത്. കേബിള്‍ പൊട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് ഫോറന്‍സിക് വിഭാഗം പരിശോധനകള്‍ നടത്തിവരുന്നുണ്ട്. കേസ് അന്വേഷിക്കാന്‍ പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: