തിരുവനന്തപുരം : നിരവധി ആളുകളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത രാജ്യാന്തര തട്ടിപ്പുവീരന് തിരുവനന്തപുരത്ത് പിടിയില്‍. കിളിമാനൂര്‍ അടയാമണ്‍ ജിഞ്ചയനിവാസില്‍ ജിനീഷിനെയാണ് കട്ടപ്പന പോലീസ് അറസ്റ്റുചെയ്തത്. ഖത്തറില്‍ ജോലി ചെയ്തു വരവേ വിദേശ മലയാളിയില്‍ നിന്നും 2015ല്‍ 4.5 കോടി രൂപ തട്ടിയെടുത്തു മുങ്ങിയ ശേഷം ഇന്ത്യയിലുട നീളം വിവിധ സംസ്ഥാനങ്ങളില്‍ തട്ടിപ്പ് നടത്തിവരവെയാണ് പ്രതി പിടിയിലായത്.
മുമ്പ് ഗള്‍ഫില്‍ ആളുകളെ കബളിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച പ്രതി കേരളത്തില്‍ വന്നതിനുശേഷം തനിക്ക് ഏലക്ക കയറ്റുമതിയുടെയും കുങ്കുമപ്പൂവിന്റെയും ബിസിനസ് ആണെന്നും പറഞ്ഞാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഇടുക്കി ജില്ലയില്‍ അങ്ങോളം ഇങ്ങോളം ഉള്ള വന്‍കിട ഏലക്കാ വ്യാപാരികളില്‍ നിന്നും തനിക്ക് എക്സ്പോര്‍ട്ട് ബിസിനസ് ആണെന്ന് വിശ്വസിപ്പിച്ച് ചെറിയ തുക അഡ്വാന്‍സ് നല്കി കോടിക്കണക്കിന് രൂപയുടെ ഏലക്ക വാങ്ങിരുന്നു. ശേഷം പണം ഇടപാടില്‍ നിലവില്‍ കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ബാങ്ക് ഗ്യാരണ്ടി നല്കി കബളിപ്പിച്ച് ലക്ഷങ്ങളുടെയും കോടികളുടെയും ഏലക്കാ വാങ്ങി ബാക്കി പണം നല്‍കാതെ കബളിപ്പിച്ചു മുങ്ങുകയാണ് പതിവ്. ഈ രീതിയില്‍ പലരില്‍ നിന്നും 50, 70 ലക്ഷം രൂപയുടെ ഏലക്കായും വാങ്ങി കബളിപ്പിച്ചിട്ടുണ്ട്. എക്സ്പോര്‍ട്ട് ക്വാളിറ്റി ഏലയ്ക്ക നല്‍കാമെന്നും പറഞ്ഞ് വെസ്റ്റ് ബംഗാള്‍ സ്വദേശിയില്‍ നിന്നും 5 ലക്ഷം രൂപയും കോട്ടയം ജില്ലയിലെ ഗാന്ധിനഗര്‍ സ്വദേശിയില്‍ നിന്നും ഒന്നേ മുക്കാല്‍ കോടി രൂപയും എറണാകുളത്തുള്ള വിദേശ മലയാളിയില്‍ നിന്നും മൂന്നര കോടി രൂപയും കോഴിക്കോടുള്ള വിദേശ മലയാളിയില്‍ നിന്നും 60 ലക്ഷം രൂപയും ഇയാള്‍ തട്ടിയെടുത്തു.
ഇതിന് പുറമെ മൂന്നു തിരുവനന്തപുരം സ്വദേശികളില്‍ നിന്നും വിദേശത്ത് കൊണ്ടുപോകാം എന്നും പറഞ്ഞു 15 ലക്ഷം രൂപ വാങ്ങുകയും കൂടാതെ വിവിധ മേഖലയിലെ നാല്പതോളം ആളുകളുടെ പാസ്പോര്‍ട്ട് സഹിതം ഉള്ള രേഖകള്‍ വാങ്ങി കബളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.തിരുവനന്തപുരം സ്വദേശികളായ പലരില്‍ നിന്നും രണ്ട് സ്വിഫ്റ്റ് കാറുകളും രണ്ട് ഇന്നോവ കാറുകളും ഒരു മാരുതി കാറും വാടകയ്ക്ക് എടുത്താണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്.
കട്ടപ്പന ഡിവൈഎസ്പിയും സംഘവും മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് വാങ്ങുന്നതിന്റെ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. ഇയാളെ പിടികൂടിയ വാര്‍ത്ത വരുന്നതോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശങ്ങളില്‍ നിന്ന് പോലും ധാരാളം ആളുകള്‍ പരാതിയായി വരാന്‍ സാധ്യത ഉള്ളതായി പോലീസ് അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ പോലും ഇയാളുടെ തട്ടിപ്പ് പടര്‍ന്നു കിടക്കുന്നതായാണ് കരുതുന്നത്. ഇയാളെ ദേശീയ അന്വേഷണ ഏജന്‍സികള്‍ പോലും രഹസ്യമായി നിരീക്ഷിച്ചു വരുന്നതായി വിവരമുണ്ട്. ഡിവൈഎസ്പി വി.എ നിഷാദ് മോന്, എഎസ്ഐ വിജയകുമാര്‍ എസ് സി പിഒ മാരായ സിനോജ് പി ജെ, ടോണി ജോണ്‍, ഗ്രേസണ്‍ ആന്റണി, സിപിഒ മാരായ സുബിന് പി എസ്, അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: