തിരുവനന്തപുരം: നവോത്ഥാന നായകന്മാര് സൃഷ്ടിച്ചെടുത്ത കേരളത്തെ വീണ്ടെടുക്കാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്ത് വരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. വെള്ളനാട് യുവമോര്‍ച്ച സംസ്ഥാന പഠനശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യന് മനുഷ്യനെ കൊന്ന് തിന്നുന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണ് ഇന്നത്തെ കേരളം. സാംസ്കാരികമായ അധപതനമാണ് ഇതിന് കാരണം. വിദ്യാഭ്യാസമേഖലയില്‍ സ്വാതന്ത്ര്യത്തിന് മുമ്പേ പുരോഗതി കൈവരിച്ചിരുന്ന കേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്. എല്ലാ അര്‍ത്ഥത്തിലും നമ്മള് പിന്നോട്ട് പോയിരിക്കുന്നു. ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും അരങ്ങ് തകര്‍ക്കുകയാണ്. അക്രമവും ക്രമസമാധാന തകര്‍ച്ചയുമാണ് എല്ലായിടത്തുമുള്ളതെന്ന് സുരേന്ദ്രന് പറഞ്ഞു.
വികസനത്തിന്റെ കാര്യത്തിലാണെങ്കില്‍ കേരളം രാജ്യത്ത് ഏറ്റവും പിറകിലാണ്. ഇത് മാറേണ്ടതുണ്ട്. കൂടംകുളത്തിന് തടയിടാന്‍ ശ്രമിച്ച ശക്തികള്‍ തന്നെയാണ് വിഴിഞ്ഞത്തിനും എതിരു നില്‍ക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. ലോകത്ത് വലിയ വിപ്ലവങ്ങള്‍ കൊണ്ടു വന്നത് ചെറു ന്യൂനപക്ഷമാണ്. സ്വാതന്ത്രസമരകാലത്തും അടിയന്തരാവസ്ഥ കാലത്തും അങ്ങനെയായിരുന്നു.
പിന്നീട് ആ സമരങ്ങളെല്ലാം ജനങ്ങള്‍ ഏറ്റെടുത്തു. നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതികള്‍ സംസ്ഥാനത്തെ എല്ലാ യുവാക്കളിലേക്കും എത്തിക്കണമെന്ന് സുരേന്ദ്രന് യുവമോര്‍ച്ചാ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഇതിന് വേണ്ടി പ്രവര്‍ത്തകര്‍ അഹോരാത്രം പ്രവര്‍ത്തിക്കണം. സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം.
അടിസ്ഥാന മൂല്ല്യങ്ങളിലേക്ക് കേരളത്തിലെ ജനങ്ങളെ തിരിച്ച് കൊണ്ടു പോവാന്‍ യുവാക്കള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.ശിവന്‍കുട്ടി, ജില്ലാ അദ്ധ്യക്ഷന്‍ വിവി രാജേഷ്, അരുവിക്കര മണ്ഡലം പ്രസിഡന്റ് അനില്‍കുമാര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ കെ.ഗണേഷ്, ദിനില്‍ ദിനേശ്, ജില്ലാ അദ്ധ്യക്ഷന്‍ സജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: