പാലക്കാട്: അഗ്രഹാരവീഥികള്‍ക്ക് ആനന്ദ പുളകം ചാര്‍ത്തി കല്പാത്തിയില് രഥോത്സവാരവം മുഴങ്ങിത്തുടങ്ങി. പൈതൃക ഗ്രാമമായ കല്പാത്തിയില് ഇത്തവണ രഥോത്സവം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. കൊവിഡ് ഭീതിമൂലം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും രഥോത്സവം ആഘോഷങ്ങളൊഴിവാക്കി ആചാരപ്രകാരം മാത്രം നടത്തുകയായിരുന്നു.
നിയന്ത്രണങ്ങള്‍ പാലിച്ച് കഴിഞ്ഞവര്‍ഷം പ്രദേശവാസികളില്‍ മാത്രമായി ഒതുങ്ങിയ രഥോത്സവം ഇത്തവണ പൂര്‍വാധികം ഭംഗിയോടെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികള്‍ക്കൊപ്പം അധികൃതരും. രണ്ടുവര്‍ഷമായി മുടങ്ങിപ്പോയ കല്പാത്തി സംഗീതോത്സവവും ഇത്തവണ രഥോത്സവത്തിന് മാറ്റുകൂട്ടും. രഥോത്സവത്തിന്റെ കൊടിയേറ്റത്തോടനുബന്ധിച്ചാണ് ഗ്രാമവീഥിയില്‍ സംഗീതോത്സവ വേദിയൊരുക്കുന്നത്.
ഇതിനുമുമ്പ് 2019 ലാണ് രഥസംഗമത്തോടും സംഗീതോത്സവത്തോടും കൂടിയുള്ള കല്പാത്തി രഥോത്സവം നടന്നത്. ദേശീയ സംഗീതോത്സവം കൂടിയായതിനാല്‍ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. നവംബര്‍ 14, 15, 16 തീയതികളിലാണ് രഥോത്സവം. സമാപന ദിനമായ 16ന് സായംസന്ധ്യക്ക് തേരുമുട്ടിയില്‍ നടക്കുന്ന ദേവരഥസംഗമത്തിന് ജനസഹസ്രങ്ങള്‍ സാക്ഷ്യം വഹിക്കും.
ഉത്സവകേന്ദ്രമായ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം രഥോത്സവത്തോടനുബന്ധിച്ച് കഴുകി വൃത്തിയാക്കി നിറങ്ങളടിച്ചുതുടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ പ്രധാന രഥങ്ങള്‍ ഗ്രാമവീഥികളിലിറങ്ങിയിരുന്നില്ല. രഥങ്ങളില്‍ പഴയ മരചക്രങ്ങള്‍ മാറ്റി ഉരുക്കിന്റെ ചക്രങ്ങളാക്കിയതിനാല് രഥോത്സവ സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതില്ല. റോഡുകള്‍ അറ്റകുറ്റപണികള്‍ നടത്താനും വൈദ്യുതി, കുടിവെള്ളം മുടങ്ങാതിരിക്കാനുമുള്ള പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ അധികൃതരോട് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ രഥത്തിന്റെ നവീകരണം അവസാനഘട്ടത്തിലാണ് പ്രയാണത്തിനുള്ള രഥങ്ങളുടെ അച്ചുകള്‍, ചക്രങ്ങള്‍, അലങ്കാരപണികള്‍ എല്ലാം നവീകരണം നടത്തിക്കഴിഞ്ഞു. ഗ്രാമവീഥികളില്‍ ഭൂഗര്‍ഭ കേബിള്‍ സംവിധാനം വന്നതോടെ രഥോത്സവ സമയത്തുള്ള വൈദ്യുതി മുടക്കം ഇപ്പോഴില്ലെന്നതും ശ്രദ്ധേയമാണ്. രഥോത്സവം കാണുന്നതിന് വിദേശികളടക്കം എത്താറുള്ളതിനാല്‍ പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിന് പോലീസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ജില്ലയില്‍ കൊടുമ്പ്, കൊടുവായൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലൊക്കെ രഥോത്സവം നടക്കുന്നുണ്ടെങ്കിലും കല്പാത്തി രഥോത്സവം ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഉത്സവം കൂടിയാണ്. തേരുകാലത്തെ ഗ്രാമവീഥികളിലെ കച്ചവടവും ഗ്രാമവാസികളുടെ സൗഹൃദവുമെല്ലാം ഉത്സവത്തിനു മാറ്റുകൂട്ടുന്നു.
നൂറ്റാണ്ടു പഴക്കമുള്ള കല്പാത്തി പൈതൃക ഗ്രാമത്തിന് പറയാന്‍ ചരിത്രങ്ങളേറെയുണ്ട്. ജില്ലയില്‍ നിരവധി അഗ്രഹാരങ്ങളുണ്ടെങ്കിലും ആചാരത്തനിമ കൊണ്ടും രഥോത്സവപ്പെരുമ കൊണ്ടും പേരുകേട്ട അഗ്രഹാരമാണ് കല്പാത്തി. ആശങ്കകളും കടുത്ത നിയന്ത്രണങ്ങളും ഒഴിവായതോടെ ഉത്സവാഘോഷത്തിന്റെ തനിമയും ആവേശവും ആവോളം നുകരാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികളും നെല്ലറയിലെ ഉത്സവ പ്രേമികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: