കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയ ടൗണിന് സമീപം നിർമിക്കുന്ന മേൽപാലത്തിന്റെ സ്ലാബ് നിർമാണത്തിനിടെ തകർന്നുവീണു. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടമുണ്ടായത്. അടിപ്പാതയുടെ മുകള്‍ഭാഗത്തിന്റെ കോണ്‍ക്രീറ്റ് കഴിഞ്ഞയുടനെ തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍ ഒരു തൊഴിലാളിക്ക് സാരമായി പരിക്കേറ്റു.അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിര്‍മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്.
പെരിയ ടൗൺ അണ്ടർ പാസേജ് ആയി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ മേൽപാലം നിർമിക്കുന്നത്. മേഘാ കൺസ്ട്രക്ഷൻ കമ്പനിയാണ് ചെങ്കള മുതൽ നീലേശ്വരം വരെയുള്ള ദേശീയ പാത നിർമാണത്തിന്റെ കരാർ ജോലി ചെയ്ത് വരുന്നത്. മൂന്ന് ഷിഫ്റ്റ് ആയി 24 മണിക്കൂറും ജോലി നടന്നു വന്നിരുന്നു. പാലത്തിനായി പൈലിങും തൂൺ നിർമാണവും പൂത്തിയായിരുന്നു.
അപകടം നടക്കുമ്പോൾ സൈറ്റ് എൻജിനീയർ സ്ഥലത്തുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച് അധികൃതരിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് ദേശീയ പാത നിർമാണ വിഭാഗം അന്വേഷണം ആരംഭിച്ചതായി അറിയുന്നു. നിർമാണ പ്രവൃത്തികൾ നടത്തുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: