തുടക്കം മുതല്‍ ഒടുക്കം വരെ കഥാപാത്രങ്ങള്‍ക്കൊപ്പം സിനിമാസ്വാദകരെ നയിക്കുന്ന ചേതോഹരമായൊരു ചലച്ചിത്രാനുഭവമാണ് കാന്താരയെന്ന കന്നട ചിത്രം.. വമ്പന്‍ മുതല്‍ മുടക്കില്ലാതെ സ്വദേശത്ത് അതും ഒരു വനാന്തരീക്ഷത്തില്‍ ചിത്രീകരിച്ച സിനിമ…
കാടും, വന്യതയും, ഗോത്ര ദൈവങ്ങളും , കോലങ്ങളും കഥാപാത്രമാക്കി സംവിധായകന് തന്നെ നായക കഥാപാത്രമായ സിനിമ..
ഒരുവശത്ത് പരിഷ്കാരം ചെന്നുപറ്റാത്ത പച്ചയായ ഗ്രാമീണ ജീവിതത്തിന്റെയും മറുവശത്ത് പരിഷ്കാരികളുടെ ചൂഷണത്തിന്റെയും, ചതിയുടേയും, കൈയ്യേറ്റമുള്‍പ്പെടെയുള്ള നേരുകേടുകളുടേയും കഥ പറയുന്ന സിനിമ..
അചഞ്ചലമായ ദൈവവിശ്വാസവും സ്വാര്‍ത്ഥതയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയിലൂടെ നമ്മെ മറ്റൊരു പ്രപഞ്ചത്തിലേക്ക് കൊണ്ടുപോകുന്ന സിനിമ..
ആദ്യാവസാനം കാതുകളെ പ്രകമ്പനം കൊള്ളിക്കുന്ന അലര്‍ച്ചയുടെ മുഴക്കം സിനിമക്കു ശേഷവും മനസ്സില്‍ നിന്നു പോകുന്നില്ല.. കാടും നാടും സുന്ദരമായി പകര്‍ത്തി കണ്മുന്നിലെത്തിക്കുന്നതില് മുതല്‍ സംഘടന രംഗങ്ങളില്‍ വരെ ചിത്രീകരണത്തികവ് കാണാം.. എത്ര മികച്ചതെങ്കിലും പലപ്പോഴും ഇതരഭാഷാ ചിത്രങ്ങളുടെ രസം കെടുത്തന്നത് ഡബ്ബിംഗ് ആണ്… പക്ഷേ ഈ സിനിമയില്‍ എന്തോ തിരക്കഥയുടെ സൗന്ദര്യം കൊണ്ടുകൂടിയാവാം പരിഭാഷ ഒട്ടും രസം കൊല്ലിയായില്ല. സുപ്രധാന രംഗങ്ങളില്‍ കന്നട ശബ്ദം തന്നെ മലയാളം സബ്ടൈറ്റിലോടെ നല്‍കിയത് നല്ലൊരു നീക്കമായിരുന്നു.. ആ രംഗങ്ങള്‍ മാതൃഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകടമാക്കുന്നതായി… കഥാപാത്രങ്ങളുടെയെല്ലാം നടനം മികവുറ്റതായിരുന്നു..
പണമിറക്കി മായാപ്രപഞ്ചം തീര്‍ക്കുന്ന ബിഗ് ബജറ്റ് സിനിമകളുടെ കാലത്ത് വിശ്വാസവും, കലയും ഇടകലര്‍ന്ന മണ്ണിന്റെ ഗന്ധമുള്ള കഥകളും ഗ്രാമവും പ്രമേയമായ സിനിമകള്‍ക്കും ഇടവും സ്വീകാര്യതയുമുണ്ടെന്നതിന് തെളിവാണ് ഈ ചിത്രം.. ഗംഭീരമായ തീയറ്റര്‍ അനുഭവം പ്രദാനം ചെയ്യുന്ന കാന്താര ആരെയും ആകര്ഷിക്കുമെന്നതില് സംശയമില്ല.. ഹൃദയഹാരകമായ ദൃശ്യാനുഭവങ്ങള്‍ കണ്മുന്നില് നിറഞ്ഞാടി ഉറഞ്ഞുതുളളി അവസാനിക്കുമ്പോള്‍ നിറഞ്ഞ കൈയ്യടികളേകുന്ന സദസ്സിന്റെ കാഴ്ച ഈ ചിത്രത്തിന്റെ സൗന്ദര്യം വെളിവാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: