ഇക്കഴിഞ്ഞ വിജയദശമി നാളില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം സര്‍സംഘ് ചാലക് ഡോ. മോഹന്‍ജി ഭാഗവത് നടത്തിയ ബൗദ്ധിക് ശ്രദ്ധേയമായിരുന്നു. ആദരണീയ മഹതിയെ വേദിയില്‍ ഇരുത്തിക്കൊണ്ട് മാതൃശക്തിയുടെ പങ്കാളിത്തത്തിന്റെ സവിശേഷതകള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. മാതൃശക്തിയെ തുല്യതയുടെ അടിസ്ഥാനത്തില്‍ കാണണമെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. സ്ത്രീകളെ സമൂഹത്തില്‍ രണ്ടാം തരം പൗരന്മാരായി കാണുന്ന സാഹചര്യം ഉണ്ടാകരുത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തീരുമാനങ്ങള്‍ എടുക്കുന്നതടക്കം എല്ലാ കാര്യങ്ങളിലും തുല്യ പങ്കാളിത്തം നല്‍കണം. സ്ത്രീകള്‍ക്ക് പുരോഗതിയും ശാക്തീകരണവും ഉണ്ടാകണം.
തുല്യതയുടെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും പങ്കാളിത്തം ആവശ്യമാണ്. വലിയ പരീക്ഷണങ്ങള്‍ക്കുശേഷം വ്യക്തിവാദികളും സ്ത്രീപക്ഷവാദികളും ഈ ദിശയില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നു. ഭാരതത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിവിധ മഹിളാസംഘടനകള്‍ 2017ല്‍ വിപുലമായ സര്‍വ്വെ നടത്തി. സര്‍വ്വെ ഫലം സര്‍ക്കാരിനും പ്രമുഖ സംഘടനകള്‍ക്കും നല്‍കി. പുരോഗതി, തുല്യത, ശാക്തീകരണം എന്നിവയാണതില്‍ പ്രധാനം. ഈ കണ്ടെത്തലുകള്‍ നടപ്പാക്കാന്‍ ശ്രമങ്ങള്‍ വേണമെന്ന പ്രഖ്യാപനങ്ങള്‍ മാത്രമല്ല അതിലേക്കുള്ള ശക്തമായ നീക്കം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്‌ട്രപതിയായി ഒരു മഹിള മാത്രമല്ല, അതിലും പ്രത്യേകത അവരൊരു പട്ടികവര്‍ഗ്ഗക്കാരിയായി എന്നതാണ്. അതൊരു സുപ്രധാന ഘടകം തന്നെയാണ്. അതിനോടനുബന്ധിച്ച് കായിക രംഗത്തെ വേതനത്തില്‍ ലിംഗ വേര്‍തിരിവ് അവസാനിപ്പിക്കാനുള്ള നീക്കത്തിനു കരുത്തേകി ബിസിസിഐയുടെ ചരിത്രപരമായ പ്രഖ്യാപനം. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി മുതല്‍ വേതന വിഷയത്തില്‍ പുരുഷ, വനിതാ ഭേദമില്ല. നിര്‍ണായകവും ചരിത്ര പ്രധാനവുമെന്ന പ്രഖ്യാപനത്തോടെ ബിസിസിഐ പുരുഷ, വനിതാ ടീമുകള്‍ക്കു തുല്യ മാച്ച് ഫീ പ്രഖ്യാപിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ചരിത്രപരമായ തീരുമാനം അറിയിച്ചത്. ഇതോടെ, ന്യൂസിലന്‍ഡിനു പിന്നാലെ വേതന വിവേചനം അവസാനിപ്പിക്കുന്ന ക്രിക്കറ്റ് ബോര്‍ഡായി ബിസിസിഐ. കഴിഞ്ഞ ജൂലായ് അഞ്ചിനാണ് ന്യൂസിലാന്‍ഡ് വേതന വിവേചനം അവസാനിപ്പിച്ചത്. ആഗസ്റ്റ് ഒന്നു മുതല്‍ അത് നിലവില്‍ വന്നു. ആഭ്യന്തര താരങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ആഭ്യന്തര മത്സരങ്ങളിലടക്കം വിവേചനം അവസാനിപ്പിക്കും. താരങ്ങളുടെ താമസം, യാത്ര, പരിശീലനത്തിലടക്കം പുരുഷ ടീമിന് സമാനമായ സൗകര്യങ്ങള്‍ നേരത്തേ തന്നെ വനിതാ ടീമിനും ബിസിസിഐ നല്‍കിയിരുന്നു.
തീരുമാനത്തിനു വലിയ അഭിനന്ദനമാണ് ബിസിസിഐയെ തേടിയെത്തുന്നത്. മിതാലി രാജ് അടക്കമുള്ള താരങ്ങളും പ്രശംസയുമായെത്തി. ചരിത്രപരമായ തീരുമാനമെന്നാണ് മിതാലി പ്രതികരിച്ചത്. ഇന്ത്യയില്‍ വനിതാ ക്രിക്കറ്റിന്റെ പുതുയുഗത്തിനാണ് തുടക്കമെന്നു പറഞ്ഞ മിതാലി തീരുമാനം നടപ്പാക്കാന്‍ യത്നിച്ച ജയ് ഷായ്‌ക്കു നന്ദിയും അറിയിച്ചു.
ഇത് ഇവിടംകൊണ്ട് തീരില്ല. ലോകമെമ്പാടും ഇതിന്റെ അലയൊലിയുണ്ടാകുമെന്നുറപ്പാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത ആവേശത്തിലാണ് രാജ്യം. അത് സ്ത്രീശാക്തീകരണത്തിലൂടെ പരമോന്നതിയിലേക്ക് നീങ്ങുകതന്നെയാണ്. അതിനിടയിലാണ് കേരളത്തിലെ കോലാഹലം. അതും ഒരു സ്ത്രീ വൈസ് ചാന്‍സലറുടെ വിധിയുടെ ചുവടുവച്ച്.
സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നാണംകെട്ടതിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇടതുപക്ഷം ഗവര്‍ണര്‍ക്കെതിരെ തെരുവില്‍ സമരത്തിനിറങ്ങുന്നത്. ഈ സമരം യഥാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ക്കെതിരാണോ അതോ സുപ്രീംകോടതിക്കെതിരെയോ ? ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സര്‍ക്കാര്‍ ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവര്‍ണറെ ആര്‍എസ്എസ്സുകാരനായി സിപിഎം മുദ്രകുത്തുന്നത്. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെല്ലാം ആര്‍എസ്എസ്സാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ചുവപ്പ് വത്ക്കരിച്ച് പൂര്‍ണമായും തകര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. എല്ലാ നിയമനങ്ങളും എകെജി സെന്ററില്‍ നിന്നാണ് വരുന്നത്. യോഗ്യതയുള്ളവരെ പരിഗണിക്കാതെ യുജിസി മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ഇഷ്ടക്കാരെ വിസിമാരാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് നടപ്പില്ലെന്നാണ് സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്.
സുപ്രീം കോടതി പുറത്താക്കിയ വൈസ് ചാന്‍സലര്‍ ഡോ. എം.എസ്.രാജശ്രീക്കു പകരം ആര്‍ക്കും ചുമതല നല്‍കാത്തതിനാല്‍ സാങ്കേതിക സര്‍വകലാശാലയിലെ (കെടിയു) ഭരണം പ്രതിസന്ധിയിലേക്ക്. അത്യാവശ്യക്കാര്‍ക്കു ബിരുദ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കാന്‍പോലും കഴിയുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി വിധി വന്നത്. ഡിജിറ്റല്‍ സര്‍വകലാശാലാ വിസി ഡോ.സജി ഗോപിനാഥിനു കെടിയുവിന്റെ അധികച്ചുമതല നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, വിധിയുടെ അടിസ്ഥാനത്തില്‍ നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് സജി ഗോപിനാഥിനും ഗവര്‍ണര്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനു ചുമതല നല്‍കാനാവില്ലെന്നു ഗവര്‍ണര്‍ അറിയിക്കുകയും ചെയ്തിരിക്കുന്നു.
സാങ്കേതിക സര്‍വകലാശാലാ നിയമവും യുജിസി ചട്ടവുമനുസരിച്ച് വിസിക്കൊപ്പം പിവിസിയും സ്ഥാനമൊഴിയണം. സര്‍വകലാശാലാ നിയമപ്രകാരം എന്‍ജിനീയറിങ് വിദഗ്ധരെ മാത്രമേ വിസിയായി നിയമിക്കാവൂ. ഗവ. എന്‍ജിനീയറിങ് കോളജുകളിലെ സീനിയര്‍ പ്രഫസര്‍മാരുടെ പട്ടിക ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താല്‍ക്കാലിക വിസിക്ക് 6 മാസം വരെ തുടരാം.
സുപ്രീം കോടതി വിധി വന്നയുടന്‍ ഡോ.രാജശ്രീ ഔദ്യോഗിക കാര്‍ തിരികെയേല്‍പിച്ച് ഓഫിസ് വിട്ടുപോയി. ഇതിനിടയിലാണ് ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ നോക്കുകയാണെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സെക്രട്ടറി കാനവും പ്രസ്താവനയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ‘ലോകത്തുള്ള എല്ലാ അധികാരങ്ങളും എന്റേതാണെന്ന് ആരെങ്കിലും ശുംഭന്‍മാര്‍ വിചാരിച്ചാല്‍ അതില്‍ നമുക്കൊക്കെ എന്തുചെയ്യാന്‍ പറ്റും’ എന്ന് കാനം രാജേന്ദ്രന്‍ ചോദിച്ചു. ‘ധനമന്ത്രി കെഎന്‍ ബാലഗോപാലിന് എതിരെയുള്ള തന്റെ പ്രീതി പിന്‍വലിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രീതി എന്ന് പറയുന്നത് പിന്‍വലിക്കാനും പിന്നെ കൊടുക്കാനുമുള്ളതാണോ? അപ്പോള്‍ ആരിഫ് മുഹമ്മദ് ഖാനോടുള്ള ഞങ്ങളുടെ പ്രീതി ഞങ്ങളും പിന്‍വലിച്ചുവെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ചു” എന്ന് കാനം പറയുമ്പോള്‍ അങ്ങനെയൊന്നും ഭരണഘടനയില്‍ ഇല്ല സാര്‍. പക്ഷേ ഗവര്‍ണറുടെ പ്രീതി ഭരണഘടനയില്‍ ഉണ്ടുതാനും.
‘ഗവര്‍ണറാണ് ഈ യൂണിവേഴ്‌സിറ്റികള്‍ എല്ലാം ഭരിക്കുന്നത് എന്നാണ് ധാരണ. ഗവര്‍ണര്‍ എന്ന പദവി ഭരണഘടനയില്‍ 153 മുതല്‍ 164 വരെയുള്ള അനുച്ഛേദങ്ങളില്‍ പറയുന്ന അധികാരങ്ങള്‍ മാത്രമുള്ള ഒരാളാണ്. അല്ലാതെ ലോകത്തുള്ള എല്ലാ അധികാരങ്ങളും എന്റേതാണെന്ന് ആരെങ്കിലും ശുംഭന്‍മാര്‍ വിചാരിച്ചാല്‍ അതില്‍ നമുക്കൊക്കെ എന്തുചെയ്യാന്‍ പറ്റും?’എന്നാണ് കാനത്തിന്റെ ചോദ്യം. ശുംഭന്‍, പരനാറി പ്രയോഗങ്ങള്‍ ഗവര്‍ണര്‍ക്കറിയാതെ പോയതില്‍ കാനന്മാര്‍ക്ക് ആശ്വസിക്കാം. ഉറഞ്ഞു തുള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: