വനിതാ-പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉറപ്പാക്കിക്കൊണ്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ തീരുമാനം നല്കുന്ന സന്ദേശം വളരെ വലുതാണ്. തുല്യത ഉറപ്പാക്കുന്ന ചരിത്ര പ്രഖ്യാപനം കായിക രംഗത്തെ ലിംഗ വിവേചനത്തെ ചെറുക്കുന്നതിനുള്ള ആദ്യ ചുവടുമാത്രമല്ല ലിംഗസമത്വത്തിന്റെ പുതിയൊരു സുവര്‍ണ കാലത്തേക്കുള്ള ചുവടുവയ്പ്പു കൂടിയാണ്. വനിതാ താരങ്ങള്‍ക്കും പുരുഷ താരങ്ങളുടേതിനു തുല്യമായ മാച്ച് ഫീ ലഭിക്കുക എന്നത് കാലാകാലങ്ങളായി ഇന്ത്യന്‍ വനിതാ താരങ്ങള്‍ ഉന്നയിച്ചു വരുന്ന ആവശ്യമായിരുന്നു. അതിന് ബിസിസിഐ പച്ചക്കൊടി കാട്ടിയതിലൂടെ, ഇന്ത്യ രാജ്യത്തെ എല്ലാ വിഭാഗക്കാരേയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്ന സന്ദേശം ലോകത്തിനു നല്കുന്നു.
കായിക രംഗത്ത് തുല്യവേതനത്തിനായുള്ള വലിയ പോരാട്ടങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. അടുത്തിടെ അമേരിക്കന്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ സമത്വത്തിനായുള്ള പോരാട്ടം ഏറെ ശ്രദ്ധയും നേടിയിരുന്നു. തുടര്‍ച്ചയായി ലോക കീരീടവും പുരുഷ ടീമിനേക്കാള്‍ അന്താരാഷ്ട്ര വിജയവും നേടി അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന് പുരുഷ ടീം ഉണ്ടാക്കിയതിനേക്കാല്‍ പണം നേടിക്കൊടുത്തിട്ടും തങ്ങള്‍ക്ക് വേതനം കുറവാണ് എന്നതായിരുന്നു വനിതകളുടെ നിലപാട്. വനിതാടീമിലെ 28 പേരും അമേരിക്കന്‍ സോക്കര്‍ ഫെഡറേഷനെതിരെ കേസ് കൊടുത്തു. ഫെഡറേഷന് കോടതിയില്‍ നല്കിയ മറുപടി വിവാദമായി. ബയോളജിക്കല്‍ ഡിഫറന്‍സ് എന്നായിരുന്നു മറുപടി. ടെന്നിസ് ഇതിഹാസം സെറീന വില്യംസ് അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. ഒടുവില്‍ തുല്യവേതനമെന്ന അവകാശം വനിതാതാരങ്ങള്‍ നേടിയെടുത്തു. വിംബിള്‍ഡനില്‍ പുരുഷ-വനിതാതാരങ്ങള്‍ക്ക് തുല്യ സമ്മാനത്തുകയ്ക്കായി വീനസ് വില്ല്യംസും പ്രതിഷേധ സ്വരം ഉയര്‍ത്തുകയും വിജയിക്കുകയും ചെയ്തു. കോടതികളിലൂടെയും പ്രതിഷേധത്തിലൂടെയും അവര്‍ നേടിയതിനേക്കാള്‍ മാറ്റു കൂടുന്നതാണ് നമ്മുടെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കിട്ടിയ തുല്ല്യതാ പരിഗണന.
സ്ത്രീ ശാക്തീകരണരംഗത്ത് രാജ്യം അടുത്തകാലത്ത് നടത്തിയ കുതിപ്പിനൊപ്പം ചേര്‍ക്കാവുന്ന നടപടിയാണ് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെത്. രാജ്യത്തെമ്പാടുമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനു വേണ്ടിയുള്ള പ്രയത്നത്തിലാണ് കഴിഞ്ഞ എട്ടു വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാവിധ നിയന്ത്രണങ്ങളും എടുത്തുമാറ്റി. എല്ലാവാതിലുകളും അവര്‍ക്കു വേണ്ടി തുറന്നു കിടക്കുകയാണ്. ഏത് തൊഴില്‍മേഖലയും തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് ഇന്ന് അവസരം ലഭിക്കുന്നുണ്ട്. ഇന്ത്യയുടെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണു സ്ത്രീ ശാക്തീകരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചു പറയുകയും അതിനുവേണ്ടി പദ്ധതികള്‍ ഒന്നൊന്നായി നടപ്പാക്കുകയും ചെയ്യുന്നു.
എല്ലാ വികസനപദ്ധതികളിലും വനിതകളുടെ അതിരില്ലാത്ത സംഭാവനയുണ്ട്. ബഹിരാകാശ പദ്ധതികള്‍ മുതല്‍ സര്‍ക്കാര്‍ മന്ത്രിമാരില്‍ വരെ വനിതകളുടെ സംഭാവനകള്‍ വലുതാണ്. രാഷ്ടപതി വനിതയാണ്. ഇന്ത്യയുടെ മൂന്നു പരമ്പരാഗത ഹൈക്കോടതികളുടെ നേതൃസ്ഥാനം അലങ്കരിക്കുന്നതും സ്ത്രീകളാണ്. ഒന്നിനു പുറകെ ഒന്നായി വിവിധ മേഖലകളില്‍ സ്ത്രീകള്‍ നിലവിലെ പ്രതിബന്ധങ്ങള്‍ മറികടക്കുകയാണ്. സായുധസേനയിലെ അവരുടെ വര്‍ധിച്ച പങ്കാളിത്തമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, ഗണിതശാസ്ത്രം, നിര്‍വഹണം തുടങ്ങിയ പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പ്രതിസന്ധിയുടെ മാസങ്ങളില്‍ രാഷ്ട്രത്തിന് കാവല്‍ നിന്ന കൊറോണയോദ്ധാക്കളില്‍ സ്ത്രീകളായിരുന്നു പുരുഷന്മാരേക്കാള് കൂടുതല്‍ ഉണ്ടായിരുന്നത്. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ സ്വാഭാവികമാകേണ്ടതായിരുന്നു. തൊഴില്‍ ശക്തിയിലെ അവരുടെ അനുപാതം അവരുടെ കഴിവിന് അടുത്തെങ്ങുമില്ല. ഈ ദുഃഖകരമായ അവസ്ഥ തീര്‍ച്ചയായും ലോകമെമ്പാടുമുള്ള പ്രതിഭാസമാണ്. ഭാരതത്തില്‍ ആ പ്രതിഭാസം മാറിക്കൊണ്ടിരിക്കുകയാണ്. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പോലുള്ള കേന്ദ്രീകൃത സംരംഭങ്ങളിലൂടെ ഈ പ്രവണതയ്ക്ക് ആക്കം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം എന്ന തീരുമാനം എടുക്കാന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനെ പ്രേരിപ്പിച്ചതിന് പിന്നിലും രാജ്യത്ത് മാറിവരുന്ന ചിന്താഗതിക്ക് പ്രധാന പങ്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: