കോട്ടയം: മണര്‍കാട്ടെ ബാറില്‍ ജീവനക്കാരും ബാറിലെത്തിയവരും തമ്മിലുണ്ടായ വാക്കേറ്റം കൂട്ടയടിയിലെത്തി. ഗൂഗിള്‍ പേ വഴി പണമടയ്‌ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കോട്ടയം മണർകാട്ടെ രാജ് ഹോട്ടലിലായിരുന്നു സംഘർഷം. കല്ലും വടിയും ഉപയോഗിച്ചുള്ള ആക്രമണം രണ്ട് മണിക്കൂറിലേറെ നീണ്ടു. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.
മദ്യപിച്ചശേഷം ഗൂഗിള്‍പേ വഴി പണമടയ്‌ക്കണമെന്ന് പറഞ്ഞത് ബാര്‍ ജീവനക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ജിവനക്കാരും മദ്യപസംഘവും വാക്കേറ്റവും കയ്യാങ്കളിയിലുമെത്തി. ഇതോടെ മദ്യപിക്കാനെത്തിയവര്‍ പുറത്തുനിന്ന് കുടുതല്‍ ആളുകളെ വിളിച്ചുവരുത്തി. പിന്നീട് ബാറിനുള്ളില്‍ മദ്യപിക്കാനെത്തിയവരും ജിവനക്കാരുമായി തല്ലായി.
ബാറിനുള്ളില്‍ തുടങ്ങിയ അടി ദേശീയപാതയിലേക്കെത്തിയതോടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. സംഘര്‍ഷംകണ്ട് യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. അടിയേറ്റ രണ്ടുപേര്‍ വഴിയില്‍ വീണു. അടികൊണ്ട് വഴിയില്‍കിടന്ന ഒരാളെ പോലീസ് ആശുപത്രിയിലാക്കി. മറ്റേയാളെ കൂടെയുണ്ടായിരുന്നവര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി.
രാത്രി പതിനൊന്നരയോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ബാറിനു മുന്നിലെത്തിയ മദ്യപസംഘത്തില്‍പ്പെട്ടവരെ ജീവനക്കാര്‍ മർദിച്ചു. ബാറില്‍ നിന്ന് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പി ദേശീയ പാതയില്‍ വീണ് പൊട്ടിച്ചിതറി. വിവരമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. ഇതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കും പരാതി ഇല്ലാത്ത സാഹചര്യത്തില്‍ കേസ് എടുത്തില്ലെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: