ന്യൂദല്‍ഹി : ക്രമസമാധാനം പാലിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. സാധാരണക്കാരുടെ സുരക്ഷയ്ക്കായി സംസ്ഥാനങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. രാജ്യസുരക്ഷയ്ക്കായി കേന്ദ്ര ഏജന്‍സികളുമായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ സുരജ്കുണ്ഡില്‍ നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ദ്വിദിന ചിന്തന്‍ ശിബിരത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രി, വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമ്മേളനം സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണ്. ക്രമസമാധാന പാലനം രാജ്യത്തിന്റെ ഐക്യത്തോടും അഖണ്ഡതയോടും ബന്ധപ്പെട്ടിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് പരസ്പരം പഠിക്കാനും പരസ്പരം പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കും. ഇത് ഭരണഘടനയോടും നമ്മുടെ പൗരന്മാരോടുള്ള ഉത്തരവാദിത്തമാണ്.
ചില സംസ്ഥാനങ്ങളില്‍ പേനകൊണ്ടും മാവോയിസം നടപ്പാക്കുന്നു. ഇത്തരത്തിലുള്ള നമ്മള് ഒത്തൊരുമിച്ചു നിന്ന് ഇല്ലാതാക്കണം. കുറ്റകൃത്യങ്ങള്‍ അന്തര്സംസ്ഥാനമായും അന്തര്‍ദേശീയമായും മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ക്രമസമാധാന പാലനം ഒരു സംസ്ഥാനത്ത് പരിമിതപ്പെടുത്തിയിട്ടില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂട്ടുത്തരവാദിത്തമാണുള്ളത്.
രാജ്യത്തെ പോലീസ് യൂണിഫോമുകളില്‍ ഏകീകരണം കൊണ്ടുവരണം എന്ന ആശയവും പ്രധാനമന്ത്രി ഇതോടൊപ്പം അവതരിപ്പിച്ചു. ഇത് നടപ്പിലായാല്‍ രാജ്യത്തെ പോലീസിന് ഒരു യൂണിഫോം എന്നതിലേക്ക് മാറും. സാധ്യമാണെങ്കില്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇക്കാര്യം ചര്‍ച്ച ചെയ്യണം.
സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി അതിര്‍ത്തിക്കപ്പുറമുള്ള കുറ്റവാളികള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനങ്ങളും കേന്ദ്ര നിയമപാലക ഏജന്‍സികളും ഒന്നിച്ചു നിന്ന് ഇതിനെ പ്രതിരോധിക്കേണ്ടതുണ്ട്. വിഷയത്തില്‍ പോലീസില്‍ നിന്നും കേന്ദ്ര ഏജന്‍സികളില്‍ നിന്നും തുല്യമായ പ്രതികരണമാണ് ഉണ്ടാകേണ്ടത്. അത്തരത്തില്‍ ഒന്ന് ഉണ്ടാകാത്തിടത്തോളം കാലം അവരെ നേരിടുക അസാധ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തരമന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള രണ്ട് ദിവസത്തെ ചിന്തന്‍ ശിബിരത്തിന് കേന്ദ്രമന്ത്രി അമിത് ഷായാണ് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. വ്യാഴാഴ്ച പിണറായി സമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും ഇന്ന് ദല്‍ഹി കേരള ഹൗസില്‍ തന്നെ തുടരുകയാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: