കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ സ്ഫോടനം പോലെ വിവിധ സ്ഥാപനങ്ങള്‍ തകര്‍ക്കാനും ചാവേര്‍ ആക്രമണങ്ങള്‍ക്കും ഭീകരര്‍ ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തല്‍. ഇതിനായി ഓണ്‍ലൈന്‍ വഴി സ്ഫോടക വസ്തുക്കള്‍ പ്രതികള്‍ ശേഖരിച്ചുവെച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായത്.
മറ്റെന്തൊക്കെ സാമഗ്രികള്‍ സ്ഫോടനത്തിനായി ഓണ്‍ലൈനായി ശേഖരിച്ചു എന്നത് സംബന്ധിച്ച് ആമസോണിനോടും ഫ്ളിപ്പ്കാര്‍ട്ടിനോടും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി കൈക്കൊള്ളുമെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന് പറഞ്ഞു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന് നിരവധി തവണ കേരളത്തില്‍ സന്ദര്‍ശനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ചികിത്സാര്‍ത്ഥമാണ് ഇയാള്‍ കേരളത്തിലെത്തിയത്. ചികിത്സയുടെ മറവില്‍ ഇവര്‍ ആരെങ്കിലുമായി ബന്ധപ്പെടുകയോ മറ്റെന്തെങ്കിലും ആസൂത്രണം ചെയ്തിരുന്നോയെന്നും പരിശോധിക്കും. കോയമ്പത്തൂരില്‍ ആള്‍നാശത്തിന് തന്നെയാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നും കമ്മിഷണര്‍ അറിയിച്ചു.
അതേസമയം സ്ഫോടനക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന. നിലവില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു വരികയാണ്. ചിലരെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. സ്ഫോടനക്കേസ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍ഐഎ പ്രാഥമിക വിവരശേഖരണം പൂര്‍ത്തിയാക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്‍ഐഎയുടെ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. രണ്ടുനാളായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്താണ് സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്. കേസ് എന്‍ഐഎ ഏറ്റെടുത്തെങ്കിലും പോലീസിന്റെ വിവരശേഖരണവും ഇതോടൊപ്പം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: