കൊല്ലം: ഒന്നു പറഞ്ഞ് രണ്ടിനു തോക്കെടുക്കുന്ന അവസ്ഥയാണ് കേരളത്തില്‍. കൊച്ചിയിലെ ബാറില്‍ പട്ടാപ്പകല്‍ നടന്ന വെടിവയ്പിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് കൊട്ടാരക്കരയില്‍ അഭിഭാഷകനു വെടിയേറ്റത്. 2014 മുതല്‍ ഇതുവരെ സംസ്ഥാനത്തു വെടിയേറ്റു മരിച്ചത് 12 പേരാണ്. മൂന്നു വര്‍ഷത്തിനിടെ 10 പേര്.
2014 മാര്‍ച്ച് രണ്ടിന് ഇടുക്കി രാജകുമാരിയില്‍ ജീപ്പ് ഡ്രൈവര്‍ ജിജിയെ (48) വെടിവച്ചു കൊന്ന് സുഹൃത്ത് സജി (47) ആത്മഹത്യ ചെയ്തതാണ് ഈ പരമ്പരയിലെ ആദ്യ സംഭവം. 2018 ഡിസംബറില്‍ നടി ലീന മരിയ പോളിന്റെ കൊച്ചിയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ പട്ടാപ്പകല്‍ വെടിവയ്പു നടന്നു. 2019 മേയ് 24ന് വയനാട് പുല്‍പ്പള്ളി കാപ്പിസെറ്റ് കന്നാരംപുഴയില്‍ പുളിക്കല്‍ ചാര്‍ളിയുടെ വെടിയേറ്റ് അമരക്കുനി സ്വദേശി കാട്ടുമാക്കല്‍ നിധിന് പത്മനാഭന് (22) മരിച്ചു. 2020 ആഗസ്തില്‍ ഇടുക്കി മറയൂര്‍ പാളപ്പെട്ടി ഊരില്‍ ചന്ദ്രികയെ (35) സഹോദരീ പുത്രന് കാളിയപ്പന് വെടിവച്ചു കൊന്നു. ചന്ദനക്കടത്തിനെക്കുറിച്ചുള്ള വിവരം പോലീസിനു ചോര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
2021 മാര്‍ച്ച് 25ന് കണ്ണൂര്‍ ചെറുപുഴ കാനംവയല്‍ ചേന്നാട്ടു കൊല്ലിയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കൊങ്ങോലയില്‍ ബേബി (50) വെടിയേറ്റു മരിച്ചു. ജൂലൈ 30നു കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ദന്തല്‍ കോളജ് വിദ്യാര്‍ഥിനി കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശി പി.വി. മാനസയെ(24) വെടിവച്ചുകൊന്ന് കണ്ണൂര്‍ സ്വദേശി രഖില്‍(21) സ്വയം നിറയൊഴിച്ചു മരിച്ചു. നവംബറില്‍ വയനാട് കമ്പളക്കാട് സ്വദേശി ജയന് കൃഷി സ്ഥലത്തു കാട്ടുപന്നിയെ ഓടിക്കാനെത്തിയപ്പോള് വെടിയേറ്റു മരിച്ചു.
ഈ വര്‍ഷം മാര്‍ച്ച് ഏഴിനു കാഞ്ഞിരപ്പള്ളി മണ്ണാറക്കയത്ത് വസ്തുതര്‍ക്കത്തെ തുടര്‍ന്ന് കരിമ്പനാല്‍ രഞ്ജു കുര്യന് സഹോദരന് ജോര്‍ജ് കുര്യന്റെ വെടിയേറ്റു മരിച്ചു. മാര്‍ച്ച് 26നു രാത്രി മൂലമറ്റത്ത് തട്ടുകടയിലെ തര്‍ക്കത്തില്‍ എലപ്പള്ളി സ്വദേശി സനല്‍ ബാബു (32) കൊല്ലപ്പെട്ടു. ജൂണ്‍ 15ന് കാസര്‍കോട് ബേക്കലില്‍ കാട്ടുപന്നിയെ പിടിക്കാന്‍ വച്ച തോക്കുകെണിയില്‍ നിന്നു വെടിയേറ്റു കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം. മാധവന് നമ്പ്യാര്‍ (65) മരിച്ചു. ജൂണില്‍ത്തന്നെ മലപ്പുറം കോട്ടയ്ക്കല്‍ ചട്ടിപ്പറമ്പില്‍ പൊന്മേള ചേങ്ങോട്ടൂര്‍ ആക്കപ്പറമ്പ് സ്വദേശി കണക്കയില്‍ ഷാനു എന്ന ഇര്‍ഷാദ് (27) വെടിയേറ്റു മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: