തൃശ്ശൂര്‍: കേരളത്തില്‍ പട്ടികജാതിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും അമര്‍ച്ച ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടതായി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് കുറ്റപ്പെടുത്തി. 2020 ജൂണ്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ പട്ടികജാതി വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം 2125 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതില്‍ 2020 ജൂണ്‍ മുതല്‍ 2022 മാര്‍ച്ച് വരെ 730 ഉം, 2021 ല്‍ 1081, 2020 മാര്‍ച്ച് വരെ 314 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2020 ജൂണ്‍ മുതല്‍ 2022 മാര്‍ച്ച് വരെ 24 പട്ടികജാതിക്കാരാണ് സംസ്ഥാനത്ത് കൊലചെയ്യപ്പെട്ടത്. തിരുവനന്തപുരത്താണ് ഏറ്റവും അധികം അതിക്രമങ്ങള്‍ നടന്നത്.
അതിക്രമങ്ങള്‍ തടയുന്നതില്‍ ആഭ്യന്തരവകുപ്പ് ദയനീയമായി പരാജയപ്പെട്ടു. ഇരകള്‍ക്ക് നീതി ലഭിക്കുന്നില്ല. പകരം പ്രതികളെ കേസുകളില്‍ നിന്ന് രക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും പോലീസും പ്രോസിക്യൂഷനും നടത്തുന്നത്. വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസ് അട്ടപ്പാടിയില്‍ മധുവിനെ തല്ലിക്കൊന്ന കേസ്, വണ്ടിപ്പെരിയാറില്‍ ചൂരകുളം എസ്റ്റേറ്റില്‍ അഞ്ചു വയസുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ കേസ് ഇവ അട്ടിമറിക്കപ്പെട്ടു. മൂന്ന് കേസിലും പ്രതികള്‍ സിപിഎമ്മുകാരാണ്.
ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാതിരുന്നത് പ്രതികളെ സഹായിക്കാനാണ്. പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള ജില്ലാതല വിജിലന്‍സ് മോണിറ്ററിങ് കമ്മിറ്റി 14 ജില്ലകളിലും നിര്‍ജീവമാണ്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്പെഷല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കും അവരുടെ കുടുംബത്തിനും ധനസഹായം നല്കുന്നതില് ഗുരുതര വീഴ്ച്ചയാണ് സംഭവിക്കുന്നതെന്നും ഷാജുമോന്‍ വട്ടേക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ബാബു, എന്‍.എം. രവി, വി.സി. ഷാജി, വി.സി. സിജു എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: