പുനലൂര്‍: പുനലൂര്‍ സ്റ്റേഷനില്‍ റെയില്‍വേ നിര്‍മിക്കുന്ന 110 കെ.വി ട്രാക്ഷന്‍ സബ്സ്റ്റേഷന് വീണ്ടും അനിശ്ചിതത്വത്തിലായി. റെയില്‍വേയ്ക്ക് ത്രീഫേസ് വൈദ്യുതി കണക്ഷന്മാത്രമേ നല്‍കാനാകൂവെന്ന് കെഎസ്ഇബിയുടെ നിലപാടാണ് റെയില്‍വേക്ക് തിരിച്ചടിയായത്.
റെയില്‍വേയുടെ മുഴുവന്‍ സബ്സ്റ്റേഷനുകളും ടൂഫേസ് വൈദ്യുതി സ്വീകരിക്കുന്ന തരത്തിലാണെന്നിരിക്കേ പുനലൂരിലെ സബ്സ്റ്റേഷനിലേക്കുമാത്രം ത്രീഫേസ് സ്വീകരിക്കാനാകില്ല. ഇത് സബ്സ്റ്റേഷനിലേക്ക് കെഎസ്ഇബി വൈദ്യുതി നല്‍കുന്നത് വീണ്ടും പ്രതിസന്ധിയിലാക്കി. കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്ത് ഡയറക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് കെ.എസ്.ഇ.ബി നിലപാട് ആവര്‍ത്തിച്ചത്. ഏതെങ്കിലും പാത സമയബന്ധിതമായി ത്രീഫേസിലേക്ക് മാറ്റുമെന്ന് റെയില്‍വേ രേഖാമൂലം ഉറപ്പുനല്‍കിയാല്‍ കണക്ഷന് നല്‍കുന്നത് ആലോചിക്കാമെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്. എന്നാല്‍ ഇത് റെയില്‍വേ മന്ത്രാലയത്തിലും ബോര്‍ഡിലും തീരുമാനിക്കേണ്ട വിഷയമായതിനാല്‍ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.
നവംബര്‍ 15ന് ദില്ലിയില്‍ നടക്കുന്ന റെയില്‍വേ ബോര്‍ഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് ആലോചനയുണ്ടാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല. തിരുവനന്തപുരം-മംഗളൂരൂ പാതയിലോ മറ്റോ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കുന്നതിന് ധാരണയായാല്‍ ത്രീഫേസ് വൈദ്യുതി വേണ്ടിവരും. പുനലൂരില്‍ നിര്‍മാണം നടന്നുവരുന്ന സബ്സ്റ്റേഷനില്‍ വൈദ്യുതി എത്തിക്കുന്നതിന് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സമര്‍പ്പിച്ച 27.5 കോടിയുടെ അടങ്കലിന് കെ.എസ്.ഇ.ബി അനുമതി നല്‍കിയിട്ടില്ല. ത്രീഫേസ് വൈദ്യുതി ടൂഫേസാക്കുന്ന സ്കോട്ട് കണക്ടഡ് ട്രാന്‍സ്ഫോര്‍മര്‍ (എസ്.സി.ടി.) കെഎസ്ഇബിയുടെ പുനലൂര്‍ സബ്സ്റ്റേഷനില്‍ സ്ഥാപിച്ച് റെയില്‍വേയ്ക്ക് വൈദ്യുതി നല്‍കാമെന്ന ആശയമുണ്ടായെങ്കിലും നടന്നില്ല. ഇത്തരം ട്രാന്‍സ്ഫോര്‍മറുകള്‍ ഒരുകമ്പനിയും നിര്‍മിക്കാത്തതിനാല്‍ സ്ഥാപനങ്ങളൊന്നും അനുകൂലമായി പ്രതികരിക്കാതിരുന്നതാണ് കാരണം.
വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ കൊല്ലം-പുനലൂര്‍ പാതയില്‍ നിലവില്‍ കൊല്ലം പെരിനാട്ടെ സബ്സ്റ്റേഷനില്‍നിന്ന് വൈദ്യുതി ലഭ്യമാക്കിയാണ് പാതയിലെ വൈദ്യുതിട്രെയിനുകള് ഓടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: