കൊട്ടിയം: തണ്ണീര്‍ത്തട നിയമത്തിന് പുല്ലുവില നല്‍കി വ്യാപക നിലംനികത്തല്‍. ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ കൊട്ടുമ്പുറം വട്ടക്കായല്‍ പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തണ്ണീര്‍ത്തടങ്ങള്‍ നികത്തുകയാണ്. ഇതിനകം ഏക്കറു കണക്കിന് പാടം നികത്തി അക്കേഷ്യ മരങ്ങള്‍ നട്ടു പിടിപ്പിക്കുകയാണ്.
വട്ടക്കായലിന് സമീപത്തായി അടുത്തിടെ കൊല്ലം പള്ളിമുക്ക് സ്വദേശി രണ്ടര ഏക്കര്‍ നിലം വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ മുന്നൂറോളം ലോഡ് മണ്ണിറക്കി 50 സെന്റിലധികം നിലം നികത്തിക്കഴിഞ്ഞു.
ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ദേശിയപാതയോരത്ത് പൊളിക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന മണ്ണും ഉപയോഗിച്ചാണ് രാത്രികാലങ്ങളില്‍ ഭൂമാഫിയകളും മണ്ണ് മാഫിയകളും ചേര്‍ന്ന് റവന്യൂ-പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ നിലവും തോടും ചതുപ്പ് പ്രദേശങ്ങളും നികത്തുന്നത്.
ഇതോടെ സമീപത്തെ മറ്റ് കൃഷിയിടങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. വേനല്‍ ആരംഭിക്കുന്നതോടെ ജലക്ഷാമം അതിരൂക്ഷമാകുന്ന കോട്ടുമ്പുറം വട്ടക്കായല്‍ നിവാസികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന കുടിവെള്ളവും ലഭ്യമാകുമോ എന്നുള്ള ആശങ്കയിലാണ്.
അനധികൃത നികത്തലിനെതിരെ ആദിച്ചനല്ലൂര്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ല. ദിവസവും രാത്രിയില്‍ നൂറ് കണക്കിന് ലോഡ് മണ്ണിറക്കി ജെസിബി ഉപയോഗിച്ച് നികത്തുകയാണ്. പോലീസും ബന്ധപ്പെട്ട അധികൃതരും കണ്ണടയ്‌ക്കുന്നതിനു പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രദേശത്തേക്ക് വരുന്ന ടിപ്പറുകള്‍ തടയുന്നതിനും പഞ്ചായത്ത്-വില്ലേജ് ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് കൊട്ടുംപുറം വട്ടക്കായല്‍ നിവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: