കൽപ്പറ്റ: കടുവ ഭീതിയിൽ വിറങ്ങലിച്ച് വയനാട്ടിലെ ചിരാൽ ഗ്രാമം. ഒരു മാസത്തിനിടെ ചീരാൽ മേഖലയിൽ 13 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷന് മുന്നിലായി പ്രദേശവാസികൾ രാപ്പകൽ സമരം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയിൽ ഗൂഢലൂർ – സുൽത്താൻ ബത്തേരി റോഡ് നാട്ടുകാർ ഉപരോധിച്ചിരുന്നു.
ഇന്നലെ രാത്രി മാത്രം മൂന്ന് വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെ കൊന്ന കടുവ ഇബ്രാഹിമിന്റെ സഹോദരിയുടെ പശുവിനേയും ആക്രമിച്ച് പരിക്കേൽപിച്ചു. ഐലക്കാട് രാജൻ എന്നയാളുടെ പശുവിനേയും കടുവ ആക്രമിച്ചു. വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ വിപുലമായ സംഘമാണ് കടുവയ്‌ക്കായി ദിവസങ്ങളായി തെരച്ചിൽ നടത്തുന്നത്. ഉൾവനത്തിലടക്കംവനപാലകസംഘം തെരച്ചിൽ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.
കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമോ എന്ന ആശങ്ക വനംവകുപ്പിനുണ്ട്. വൈൽഡ് ലൈഫ് വാർഡൻ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ചിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആർആർടി ടീമും കടുവയുടെ നീക്കം മനസ്സിലാക്കാൻ പരിശീലനം സിദ്ധിച്ച പ്രത്യേക സംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടാൻ മൂന്ന് കൂടുകളും ദൃശ്യങ്ങൾ ശേഖരിക്കാൻ 18 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകളിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളിൽ കടുവ കൂടിന് സമീപം വരെ എത്തുന്നത് വ്യക്തമാകുന്നുണ്ട്. എന്നാൽ കൂട്ടിൽ കയറുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: