കൊച്ചി: അന്തിമതീരുമാനം എടുക്കാനുള്ള ആവകാശം ഗവര്‍ണര്‍ക്ക്. ചാന്‍സലര്‍കൂടിയായ ആരിഫ് മുഹമ്മദ് ഖാന് തീരുമാനം എടുക്കുന്നതുവരെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും തല്ക്കാലം പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി. രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ നല്കിയ നോട്ടിസിനെതിരെ വിസിമാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.
കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതോടെ ഉടന്‍ രാജിവയ്ക്കണമെന്ന കത്ത് അസാധുവായെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം നീക്കം ചെയ്യപ്പെടുന്നതുവരെ വിസിമാര്‍ക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിപ്രകാരം കടുത്ത നടപടിയിലേക്ക് കടക്കും മുന്‍പ് നടത്തിയ അഭ്യര്‍ഥന മാത്രമായിരുന്നു ഗവര്‍ണറിന്റെ ഭാഗത്തു നിന്നുമുണ്ടായത്. അതുവഴി വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരകൂടിയാണ് ഗവര്‍ണര്‍ നല്‍കിയതെന്നും കോടതി വിലയിരുത്തി.
വിശദീകരണം നല്‍കാനും വിസിമാരുടെ ഭാഗം കേള്‍ക്കാനുമായി 10 ദിവസത്തെ സാവകാശം കാരണം കാണിക്കല്‍ നോട്ടിസില്‍ നല്‍കിയിട്ടുണ്ട്. വിസിമാര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ഗവര്‍ണര്‍ കേള്‍ക്കണം. വിശദീകരണം കേള്‍ക്കാതെ കടുത്ത നടപടി എടുക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനു ശേഷം ചാന്‍സലര്‍ക്ക് നടപടിയെടുക്കാമെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: