കോഴിക്കോട്: മുഖ്യമന്ത്രി സിപിഎം അണികളെ കാണിച്ച് ഗവര്‍ണറെയും ഭരണഘടനയേയും വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സിപിഎമ്മിന്റെ സെക്രട്ടറി പറയുന്നത് പോലെയാണ് പിണറായി വിജയന് സംസാരിക്കുന്നത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാതെ സംസാരിക്കുന്നത് ഗവര്‍ണറല്ല മുഖ്യമന്ത്രിയാണെന്നും കെ.സുരേന്ദ്രന് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങളെ അണിനിരത്തി ഗവര്‍ണറെ നേരിടുമെന്നല്ല നിയമപരമായി ഗവര്‍ണര്‍ ഉയര്‍ത്തുന്ന നിയമ പ്രശ്നം നേരിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. ഭരണഘടനയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി. ധാര്‍മ്മികതയില്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രിക്ക് സിപിഎമ്മുകാരെ അണിനിരത്തി യുദ്ധം പ്രഖ്യാപിക്കേണ്ടി വരുന്നത്. ജനങ്ങളെ തെരുവിലിറക്കി രാജ്ഭവന് വളയാന്‍ പോയാല്‍ ഗവര്‍ണര്‍ അനാഥനാണെന്ന് മുഖ്യമന്ത്രി കരുതരുത്.
അധാര്‍മ്മികമായ കാര്യങ്ങള്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. പാര്‍ട്ടി നേതാക്കളുടെ ഭാര്യമാരെയും ശില്‍ബന്ധികളെയും അനധികൃതമായി നിയമിക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ്. ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ഗവര്‍ണര്‍ ചെയ്യുന്നത്. സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എല്ലാ സര്‍വ്വകലാശാലകള്‍ക്കും ബാധകമാണെന്ന് കെ.സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു. യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമിച്ച എല്ലാ വിസിമാരെയും മാറ്റണം. ചാന്‍സിലര്‍ക്കാണ് വൈസ്ചാന്‍സിലര്‍മാരെ നിയമിക്കാന്‍ അധികാരം. യോഗ്യതയില്ലാത്തവരെ മാറ്റേണ്ടതിന്റെ ഉത്തരവാദിത്വവും ചാന്‍സിലര്‍ക്കാണ്. മുഖ്യമന്ത്രിയാണ് അമിതാധികാരം പ്രയോഗിക്കുന്നത്. ചാന്‍സിലറുടെ അധികാരത്തില്‍ മുഖ്യമന്ത്രി കടന്നാക്രമണം നടത്തുകയാണ്. സുപ്രീംകോടതി വിധിയോടെ എല്ലാ അനധികൃത നിയമനങ്ങളും അസാധുവാകും. മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനം തരംതാണരീതിയിലുള്ളതാണ്. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.
യോഗ്യതയുള്ള ആളുകളെ മാറ്റി നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വൈസ് ചാന്‍സിലര്‍ നിയമനം മുതല്‍ പ്യൂണ്‍ നിയമനം വരെ നടത്തുന്നത് എകെജി സെന്ററിലാണ്. മന്ത്രി പി.രാജീവ് ഉത്തര്‍പ്രദേശുകാരനായ ഗവര്‍ണര്‍ക്ക് കേരളത്തെ പറ്റി അറിയില്ലെന്നാണ് പറയുന്നത്. വിഭാഗീയമായ വാക്കുകളാണിത്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മന്ത്രിമാര്‍ ചെയ്യുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങളുടെ അഭിമാനം സംരക്ഷിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് പി.രഘുനാഥ്, ജില്ലാ ജനറല്‍സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: