ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നവമ്പറില്‍ ഇന്ത്യയില്‍ എത്തും. ഉക്രൈന്‍-റഷ്യ യുദ്ധവും യുഎസ് നേതൃത്വത്തില്‍ നേറ്റോ രാജ്യങ്ങളുടെ വന്‍ കരുനീക്കങ്ങളും നടക്കുന്ന ആഗോള സാഹചര്യത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു.
റഷ്യയില്‍ നിന്നുള്ള എണ്ണ പാടെ ഒഴിവാക്കാന്‍ യുറോപ്യന്‍ രാഷ്‌ട്രങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ സൗദിയിലെത്തി അപേക്ഷിച്ചിട്ടും അമേരിക്കയുടെ ആവശ്യം തള്ളിക്കളഞ്ഞ സൗദി കിരീടാവകാശിയ്‌ക്കെതിരെ യൂറോപ്പിലും അമേരിക്കയിലും രോഷം ഉയരുകയാണ്. അതിനിടയിലാണ് മോദി മുഹമ്മദ് ബിന്‍ സല്‍മാനെ ക്ഷണിച്ചതെന്നതും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ പ്രവാചകനിന്ദ ആരോപിച്ച് മോദിയെ പ്രതിരോധത്തിലാക്കാനുള്ള ഇസ്ലാമിക തീവ്രവാദശക്തികളുടെയും പ്രതിപക്ഷത്തിന്റെയും ഗൂഢനീക്കങ്ങള്‍ക്കുള്ള മറുപടി കൂടി മോദി നല്‍കുന്നത്.
നവമ്പര്‍ മധ്യത്തില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പോകുന്ന വഴിയാകും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുക.
നവമ്പര്‍ 14ന് രാവിലെ ദല്‍ഹിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ അന്നുതന്നെ വൈകുന്നേരത്തോടെ ബാലിയിലേക്ക് തിരിക്കും. സെപ്തംബറിലാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വഴി സൗദി കിരീടാവകാശിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: